Wed. Dec 18th, 2024
പത്തനംതിട്ട:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് വിജയിക്കുമെന്ന് കരുതിയല്ലെന്ന് അടൂര്‍ പ്രകാശ് എംപി. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് അന്നു മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോന്നിയിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ തന്റെ നിര്‍ദേശം പാര്‍ട്ടി അവഗണിച്ചതിലുള്ള അതൃപ്തിയും അടൂര്‍ പ്രകാശ് മറച്ചുവെച്ചില്ല.

കെപിസിസി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച കാര്യത്തില്‍ തനിക്കുള്ള അതൃപ്തി അടൂര്‍ പ്രകാശ് മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞു. കോന്നിയിലെ സ്ഥാനാര്‍ത്ഥി പി മോഹന്‍രാജാണെന്ന് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം തന്നെ അറിയിക്കാഞ്ഞതില്‍ അതൃപ്തിയുണ്ടെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താന്‍ നിര്‍ദ്ദേശിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയിലെ നിയുക്ത സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് പിന്തുണ അഭ്യര്‍ത്ഥിച്ച് തന്നെ കാണാന്‍ എത്തിയതായി അടൂര്‍ പ്രകാശ് സ്ഥിരീകരിച്ചു. അടൂര്‍ പ്രകാശിന്റെ വീട്ടിലെത്തിയാണ് മോഹന്‍രാജ് പിന്തുണ തേടിയത്. കോന്നിയിലെ പ്രചാരണം അടൂര്‍ പ്രകാശിനെ മുന്‍ നിര്‍ത്തിയായിരിക്കുമെന്നും മോഹന്‍രാജ് പറഞ്ഞു.

കാലങ്ങളായി തന്നെ വിജയിപ്പിച്ച കോന്നിയില്‍ തന്റെ പിന്‍ഗാമിയായി പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററിന്റെ പേരായിരുന്നു അടൂര്‍ പ്രകാശ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ പത്തനംതിട്ട ഡിസിസി ശക്തമായി എതിര്‍ത്തു. ഇതിനു പുറമേ കെപിസിസി സെക്രട്ടറി പഴകുളം മധുവും അടൂര്‍ പ്രകാശിന്റെ നിര്‍ദേശത്തിനെതിരായി രംഗത്തു വന്നു. തുടര്‍ന്ന് പരസ്യമായ വാക്‌പോരിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങുകയും ചെയ്തിരുന്നു. സ്വന്തം നിലപാടില്‍ അടൂര്‍ പ്രകാശ് ഉറച്ചു നിന്നെങ്കിലും ഡിസിസി നേതൃത്വവും കെപിസിസിയിലെ ഒരു വിഭാഗവും ചേര്‍ന്ന് പ്രകാശ് മുന്നോട്ടു വെച്ച നിര്‍ദേശങ്ങളെല്ലാം അട്ടിമറിക്കുകയായിരുന്നു. പത്തനംതിട്ട ഡിസിസി നിര്‍ദേശിച്ച പി മോഹന്‍ രാജിന്റെ പേരാണ് ഏറ്റവുമൊടുവില്‍ പാര്‍ട്ടി നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയത്. റോബിന്‍ പീറ്ററിനെതിരായ എസ്എന്‍ഡിപിയുടെ എതിര്‍പ്പിനെക്കുറിച്ചും അടൂര്‍ പ്രകാശ് പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *