Wed. Nov 6th, 2024
തിരുവനന്തപുരം:

അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥനാര്‍ത്ഥികളെ സിപിഎം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഇടതുമുന്നണിയില്‍ സിപിഎമ്മിനുള്ളതാണ് ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചു സീറ്റുകളും.

കേരളം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ അഡ്വക്കേറ്റ് വി കെ പ്രശാന്തിനെ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും മേയര്‍ വി കെ പ്രശാന്തിന്റെ പേരാണ് മുന്നോട്ടു വെച്ചിരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിനു നല്‍കിയിരുന്ന പട്ടികയിലും ഒന്നാമത്തെ പേര് വി കെ പ്രശാന്തിന്റേതു തന്നെയായിരുന്നു. സംസ്ഥാന നേതൃത്വത്തിനും പ്രശാന്തിനോട് താല്പര്യമുണ്ടായിരുന്നു. ഇതോടെയാണ് പ്രശാന്തിനു തന്നെ നറുക്കു വീണത്.

മേയര്‍ എന്ന നിലയില്‍ ഇതുവരെ കാഴ്ചവെച്ച മികച്ച പ്രകടനവും പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി നടത്തിയ സഹായ പ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് വി കെ പ്രശാന്തിനുണ്ടാക്കിയത്. ഇക്കാര്യം പാര്‍ട്ടിയിലും വലിയ ചര്‍ച്ചയായിരുന്നു. ഘടകങ്ങളെല്ലാം അനുകൂലമായത് സാമുദായിക സമവാക്യങ്ങള്‍ക്കപ്പുറം പ്രശാന്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് ധൈര്യം നല്‍കി.

കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ യു ജനീഷ് കുമാറിനെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ തന്നെ സംസ്ഥാനത്തെ മറ്റൊരു വൈസ് പ്രസിഡന്റായ മനു സി പുളിക്കലാണ് സിപിഎം സിറ്റിങ് സീറ്റായ അരൂരിലെ സ്ഥാനാര്‍ത്ഥി.

എറണാകുളത്ത് പാര്‍ട്ടി പിന്തുണയുള്ള ഇടതു സ്വതന്ത്രനായി അഡ്വക്കേറ്റ് മനു റോയിയാണ് മത്സരിക്കുക. അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനായ മനു റോയ് ഹൈക്കോടതിയിലെ അഭിഭാഷകനാണ്. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന മനു ലോയേഴ്‌സ് യൂണിയന്‍ അംഗവുമാണ്.

സിപിഎം കാസര്‍കോട് ജില്ലാകമ്മറ്റിയംഗമായ എം ശങ്കര്‍ റൈയാണ് മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. അധ്യാപക സംഘടനാ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന നേതാവു കൂടിയാണ് ശങ്കര്‍ റൈ.
ബന്ധപ്പെട്ട ജില്ലാ കമ്മറ്റികളിലും മണ്ഡലം കമ്മറ്റികളിലും ചര്‍ച്ച ചെയ്തതിനു ശേഷമാണ് സംസ്ഥാന സെക്രട്ടിയേറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബൂത്തുതലം വലരെയുള്ള ഇലക്ഷന്‍ കമ്മറ്റികള്‍ രൂപികരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ അഞ്ചിനു മുമ്പ് പൂര്‍ത്തീകരിക്കും. ഇടതുമുന്നണിയിലെ സഖ്യ കക്ഷികളുടെയും മുന്നണിക്കൊപ്പം നില്‍ക്കുന്ന മറ്റുള്ളവരുടെയും പിന്തുണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. ഇവരെയെല്ലാം ഏകോപിപ്പിച്ചു കൊണ്ടുള്ള ഇലക്ഷന്‍ പ്രവര്‍ത്തനമായിരിക്കും അഞ്ചു മണ്ഡലങ്ങളിലും നടക്കുകയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ സി എച്ച് കുഞ്ഞമ്പുവിന്റെ പേര് സാധ്യതാ പട്ടികയിലുള്ളതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇന്നത്തെ പല പ്രമുഖ പത്രങ്ങളും അത് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇക്കാര്യത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടിയിലെ എല്ലാവിവരങ്ങളും നിങ്ങള്‍ക്കു കിട്ടില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇരുപതു ശതമാനം വിവരങ്ങളെങ്കിലും മാധ്യമങ്ങള്‍ക്കു കിട്ടാതെ ബാക്കിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

ഒക്ടോബര്‍ 21നാണ് കേരളത്തിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പു നടക്കുന്നത്. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ നാല് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴാണ്. 24നാണ് എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *