Mon. Dec 23rd, 2024
#ദിനസരികള്‍ 892

 
വടിയുടെ പ്രത്യയശാസ്ത്രം എന്ന പേരില്‍ എം മുകുന്ദന്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്.- “ഒരു കാലത്ത് വടിക്ക് നമ്മുടെ നിത്യജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു. വടിയില്ലാത്ത വീടുകള്‍ അപൂര്‍വ്വമായിരുന്നു. പല വീടുകളിലേയും ഇറയത്ത് അച്ഛന്‍ ഒരു വടി തിരുകി വെച്ചിട്ടുണ്ടാകും. എന്റെ വീടിന്റെ ഇറയത്തുമുണ്ടായിരുന്നു ഒരെണ്ണം കുറുക്കുട്ടിമരത്തിന്റെ ഇല കളഞ്ഞ കമ്പായിരുന്നു അത്. വളച്ച് അമ്പു (വില്ല് എന്നായിരിക്കും ഉദ്ദേശിച്ചത്) പോലെയാക്കിയാലും ഒടിയുകയില്ല. അയല്‍പക്കത്തെ പുരയിലും ഞാന്‍ അത്തരമൊരു വടി കണ്ടിരുന്നു. കുട്ടികളെ തല്ലി നേരെയാക്കുവാനാണ് ഈ വടികള്‍” എന്ന് ആരംഭിക്കുന്ന പ്രസ്തുത ലേഖനം അടിക്കുന്ന അച്ഛനമ്മമാരിലൂടെ അധ്യാപകരിലൂടെ സാഹിത്യവിമര്‍ശകരിലൂടെയൊക്കെ കയറിയിറങ്ങിപ്പോകുന്നു. വടികളില്ലാത്ത വിദ്യാലയങ്ങളും സാഹിത്യപ്പുരകളും നമുക്കുണ്ടാകുമോയെന്നും അങ്ങനെയുണ്ടായാല്‍ നമ്മള്‍ രക്ഷപ്പെടുമോയെന്നും ആരായുന്ന മുകന്ദന്‍ വടി വടിവാളാകുന്ന കാലത്താണ് നാം ജീവിച്ചു പോകുന്നതെന്നും സൂചിപ്പിച്ചുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

എന്തായാലും മുകുന്ദന്റെ ലേഖനം, അടിച്ചാല്‍ കുട്ടി നന്നാകുമോയെന്ന ചോദ്യം ഉന്നയിക്കുന്നുവെങ്കിലും നിഷ്കൃഷ്ടമായ ഒരുത്തരം അവതരിപ്പിക്കുന്നില്ല. അപ്പോള്‍പ്പിന്നെ വായനക്കാര്‍ക്ക് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരന്വേഷണം നടത്തുക എന്നതല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. നന്നാവുക എന്നത് തീര്‍ത്തും വിലക്ഷണവും ആപേക്ഷികവുമായ ഒരു അമൂര്‍ത്ത ആശയമാണ് എന്നതിനാല്‍ അത്തരമൊരു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതുതന്നെ മൌഢ്യമാണെന്നാണ് എന്റെ അഭിപ്രായം.

