കൊച്ചി:
പിറവം പള്ളിയില്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുർബാന നടത്തി. പള്ളിയില്‍ ഞായറാഴ്ചകളിൽ പ്രാർത്ഥന ചൊല്ലാൻ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നേരെത്തെ തന്നെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പോലീസ് സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത്.
അതേസമയം, റോഡിലിനരുകിൽ നിന്ന് കുർബാന ചൊല്ലിയായിരുന്നു യാക്കോബായ വിഭാഗം പ്രതിഷേധിച്ചത്.
പള്ളി പരിസരത്തിൽ രാവിലെ, യാക്കോബായ വിശ്വാസികളുടെ ചെറിയ രീതിയിലുള്ള പ്രതിഷേധ തടയലുകൾ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ഫാ.സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ഥനക്കായി എത്തിയത്.
നേരത്തെ, 1934-ലെ ഭരണഘടന അംഗീകരിക്കുന്ന ഏത് വിശ്വാസികള്‍ക്കും പ്രാര്‍ഥനയില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിയിരുന്നു.
പള്ളിയുടെ നിയന്ത്രണം കളക്ടര്‍ക്കാണ് നൽകിയിട്ടുള്ളത്.
കുര്‍ബാനയ്‌ക്കെത്തുന്ന വിശ്വാസികളെ തടയാനോ ക്രമസമാധാനപ്രശ്‌നമുണ്ടാക്കാനോ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ, പോലീസ് എത്തി അവരെ പിടികൂടണമെന്നും സിവില്‍ ജയിലിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
സുപ്രീംകോടതിയുടെ തീർപ്പുണ്ടായിട്ടും പിറവം പള്ളിയില്‍ പ്രവേശിക്കാനോ ആരാധന നടത്താനോ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇതിനു പിന്നാലെയാണ്, രണ്ട് ദിവസം മുമ്പ് പള്ളിയുടെ നിയന്ത്രണം യാക്കോബായ വിശ്വാസികളില്‍ നിന്ന് ജില്ലാ കളക്ടര്‍ ഏറ്റെടുത്തത്.