Mon. Dec 23rd, 2024
വെബ് ഡെസ്‌ക്:

മലയാള സിനിമയുടെ പെരുന്തച്ചനായ തിലകന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് ഏഴു വര്‍ഷങ്ങള്‍. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച തിലകന്‍. സൂക്ഷ്മമായ അഭിനയവും പരുക്കന്‍ ശബ്ദത്തിലുള്ള ഡയലോഗുകളും കൊണ്ട് തിലകന്‍ എന്ന നടന്‍ പടിപടിയായി മലയാളി പ്രേക്ഷകന്റെ മനസില്‍ തനിക്കായി ഒരു സിംഹാസനം പണിയുകയായിരുന്നു. നടനകല ശരീരത്തിലെ ഓരോ അണുവിലും ആവാഹിച്ച തിലകന് നടന്‍ അല്ലാതെ മറ്റൊന്നും ആകുവാനും കഴിയില്ലായിരുന്നു.

ഇപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന മലയോര പ്രദേശമായ അയിരൂരില്‍ 1935 ജൂണ്‍ 15നാണ് സുരേന്ദ്ര നാഥ തിലകന്‍ എന്ന പ്രതിഭയുടെ ജനനം. നാടകങ്ങളിലൂടെയാണ് തിലകന്‍ തന്റെ കലാ ജീവിതത്തിന് തുടക്കം കുറിച്ചത്. 1956ല്‍ ഇന്റര്‍ മീഡിയറ്റ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് മുഴുവന്‍ സമയ നാടക പ്രവര്‍ത്തകനായി മാറുകയായിരുന്നു തിലകന്‍. മുണ്ടക്കയം നാടക സമിതി എന്ന പേരില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന ഒരു നാടക സമിതി നടത്തുകയായിരുന്നു അന്ന് തിലകന്‍. കേരളത്തിലങ്ങോളമിങ്ങോളം നാടകങ്ങള്‍ കളിച്ച തിലകന്‍ വളരെ വേഗം തന്നെ മികച്ച നാടക നടനായി ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ പി ജെ ആന്റണിയുടെ ‘ഞങ്ങളുടെ മണ്ണാണ്’ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് നാടക സംവിധാന രംഗത്തേക്കും കടന്നു.

 

പിന്നീടുള്ള വര്‍ഷങ്ങളില്‍ നാടക സംവിധായകനായും നാടക നടനായും തിലകന്‍ എന്ന പ്രതിഭയുടെ പ്രകടനം മലയാളികള്‍ വേദിയില്‍ കണ്ടു. പതിനായിരത്തോളം വേദികളില്‍ നാടകങ്ങളില്‍ അഭിനയിച്ച തിലകന്‍ 43 നാടങ്ങള്‍ സംവിധാനം ചെയ്തു. മലയാള പ്രൊഫഷണല്‍ നാടക വേദിയിലെ ഒന്നാം നിര സംവിധായനും തിലകന്‍ തന്നെയായിരുന്നു.

 

 

1966വരെ കെപിഎസിക്കൊപ്പമായിരുന്നു തിലകന്‍. പിന്നീട് കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീഥ, എന്നീ സമിതികളിലും കുറച്ചു കാലം പി ജെ ആന്റണിയുടെ നാടക സമിതിയിലും പ്രവര്‍ത്തിച്ചു.

ഇതിനിടെ 1979ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമാരംഗത്ത് സജീവമാകുന്നത്. ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്ന തിലകനെ സിനിമയുടെ മുഖ്യവേഷങ്ങളിലേക്കെത്തിച്ചത് 1981ല്‍ പുറത്തിറങ്ങിയ കോലങ്ങള്‍ എന്ന ചിത്രത്തിലെ കള്ളുവര്‍ക്കി എന്ന മുഴുക്കുടിയനായ കഥാപാത്രമായിരുന്നു. യവനികയും, നാടോടിക്കാറ്റും, കുടുംബ പുരാണവുമെല്ലാം തിലകനിലെ പ്രതിഭയെ കാണിച്ചു തന്നു. വില്ലനായും മുഴുക്കുടിയനായും വൈദികനായും പോലീസുകാരനായുമൊക്കെ നിരവധി ചിത്രങ്ങളില്‍ തിലകന്‍ തിളങ്ങി. തിലകനില്ലാത്ത മലയാള സിനിമയുടെ കാലമായി തുടര്‍ന്ന്. കിരീടത്തിലെ പിതാവിനും മൂന്നാംപക്കത്തിലെ മുത്തച്ഛനും പകരമായി മറ്റൊരു മുഖം സങ്കല്പിക്കാന്‍ മലയാള സിനിമക്കും കഴിയുമായിരുന്നില്ല.

കിരീടത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അച്ചുതന്‍ നായരും സ്ഫടികത്തിലെ ചാക്കോ മാഷും തിലകന്റെ അഭിനയ ജീവിത്തത്തിലെ പൊന്‍തൂവലുകളായി. അഭിനയ കലയില്‍ തന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് ഏറ്റവും നന്നായി അറിയുന്നത് തിലകനു തന്നെ ആയിരുന്നു. അതിന്റെ ധീരതയും ധാര്‍ഷ്ഠ്യവുമെല്ലാം ആ പ്രതിഭയില്‍ പ്രകടവുമായിരുന്നു. അതുകൊണ്ടു തന്നെയാണ് സ്ഫടികത്തിലെ ചാക്കോ മാഷിന്റെ വേഷത്തെ കുറിച്ചു പറഞ്ഞ സംവിധായകന്‍ ഭദ്രനോട് മറ്റാരുണ്ടെടോ മലയാള സിനിമയില്‍ ചാക്കോ മാഷിനെ അവതരിപ്പിക്കാന്‍ എന്ന് തിലകന്‍ ചോദിച്ചത്. അഹങ്കാരമല്ല അത് ഉറച്ച ആത്മവിശ്വാസമായിരുന്നു എന്നും ആ ചിത്രം തെളിയിച്ചു.