സ്കൂള്‍ കാലത്തിന്റെ എട്ടുവര്‍ഷങ്ങളാണ് എന്നെ സംബന്ധിച്ച് അടിക്കാലമായി മനസ്സിലുള്ളത്. ഞാന്‍ പഠിച്ച വാളാട് ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഒന്നാം ക്ലാസിലേക്കുള്ള ആദ്യ ദിവസംതന്നെ വടിയെക്കുറിച്ചുള്ള ഓര്‍മ്മയും തുടങ്ങുന്നു. സ്കൂളില്‍ കൊണ്ടുവിട്ട് അമ്മ മടങ്ങുമ്പോള്‍ മുതല്‍ കരയാനാരംഭിക്കുന്ന കുട്ടിയെ വടികാണിച്ച് “ ഭയപ്പെടുത്തി”യാണ് ചില അധ്യാപകര്‍ കരച്ചിലടക്കിയിരുന്നത്. ഞങ്ങളെ പഠിപ്പിച്ച മുണ്ട്യാടി മാഷും സോമന്‍ മാഷും കൈയ്യില്‍ വടി കരുതിയിരുന്നു. പക്ഷേ മുണ്ട്യാടി മാഷ് ആരെയെങ്കിലും അടിച്ചതായി ഓര്‍മ്മയില്ല. അടിക്കും അടിക്കും എന്ന ഭീഷണി പക്ഷേ എപ്പോഴും തലയ്ക്കുമുകളിലുണ്ടായിരുന്നുവെന്ന് മാത്രം. എന്നാല്‍ സോമന്‍ മാഷും ലീല ടീച്ചറുമൊക്കെ ചെറിയ തോതിലൊക്കെ അടിക്കുമായിരുന്നു. അടി പലപ്പോഴും പഠിക്കാത്തതുകൊണ്ടല്ലെന്നതാണ് രസം. ക്ലാസിലേക്കു കടന്നു വരുന്ന വലിയ തേരട്ടയെ തോണ്ടി പെണ്‍കുട്ടികളുടെ ഇടയിലേക്ക് ഇട്ടതിനോ അല്ലെങ്കില്‍ അപ്പുറത്തെ മാവിലേക്ക് കല്ലെറിഞ്ഞതിനോ മറ്റെന്തെങ്കിലും വികൃതിയുടെ പേരിലോ മറ്റോ ആയിരിക്കുമെന്ന് മാത്രം.

സ്കൂള്‍ക്ലാസുകള്‍ ഉയരുന്നതിനനുസരിച്ച് അടികിട്ടിയിട്ടുമുണ്ട്. എന്തെങ്കിലും കാരണം കണ്ടെത്തി തല്ലാന്‍ തയ്യാറായി വരുന്ന ഹിന്ദിമാഷ് വേണുസാര്‍, അടിച്ചില്ലെങ്കില്‍ അധ്യാപകനാകില്ലെന്ന് കരുതുന്ന രാജന്‍ സാര്‍ അങ്ങനെ എത്രയോ പേര്‍. ഈ വേണുമാഷാണ് കൂട്ടത്തിലെ താരം. അദ്ദേഹം ആഴ്ചയിലൊരിക്കല്‍ സ്കൂളിലേക്ക് പോകുന്നത് എന്റെ വീടിന്റെ മുമ്പിലൂടെയാണ്. വഴിവക്കിലെങ്ങാനും അമ്മയെ കണ്ടാല്‍ എന്നെക്കുറിച്ചും അടിവാങ്ങിയതിനെക്കുറിച്ചും എന്തെങ്കിലുമൊന്ന് അമ്മയോട് പറയും. അടി കിട്ടിയെന്നോ മറ്റോ കേള്‍ക്കാന്‍ കാത്തിരിക്കുന്നപോലെയാണ് അമ്മയുടെ കാര്യം. സ്കൂളില്‍ പോകുന്നത് അടിമേടിക്കാനാണോടാ എന്നു ചോദിച്ചു കൊണ്ട് അമ്മയുടെ വകയും ഉറപ്പാണ്. അമ്മയുടെ അടി കുറുന്തോട്ടിച്ചെടി കൊണ്ടാണ്. അത് അക്കാലത്ത് എല്ലാ സ്ഥലങ്ങളിലും ധാരാളമായി ഉണ്ടായിരുന്നു. പറിച്ചെടുക്കാനും വലിയ വിഷമമില്ല. ഇല കുറച്ച് ഊരിക്കളയും. ശാഖോപശാഖകളായി പരന്നു കിടക്കുന്ന ആ “വടി”കൊണ്ടുള്ള അടിയേറ്റാല്‍ നല്ല രസമാണ്. സാധാരണ വടികൊണ്ട് അടിക്കുന്നതുപോലെയല്ല. ഓരോ തുമ്പും കൊണ്ട് ശരീരമാകെ അടി കിട്ടിയ പ്രതീതിയായിരിക്കും. അതങ്ങനെ തിണര്‍ത്തു കിടക്കും.

ഹൈസ്കൂളിലേക്ക് എത്തിയപ്പോഴേക്കും കണക്കു പഠിപ്പിക്കാന്‍ രാജന്‍ സാര്‍ വന്നു. ഞങ്ങള്‍ അദ്ദേഹത്തെ കാലന്‍ രാജന്‍ എന്ന് സ്നേഹത്തോടെ വിളിച്ചു. നല്ല ഒന്നാന്തരം ചൂരല്‍ വടിയും കൊണ്ടാണ് സാര്‍ ക്ലാസിലേക്ക് വരിക. വെറുതെ കൊണ്ടുവരുന്നതൊന്നുമല്ല. എല്ലാ ക്ലാസിലും കുട്ടികള്‍ക്ക് അടി ഉറപ്പായിരുന്നു. നീട്ടിപ്പിടിച്ച കൈയ്യിലേക്ക് സ്ഫടികത്തിലെ ചാക്കോ മാഷെപ്പോലെ ആഞ്ഞടിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരടി കിട്ടിയാല്‍പ്പിന്നെ രണ്ടു ദിവസത്തേക്ക് ആ കൈയ്യുകൊണ്ട് ഒന്നും ചെയ്യാനാകില്ല. ഇന്ന് ഇടത്തേ കൈയ്ക്കാണ് അടിച്ചതെങ്കില്‍ നാളെ മാഷ് വലത്തേ കൈയ്യിലേ അടിക്കുകയുള്ളു എന്നൊരു ഔദാര്യം ചെയ്തുതരും.

അലക്സാണ്ടര്‍ മാഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അടിയെ സംബന്ധിച്ചുള്ളതല്ല. നുള്ളാണ് മാഷിന്റെ പരിപാടി. ഭിത്തിയിലെ മണല് തള്ള വിരലിലും ചൂണ്ടുവിരലിലും പറ്റിച്ച് അകംതുടയില്‍ മാഷൊരു പിടിപിടിക്കും. വേദനകൊണ്ട് കുട്ടികള്‍ കാല് സൈക്കിള്‍ ചവിട്ടുന്നതുപോലെ കറക്കാന്‍ തുടങ്ങും. മാഷാകട്ടെ കുട്ടി പഠിക്കാതെ വന്ന ഭാഗം ഒരു പ്രത്യേക ഈണത്തില്‍ ചൊല്ലാനുമാരംഭിക്കും. അതു കഴിയുന്നതുവരെ ഈ പിടുത്തം മാഷ് വിടില്ല. പല കുട്ടികളും ക്ലാസില്‍ മൂത്രമൊഴിച്ചിട്ടുണ്ടെന്നതാണ് സത്യം. വര്‍ക്കിമാഷ്, കുഞ്ഞികൃഷ്ണന്‍ മാഷ്, ദാമോദരന്‍ മാഷ് എന്നിവരൊക്കെ അടിക്കുമായിരുന്നെങ്കിലും അടി ഭീകരന്മാരായിരുന്നില്ല. കുഞ്ഞികൃഷ്ണന്‍മാഷുടെ ക്ലാസിലൊക്കെ കഴിയുന്നത്ര പഠിച്ചു തന്നെയാണ് പോകാറുള്ളത്. എന്നാലും ഒന്നോ രണ്ടോ തവണ അടികിട്ടിയിട്ടുണ്ട്.

വര്‍ക്കിമാഷ് പക്ഷേ അങ്ങനെയൊന്നും തല്ലാറില്ല. തല്ലിയാല്‍ കുറച്ചു ദിവസത്തേക്ക് കക്കൂസില്‍ പോകാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. കാരണം മാഷ് ചന്തിയിലാണ് തല്ലുക. നല്ല ചൂരല്‍ വടികൊണ്ട് ചന്തിയില്‍ അടികിട്ടിയാല്‍ അതങ്ങനെ പൊള്ളിക്കിടക്കും. ഇരിക്കാനും കിടക്കാനും നടക്കാനും പറ്റാത്ത അവസ്ഥ. ഒരു തവണയോ മറ്റോ അത്തരത്തിലൊന്ന് കിട്ടിയിട്ടുണ്ട്. പിന്നീട് അതേ സുഖമുള്ള അടി കിട്ടിയത് പോലീസിന്റെ കൈയ്യില്‍ നിന്നാണ്. അവരുടെ ലാത്തിയും മാഷിന്റെ ലാത്തിയും ഏകദേശം തുല്യമാണ്. പോലീസിന്റേതിന് കുറച്ച് വണ്ണം കൂടുമെന്ന് മാത്രം!

ഒരു കാര്യം കൂടി ഇക്കൂട്ടത്തില്‍ പറയട്ടെ. ഇന്ന് കുട്ടിയെ തല്ലിയെന്ന പേരില്‍ അധ്യാപകനെ തിരിച്ചു തല്ലുന്ന രക്ഷിതാക്കളെക്കുറിച്ച് നാം കേള്‍ക്കുന്നു.കുട്ടികളെ അടിക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കാറില്ല. അന്ന് പക്ഷേ അധ്യാപകന്‍ തല്ലിയെന്ന് കേട്ടാല്‍ ഒന്നുകൂടി തല്ലിക്കോ സാറേ എന്നായിരിക്കും അച്ഛനമ്മമാരുടെ പ്രതികരണം. അത് അധ്യാപകനോടുള്ള അവരുടെ വിശ്വാസ പ്രഖ്യാപനം കൂടിയാണ്. ഞങ്ങളുടെ കുട്ടികള്‍ നന്നാകാനാണ് – തല്ലിയാല്‍ നന്നാകുമോ എന്ന ചോദ്യം അവിടെയിരിക്കട്ടെ – തല്ലുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്ന് പക്ഷേ പഠിപ്പിക്കുയെന്നത് മനശാസ്ത്രപരമായ സമീപനം കൂടിയായിരിക്കുന്നു. പുതിയ രീതിശാസ്ത്രങ്ങള്‍ അതിനായി അവലംബിക്കപ്പെടുന്നു. അതുകൊണ്ട് കുട്ടികളെ തല്ലിപ്പഠിപ്പിക്കുക എന്നതൊരു പഴയ ആശയമായിരിക്കുന്നു.

എന്നാല്‍ വടി ഉപേക്ഷിക്കേണ്ടതാണെന്ന മുകുന്ദന്റെ അഭിപ്രായത്തോട് യോജിക്കുമ്പോള്‍ത്തന്നെ സാഹിത്യ വിമര്‍ശനത്തില്‍ നിന്നുകൂടി വടി ഒഴിവാക്കണമെന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ട്. നല്ല ഉദ്ദേശത്തോടെയുള്ള വിമര്‍ശനം കൃതിയുടെ കാമ്പിനെ പുറത്തുകൊണ്ടു വരാന്‍ സഹായിക്കുന്നു. ദുഷ്കൃതികളെ സമൂഹത്തില്‍ നിന്നും അകറ്റി നിറുത്തുവാന്‍ കാരണമാകുന്നു. ജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ധനാത്മകമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നു. കുട്ടികളെ പഠിപ്പിക്കാന്‍ മനഃശാസ്ത്രത്തിന്റെ സഹായത്തോടെ ആധുനികമായ വഴികള്‍ നാം കണ്ടെത്തിയതുപോലെ എഴുത്തുകാരനെ “നന്നാക്കാനും” പുതിയ വഴികള്‍ കണ്ടെത്തുന്ന ഒരു കാലം വരികയാണെങ്കില്‍ മാത്രം വിമര്‍ശകന്റെ കൈയ്യിലെ വടി താഴെവെയ്ക്കാമെന്ന് തോന്നുന്നു. ഈ വഴിക്കുള്ള മുകന്ദന്‍ ചിന്തകള്‍ നാം തുടരേണ്ടതുതന്നെ എന്ന കാര്യത്തില്‍ സംശയമില്ല.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *