കൊച്ചി:
മുന്‍ ധാരണപ്രകാരം സ്ഥാനമൊഴിയാത്ത കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ആറംഗ വനിത കൗണ്‍സിലര്‍മാര്‍ രംഗത്ത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വികെ മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ കൗൺസിലർമാരാണ് സൗമിനി ജെയിൻ സ്ഥാനമൊഴിയണമെന്നും അല്ലാത്തപക്ഷം കെപിസിസിയിലും പ്രതിപക്ഷ നേതാവിനോടും നേരിട്ട് ആവശ്യപ്പെടുമെന്നും മാധ്യമങ്ങളെ അറിയിച്ചത്.
രണ്ടര വർഷത്തിനു ശേഷം അധ്യക്ഷ പദത്തിലുള്ളവർ സ്ഥാനം ഒഴിയുമെന്നായിരുന്നു മുൻ ധാരണ. എന്നാല്‍ മകളുടെ വിവാഹം ആയതിനാല്‍ അതു കഴിഞ്ഞ് സ്ഥാനമൊഴിയാമെന്നായിരുന്നു സൗമിനി സ്വീകരിച്ച നിലപാട്. ഇത് അംഗീകരിച്ചെങ്കിലും, പിന്നീട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും കണക്കിലെടുത്ത് വീണ്ടും കാലാവധി നീട്ടുകയായിരുന്നു.
എന്നാല്‍, ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനമൊഴിയാന്‍ സൗമിനി വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ്, വനിതാ കൗണ്‍സിലര്‍മാര്‍ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
“മേയർ കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നതു കൊണ്ടാണ് മാറാൻ ആവശ്യപ്പെടുന്നതെന്നു പറയുന്നതിൽ കാര്യമില്ല. മുൻ ധാരണപ്രകാരമാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. നഗരസഭയിൽ യുഡിഎഫിന് വീണ്ടും ഭരണം ലഭിച്ചത് ജനങ്ങൾക്ക് വിശ്വാസമുള്ളതിനാലാണ്. ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും” വികെ മിനിമോള്‍ പറഞ്ഞു.
ഭരണ കാലാവധിയുടെ അവസാന വർഷങ്ങൾ കാര്യമായി പ്രവർത്തിക്കേണ്ട സമയമാണ്. ഇവിടെ മേയറെ മാത്രം മോശക്കാരിയാക്കി മാറ്റി നിർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
നിലവിൽ മേയറെ മാറ്റുന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുകയാണ്. അന്തിമ തീരുമാനം എടുക്കുന്നതിന് രാഷ്ട്രീയകാര്യസമിതി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയെ ഏൽപിച്ചിരിക്കുകയാണ്. ഇതിനിടെ ആരായിരിക്കണം ഡപ്യൂട്ടി മേയർ എന്ന കാര്യത്തിലും തീരുമാനമാകാനുണ്ട്.
വിഎം സുധീരനും, എംഎം ഹസനും, കെവി തോമസും സൗമിനി ജെയിനിനു വേണ്ടി വാദിക്കുന്നത് മുല്ലപ്പള്ളിയെ സമ്മർദത്തിൽ ആക്കിയിരിക്കുകയാണ്. അതിനാല്‍, രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന നിലപാടാണ് കെപിസിസി പ്രസിഡന്‍റ് സ്വീകരിച്ചത്.
വികെ മിനിമോൾ കൂടാതെ, ഐ ഗ്രൂപ്പ് അംഗങ്ങളായ ആർ ഷമിന, ഗ്രേസി ബാബു ജേക്കബ്, മാലിനി, സാകൃത സുരേഷ് ബാബു, എ ഗ്രൂപ്പ് അംഗം ദലിന പിൻഹീറൊ എന്നിവരാണ് മേയറുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.