Thu. Apr 25th, 2024
കൊച്ചി:

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സംഘമെത്തി നാലു ഫ്‌ളാറ്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം വിഛേദിച്ചത്. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അപ്രതീക്ഷിതമായി ഒരേ സമയം നാലു ഫ്‌ളാറ്റുകളിലേക്കുമുള്ള വൈദ്യുതി വിഛേദിക്കുകയായിരുന്നു.

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു കെഎസ്ഇബിയുടെ രഹസ്യ ഓപ്പറേഷന്‍. ഫ്‌ളാറ്റുകള്‍ വളഞ്ഞ പോലീസ് സംഘം ഫ്‌ളാറ്റുടമകളെ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെയാണ് വൈദ്യുതി ബന്ധം വിഛേദിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെ സഹായിച്ചത്. ഫ്‌ളാറ്റുകളിലേക്കു വന്നവരെ പോലീസ് റോഡില്‍ തടയുകയും ചെയ്ത് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടായിരുന്നു വൈദ്യുതി ബന്ധം വിഛേദിച്ചത്.

സെപ്റ്റംബര്‍ 27ന് മുന്‍പായി ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള നടപടി കെഎസ്ഇബി തുടങ്ങിയത്. ഇന്ന് വൈദ്യുതി വിഛേദിക്കുമെന്നു കാണിച്ച് ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി നാലു ഫ്‌ളാറ്റുകളിലും നോട്ടീസ് പതിച്ചിരുന്നു. പോലീസ് സന്നാഹത്തോടെ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെട്ട സംഘമാണ് നേരം പുലരും മുന്‍പേ വൈദ്യുതി വിഛേദിച്ചത്.

ഇതിനെ തുടര്‍ന്ന് ഫ്ളാറ്റിനു മുന്നില്‍ ഉടമകള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഫ്ളാറ്റുകളില്‍നിന്നും ഇറങ്ങിക്കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷാ സന്നാഹവും പോലീസ് പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.

ഇത്രയും ദ്രോഹം ചെയ്യാന്‍ തങ്ങള്‍ എന്തു തെറ്റു ചെയ്തു എന്നാണ് ഫ്‌ളാറ്റുടമകള്‍ ചോദിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരായ തങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലേ എന്നും ഇവര്‍ ചോദിക്കുന്നു. രോഗികളായ പലരും ഈ ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളിലുണ്ട്. ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തുന്ന രോഗികളുണ്ട്. ഇത്രയും അനീതി എന്തിനാണ് തങ്ങളോട് കാണിക്കുന്നത്. തങ്ങളുടെ മനുഷ്യത്വപരമായ അവകാശങ്ങളെയാണ് ഉദ്യോഗസ്ഥര്‍ നിഷേധിക്കുന്നതെന്നും ഫ്‌ളാറ്റുടമകള്‍ പ്രതികരിച്ചു. അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചപ്പോള്‍ പലരും ലിഫ്റ്റില്‍ കുടുങ്ങിപ്പോയതായും ഫ്‌ളാറ്റിലുള്ളവര്‍ പറഞ്ഞു.

ഫ്‌ളാറ്റില്‍ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കൊന്നും സ്‌കൂളില്‍ പോകാനും കഴിഞ്ഞിട്ടില്ല. ഇരുട്ടിന്റെ മറവില്‍ വൈദ്യുതി വിഛേദിച്ചത് മനുഷ്യത്വ പരമായ നടപടിയല്ല. ഉദ്യോഗസ്ഥര്‍ അവരുടെ അനാസ്ഥ മറച്ചു വെയ്ക്കാന്‍ തങ്ങളെ ബലിയാടുകളാക്കുകയാണെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നു മണി മുതല്‍ തന്നെ പല തവണ വൈദ്യുതി ഇടവിട്ടിടവിട്ട് ഓഫും ഓണും ചെയ്തുകൊണ്ടിരുന്നതായും താമസക്കാര്‍ പറഞ്ഞു.

പതിനഞ്ചും ഇരുപതും നിലകളുള്ള ഈ പാര്‍പ്പിട സമുച്ചയങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചതോടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും എങ്ങനെയാണ് ഇത്രയും നിലകള്‍ ഉയരത്തിലേക്ക് കയറാനും ഇറങ്ങാനും സാധിക്കുക എന്നതും വലിയ ചോദ്യമാണ്. കുറെ ദിവസങ്ങളിലായി കടുത്ത മാനസിക സംഘര്‍ഷമാണ് ഇവിടത്തെ താമസക്കാര്‍ അനുഭവിച്ചു വരുന്നത്. ഇതിനിടയിലാണ് ഇന്ന് ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി കൂടി വിഛേദിച്ചത്. വൈകാതെ വാട്ടര്‍ കണക്ഷനും വിഛേദിക്കുമെന്ന അറിവ് വലിയ പ്രതിസന്ധിയാണ് ഇവിടെയുണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *