വെബ് ഡെസ്‌ക്:
വാത്സ്യായനന്റെ കാമസൂത്രയെ ആധാരമാക്കി നിര്‍മിക്കുന്ന വെബ്സീരീസില്‍ ബോളിവുഡ് ഗ്ലാമര്‍താരം സണ്ണി ലിയോണ്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏക്താ കപൂര്‍ നിര്‍മിക്കുന്ന വെബ് സീരീസില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ സമ്മതം മൂളിയെന്നാണ് സൂചന.
നേരത്തേ ഏക്താ കപൂര്‍ നിര്‍മിച്ച രാഗിണി എംഎംഎസ്-2 എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഈ അടുപ്പമാണ് പുതിയ കാമസൂത്ര വെബ് സീരീസിലേക്ക് സണ്ണി ലിയോണിനെ എത്തിച്ചതെന്നാണ് സൂചന. രാഗിണി എംഎംഎസ് റിട്ടേണ്‍സ് എന്ന പേരില്‍ ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി പ്രൊഡക്ഷന്‍സ് 12 എപ്പിസോഡുകളുള്ള വെബ് സീരീസും നിര്‍മിച്ചിരുന്നു.
കാമസൂത്ര വെബ്‌സീരീസിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ടെങ്കിലും വാര്‍ത്തയെ സംബന്ധിച്ച് നിര്‍മാതാവോ താരമോ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തു വിട്ടിട്ടില്ല. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ വെബ് സീരീസ് പുറത്തിറങ്ങുന്നതിനൊപ്പം ഇതിന്റെ ഇംഗ്ലീഷ് പതിപ്പും പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലീഷ് പതിപ്പിലാകും സണ്ണി ലിയോണ്‍ അഭിനയിക്കാന്‍ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
പതിമൂന്നാം നൂറ്റാണ്ടില്‍ വാത്സ്യായന മഹര്‍ഷി രചിച്ച കാമസൂത്ര എന്ന സംസ്‌കൃത ഗ്രന്ഥത്തെ ആധാരമാക്കി നിരവധി സിനിമകള്‍ നേരത്തേ പുറത്തു വന്നിട്ടുണ്ട്. 1996ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത കാമസൂത്ര, എ ടെയ്ല്‍ ഓഫ് ലവ് എന്ന ചലചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമായിരുന്നു. കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട ചലച്ചിത്രമേളകളിലും കാമസൂത്ര വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. രേഖ, ഇന്ദിരാ വര്‍മ്മ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലും ചിത്രത്തിന്റെ ഡബിംഗ് പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു.
കാമസൂത്ര എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിരവധി ചിത്രങ്ങള്‍ മറ്റു പേരുകളില്‍ വ്യത്യസ്ഥ കഥാ പശ്ചാത്തലങ്ങളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഗുഡ്‌ലക്ക് ചക്(2007), ദി ഇംഗ്ലീഷ് പേഷ്യന്റ്(1996), ഹെയര്‍(1979) തുടങ്ങിയവ കാമസൂത്ര എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചവയാണ്.
കരണ്‍ജിത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസാണ് സണ്ണി ലിയോണിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്നത്. സീ ഫൈവ് നിര്‍മിച്ച ഈ വെബ്‌സീരീസ് സണ്ണി ലിയോണിന്റെ തന്നെ ബയോ പിക്കാണ്. ഒരു പോണ്‍ താരം വളര്‍ന്ന് പിന്നീട് ബോളിവുഡ് താരമായി മാറിയ കഥയാണ് പരമ്പര പറയുന്നത്.
നീലചിത്രങ്ങളിലെ തിരക്കേറിയ താരമായിരുന്ന സണ്ണിലിയോണ്‍ 2011ല്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി രംഗത്തെത്തിയതോടെയാണ് മുഖ്യധാരയിലേക്കെത്തുന്നത്. 2012ല്‍ ജിസം ടു എന്ന ചിത്രത്തിലെ ഗ്ലാമര്‍ വേഷത്തിലൂടെ ബോളിവുഡില്‍ തിളങ്ങി. വീരമാ ദേവി എന്ന ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിലെ ടൈറ്റില്‍ റോളിലൂടെ തമിഴിലും മഥുരരാജയിലെ ഐറ്റം ഡാന്‍സിലൂടെ മലയാളത്തിലും സണ്ണി ലിയോണ്‍ അരങ്ങേറ്റം കുറിച്ചു. രംഗീല എന്ന മലയാള സിനിമയിലെ നായികയായി രംഗത്തെത്തുന്നതും സണ്ണി ലിയോണ്‍ തന്നെയാണ്.