കോട്ടയം:
പാലായിൽ 1965നു ശേഷം ചുവന്ന കൊടി വീശി. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വിജയിച്ചത് 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. 54137 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ യുഡിഎഫിന്റെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി 18044 വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്തേക്കും പോയി.
മുമ്പത്തെ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി.കാപ്പന് കൈകൊടുക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായി കെ എം മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കും.
കെ എം മാണിയുടെ സ്വന്തം മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ആദ്യം മുതൽ അന്ത്യം വരെ കാപ്പന്റെ വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്താന്‍ സാധിക്കാത്തത് കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത നാണക്കേടുണ്ടാക്കി. പാലായില്‍ മൂന്ന് തവണ കെ എം മാണിയോട് ഏറ്റുമുട്ടി തോറ്റെങ്കിലും മാണി സി.കാപ്പന് ഓരോ തവണയും ഭൂരിപക്ഷം കുറച്ച് കൊണ്ട് വരാന്‍ സാധിച്ചിരുന്നു. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുകകൂടി ചെയ്തിരിക്കുന്നു. നീണ്ട കാലത്തെ മേഖലയിലെ ജനങ്ങളുമായുള്ള ബന്ധവും കേരള കോണ്‍ഗ്രസിലെ തമ്മിലടിയുംകൂടി ചേർന്നപ്പോൾ ഭാഗ്യം കാപ്പനെ തുണയ്ക്കുകയായിരുന്നു.
വെറും മാസങ്ങള്‍ക്ക് മുമ്പ് മാത്രം നടന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 33472 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പാലായില്‍ നേടിയത്. ഇത്, മറികടന്നാണ് കാപ്പന്‍ അപ്രതീക്ഷിത വിജയം സൃഷ്ടിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിൽ വച്ചായിരുന്നു വോട്ടെണ്ണല്‍ നടന്നത്. രാവിലെ എട്ട് മണിക്കാരംഭിച്ച വോട്ടെണ്ണല്‍ പന്ത്രണ്ടരയ്ക്ക് അവസാനിച്ചു.