Sat. Nov 23rd, 2024
മുംബൈ:

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തി. ബാങ്കിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ദിവസം ആയിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ല എന്നാണ് ആര്‍ബിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. സെപ്റ്റംബര്‍ 23 മുതല്‍ ആറു മാസത്തേക്കാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം.

ഇതോടൊപ്പം പുതിയ ലോണുകള്‍ അനുവദിക്കുന്നതിനും ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നതിനും പിഎംസി സഹകരണബാങ്കിന് ആര്‍ബിഐയുടെ വിലക്കുണ്ട്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി പരിധിയില്‍ കൂടുതലാണെന്നു കാണിച്ചാണ് ആര്‍ബിഐയുടെ നിയന്ത്രണം.

നിഷ്‌ക്രിയ ആസ്ഥികള്‍ കുറച്ചു കാണിച്ചു എന്നും ബാങ്കിന് നയപരമായ വീഴ്ചകള്‍ സംഭവിച്ചു എന്നും ആര്‍ബിഐ ആരോപിക്കുന്നു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 1.05 ശതമാനത്തില്‍ നിന്ന് 2.19 ശതമാനമായി വര്‍ധിച്ചു എന്നാണ് റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍.

പണം പിന്‍വലിക്കാനുള്ള പരിധിയിലുള്ള നിയന്ത്രണം സേവിങ്‌സ് അക്കൗണ്ടിനും കറണ്ട് അക്കൗണ്ടിനും ഉള്‍പ്പെടെ ബാങ്കിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും ബാധകമാണ്.

ബാങ്കില്‍ നിലവിലുള്ള മൊത്തം നിക്ഷേപം 11,000 കോടി രൂപയാണ്. കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും ആര്‍ബിഐ ബാങ്കിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ ആസ്ഥികളൊന്നും നിയന്ത്രണം നിലവിലുള്ള ആറുമാസത്തേക്ക് വില്‍ക്കാനും കഴിയില്ല.

ആയിരം രൂപയില്‍ കൂടുതല്‍ പ്രതിദിനം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ ബാങ്കിലെ ആയിരക്കണക്കിന് ഇടപാടുകാരമാണ് പ്രതിസന്ധിയിലായത്. മുംബൈയിലെ ബ്രാഞ്ചുകള്‍ക്കു മുന്നില്‍ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. മുംബൈ നഗരത്തിലുള്ള ബാങ്കിന്റെ വിവിധ ശാഖകള്‍ക്കു മുന്നിലെത്തിയ പലരും കരയുന്നുമുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇടപാടുകാര്‍ക്കാണ് വലിയ തിരിച്ചടിയായത്.

ഇതിനിടെ ബാങ്കിന്റെ ചില ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഇതെല്ലാം മുംബൈയിലെ ബ്രാഞ്ചുകളില്‍ വൈകാരിക രംഗങ്ങള്‍ക്കാണ് വഴിയോരുക്കിയത്. പത്തു ലക്ഷം രൂപയുടെ ചെക്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയ ഒരു ബിസിനസുകാരന്‍ ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതറിഞ്ഞ് കുഴഞ്ഞുവീണു. ഇയാളുടെ വിതരണക്കാരന് നല്‍കേണ്ട പണം ആര്‍ബിഐ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയാതെ വരികയായിരുന്നു.

രാജ്യത്തെ പത്തു മികച്ച സഹകരണ ബാങ്കുകളില്‍ ഒന്നായിരുന്നു പിഎംസി ബാങ്കാണ് ആര്‍ബിഐ നടപടിയിലൂടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. 1984ല്‍ സ്ഥാപിച്ച പിഎംസി ബാങ്കിന് ഏഴ് സംസ്ഥാനങ്ങളിലായി 137 ശാഖകളുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ബാങ്കിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇതിനിടെ ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയതായും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ലൈസന്‍സ് റദ്ദാക്കിയതായുള്ള ആരോപണം വ്യാജമാണെന്നും ആറു മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ലൈസന്‍സ് റദ്ദാക്കുന്ന നടപടികളുടെ ഭാഗമല്ല പുതിയ നിയന്ത്രണങ്ങള്‍ എന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ മാറ്റം വരാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നിയന്ത്രണവിധേയമായി തുടര്‍ന്നും പിഎംസി ബാങ്കിന് പ്രവര്‍ത്തിക്കാമെന്നും ആര്‍ബിഐ വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും നിക്ഷേപകര്‍ക്ക് അറിയിപ്പ് നല്‍കാനും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആറുമാസത്തിനകം ബാങ്കിലെ എല്ലാ ക്രമക്കേടടുകളും പരിഹരിക്കുമെന്നും, എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതായും പിഎംസി ബാങ്ക് എംഡി ജോയ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും നൂറു കോടി രൂപയോളമാണ് പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ലാഭം നേടിയിരുന്നത്. 11 അക്കൗണ്ടുകളിലായി 110.75 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് ഇപ്പോള്‍ ബാങ്കിന് വന്നിരിക്കുന്നത്. നൂറു കോടിയിലധികം ലാഭമുണ്ടാക്കിയിരുന്ന ബാങ്കിന് 110.75 കോടിയുടെ നിഷ്‌ക്രിയ ആസ്തി വലിയ ബാധ്യതയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *