അബുദാബി:
തങ്ങളുടെ ആദ്യ സഞ്ചാരിയെ ബഹിരാകാശത്തേക്കയയ്ക്കുന്ന സ്വപ്നം സാക്ഷാത്കരിച്ച് യുഎഇ. ഇതിനായി സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെട്ടു. ബഹിരാകാശത്ത് യുഎഇയുടെ സാന്നിധ്യമറിയിക്കാൻ സഞ്ചരിക്കുന്ന ഇമറാത്തി പര്യവേക്ഷകൻ മൻസൂരിക്കൊപ്പം, നാടിന്റെ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടിയും ഉണ്ടായിരുന്നു. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് ആറ് മണിക്കൂർ സമയമെടുത്താണ് ഇവർ എത്തി ചേരുക. സോയുസ് എംഎസ് 15 പേടകമാണ് സഞ്ചാര വാഹനം. എട്ടു ദിവസമായിരിക്കും അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ കഴിയുക. ഭൂമിയുടെ ഏതാണ്ട് 400കിലോമീറ്റര്‍ മുകളിലുള്ള പരിക്രമണപഥത്തിലാണ് ഒരു ഫുട്‍ബോള്‍ ഗ്രൗണ്ടിനോളം വലിപ്പം വരുന്ന ബഹിരാകാശനിലയം. നിലവില്‍ ആറ് പേര്‍ അവിടെ താമസിക്കുന്നുണ്ട്.
7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസവുമുള്ള പേടകമാണ് സോയുസ് എംഎസ് 15. അടുത്തമാസം നാലിനായിരിക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ(ഐഎസ്എസ്) നിന്നും യാത്രികൻ ഹസ്സ അൽ മൻസൂറിയുടെ മടക്കം. ഇൻറർനാഷനൽ സ്‌പേസ് സെന്ററിൽ അറബ് ഭൂമികയിൽ നിന്നൊരാൾ ആദ്യമായി എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശമായി പുതു കാലത്തിന്റെ നക്ഷത്രമായ സുഹൈൽ എന്ന പാവക്കുട്ടിയെ അവിടെ സൂക്ഷിക്കും.
2017ൽ യുഎഇ വൈസ്പ്രസിഡന്‍റ് തങ്ങളുടെ ബഹിരാകാശ പദ്ധതിയെ പറ്റിയ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെയുണ്ടായ, ബഹിരാകാശസഞ്ചാരികളവാൻ താത്പര്യമുള്ളവർക്കുള്ള ക്ഷണത്തിൽ നിരവധി പേർ മുന്നോട്ടുവന്നു. അതില്‍നിന്ന്, ആദ്യം നാലായിരത്തോളം പേര്‍ അടങ്ങുന്ന ചുരുക്കപ്പട്ടികയും, പിന്നാലെ, ശേഷിക്കനുസരിച്ചു അവരില്‍നിന്ന് രണ്ടു പേരെയും തിരഞ്ഞെടുക്കുകയായിരുന്നു. അതിലൊരാളാണ് ഹസ്സ അൽ മൻസൂറി. സുല്‍ത്താന്‍ അല്‍ നയാദിയെന്ന മറ്റൊരാളെ ബാക്കപ്പ് ആസ്ട്രോനോട്ട് ആയിട്ടാണ് ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മനോട്ട് പരിശീലനകേന്ദ്രത്തിലാണ് ഇരുവർക്കും പരിശീലനം നല്‍കിയത്.