Sun. May 5th, 2024
റിയാദ്:

ഇറുകിയ വസ്ത്രങ്ങൾ ധരിക്കുകയോ, പൊതുസ്ഥലങ്ങളിൽ വച്ച് പരസ്യമായി ചുംബിക്കുകയോ ചെയ്താൽ വിനോദസഞ്ചാരികൾക്കും കനത്ത പിഴ നൽകേണ്ടി വരുമെന്ന് സൗദി അറേബ്യ. വിദേശത്ത് നിന്നും സൗദിയിലേക്ക് വരാനുള്ള വിനോദസ‍ഞ്ചാരികളുടെ ടൂറിസ്റ്റ് വിസ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം പുറപ്പെടുവിച്ചു 24 മണിക്കൂർ കഴിയും മുൻപെയാണ് സൗദിയുടെ പുതിയ തീരുമാനം.

പിഴയീടാക്കാനായി, സൗദിയുടെ ആഭ്യന്തരമന്ത്രാലയം 19 നിയമലംഘനങ്ങൾ രൂപപ്പെടുത്തി വച്ചിട്ടുണ്ട്. എന്നാൽ, ഓരോന്നിനും എത്ര രൂപയാണ് പിഴ കണക്കെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല.

നേരത്തെ, അരാംകോയുടെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും എണ്ണപ്പാടത്തിന് നേരെയും ഉണ്ടായ ആക്രമണത്തിന് ശേഷം സാമ്പത്തികമായ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് സൗദി. എണ്ണക്കയറ്റുമതിയിൽ അധിഷ്ഠിതമായിരുന്ന ഒരു സാമ്പത്തിക വ്യവസ്ഥയുള്ള ഭരണകൂടമെന്ന നിലയ്ക്ക്, ഈ പ്രശ്നത്തിൽ നിന്നും കരകയറുവാൻ, പുതിയ ടൂറിസ്റ്റ് വിസകൾ നൽകാൻ സൗദി തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇതിനു പിന്നാലെയാണ് വസ്ത്ര ധാരണ, പെരുമാറ്റ ചട്ടങ്ങളെ സംബന്ധിച്ച ഉത്തരവ് വന്നിരിക്കുന്നത്.

”എല്ലാ സ്ത്രീകളും പുരുഷൻമാരും മാന്യതയുള്ള വസ്ത്രം ധരിച്ച് മാത്രമേ സൗദി മണ്ണിൽ പുറത്തിറങ്ങി നടക്കാവൂ. പൊതുസ്ഥലങ്ങളിൽ വച്ച് സ്നേഹപ്രകടനങ്ങൾ അരുത്. സ്ത്രീകൾക്ക് മാന്യമായ വസ്ത്രങ്ങൾ ധരിക്കാം”, സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യത്തെത്തുന്നവർ അബായ വസ്ത്രം നിർബന്ധമായും ധരിക്കണമെന്നില്ല. മാന്യമാകണം വസ്ത്രമെന്ന് മാത്രമെയുള്ളുവെന്നും പൊതുസ്ഥലങ്ങളിലെ പെരുമാറ്റരീതികളുമായി ബന്ധപ്പെട്ടു സൗദിയിൽ നിലനിൽക്കുന്ന നിയമങ്ങളെ കുറിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ധാരണയുണ്ടാകാനാണ് ഈ പ്രസ്താവനയെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം നിലവിൽ വന്ന ഓൺ അറൈവൽ വിസ സംവിധാനത്തിന്റെ പ്രഥമഘട്ടത്തിൽ 49 രാജ്യങ്ങള്‍ക്കാണ് ഓണ്‍ അറൈവല്‍‌ വിസ നൽകുക.

മൂന്നൂറ് റിയാല്‍ വിസ ചാര്‍ജും 140 റിയാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസയെടുക്കാം. ഓണ്‍ലൈനായോ, വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളില്‍ ഇതിനായി മെഷീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, ഇസ്ലാം ഇതര വിശ്വാസികള്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശനം അനുവദിച്ചിട്ടില്ല. ആറുമാസമായിരിക്കും ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് രാജ്യത്ത് തങ്ങാനാവുക. എങ്കിലും, മൂന്ന് മാസം കഴിയുന്ന മുറയ്ക്ക് എന്‍ട്രി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലാകും ഓണ്‍ അറൈവൽ വിസ അവസരം നല്‍കുകയെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചു.

യൂറോപ്പിനേയും വികസിത ഏഷ്യന്‍ രാജ്യങ്ങളേയുമാണ് ആദ്യ ഘട്ടത്തിൽ ടൂറിസം വിസയിലൂടെ സൗദി ലക്ഷ്യം വെക്കുന്നത്.

One thought on “‘സഞ്ചാരികളും ചട്ടമനുസരിച്ച് വസ്ത്രം ധരിക്കണം’; നിയമങ്ങൾ കടുപ്പിച്ച് സൗദി അറേബ്യ”