മോഹന്‍ലാലും തിലകനും അച്ഛനും മകനുമായി എത്തിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കയ്യടി തീര്‍ത്തതിനൊപ്പം പ്രേക്ഷകനെ കരയിക്കുകയും ചെയ്തു. മൂക്കില്ലാ രാജ്യത്ത് എന്ന കൊച്ചു ചിത്രത്തില്‍ തിലകന്‍ ്‌വതരിപ്പിച്ച കഥാപാത്രത്തിലും തിലകന്‍ എന്ന നടന്റെ കയ്യടക്കം വ്യക്തമാണ്. അച്ചുതന്‍ നായരെയും മുത്തച്ഛനെയും വൈദികനെയുമൊക്കെ സ്‌നേഹിച്ചതു പോലെ അല്ലെങ്കില്‍ അതിലും എത്രയോ മടങ്ങ് വില്ലന്‍ വേഷത്തിലെത്തിയ തിലകനെ പ്രേക്ഷകന്‍ വെറുത്തു. സിനിമയുടെ ഹാങ് ഓവര്‍ മാറുമ്പോള്‍ ആ വേഷങ്ങളിലും പ്രതിഭയുടെ മിന്നലാട്ടം പ്രേക്ഷകന്‍ തിരിച്ചറിഞ്ഞു.

 

മലയാള സിനിമയുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരുന്ന ഈ അഹങ്കാരിയായ കാരണവരോട് മലയാളികള്‍ക്കെന്നും ഇഷ്ടം മാത്രമായിരുന്നു. എന്നാല്‍ തിലകനെന്ന കാരണവരെ മലയാളത്തിലെ സിനിമാക്കാര്‍ ഏറെ വേദനിപ്പിച്ചിരുന്നു.

 

 

സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയ മികവുകൊണ്ട് താരപ്രഭയെ മറികടക്കുന്ന തിലകനോട് ചിലര്‍ക്കെങ്കിലും അസൂയയായിരുന്നു. ചങ്കൂറ്റമുള്ള, എന്തും വെട്ടിത്തുറന്നു പറയുന്ന തിലകന്‍ എന്ന വ്യക്തിയെയും ഇത്തരക്കാര്‍ക്ക് ഇഷ്ടമല്ലാതിരുന്നു. അങ്ങനെ ആ പ്രതിഭയെ പല സിനിമകളില്‍ നിന്നും ഒഴിവാക്കാന്‍ ഒരുപാടു പേര്‍ കരുക്കള്‍ നീക്കി. തനിക്കെതിരെയുള്ള ഗൂഢാലോചനകള്‍ തിരിച്ചറിഞ്ഞ തിലകന്‍ അതും വെട്ടിത്തുറന്നു പറഞ്ഞു. ഇതെല്ലാം മുഖ്യധാരാ സിനിമാക്കാരെ ശത്രുക്കളാക്കി. സിനിമയില്‍ നിന്നും ഒഴിവാക്കിയത് തന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കലാണെന്ന് തിലകന്‍ തുറന്നു പറഞ്ഞു. സിനിമാക്കാര്‍ വീണ്ടും ഒഴിവാക്കല്‍ തുടര്‍ന്നപ്പോള്‍ പ്രേക്ഷകനെ വിശ്വസിച്ച് വീണ്ടും തിലകന്‍ നാടകവേദിയിലെത്തി. തിലകനെതിരെ അമ്മ സംഘടനയിലും ഫെഫ്കയിലുമുള്ള സിനിമാക്കാര്‍ ഒറ്റക്കെട്ടായി അണി നിരന്നപ്പോള്‍ പ്രതിഭയെ തിരിച്ചറിയുന്ന മലയാളി പ്രേക്ഷകര്‍ പിന്തുണയുമായി ആ മഹാ നടനൊപ്പം നിന്നു.

എന്തെല്ലാം പറഞ്ഞാലും തിലകന്‍ എന്ന മഹാ പ്രതിഭയെ മലയാള സിനിമയ്ക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ഒരിടവേളയ്ക്കു ശേഷം തിലകന്‍ വീണ്ടും വെള്ളിത്തിരയിലെത്തി. തിരിച്ചു വരവില്‍ ചമയമിട്ട ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളുടെ വിജയത്തിനു പിന്നിലും തിലകന്‍ എന്ന നടന്റെ വലിയ പങ്കുണ്ടായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 2012 സെപ്റ്റംബര്‍ 24 ന് ആ മഹാ നടന്‍ വിടപറയുന്നത്.

 

സിനിമയിലെ കോക്കസുകള്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും യഥാര്‍ത്ഥ കലാകാരനെ ലോകം തിരിച്ചറിയും എന്നതിനു തെളിവാണ് തിലകനു ലഭിച്ച പുരസ്‌കാരങ്ങള്‍.

 

രാജ്യം പത്മശ്രീ നല്‍കിയാണ് 2009ല്‍ അദ്ദേഹത്തെ ആദരിച്ചത്. മൂന്നുതവണ ദേശീയ അവാര്‍ഡും തിലകനെ തേടിയെത്തി. 1987ല്‍ ഋതുഭേദം എന്ന ചിത്രത്തില്‍ മികച്ച സഹനടന്‍, 2006ലും, 2012ലും പ്രത്യേക ജൂറി പരാമര്‍ശവും തിലകന്‍ നേടി. 1990ല്‍ പെരുന്തച്ചനിലെ അഭിനയത്തിനും, 1994ല്‍ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്. ആറു തവണ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ്. 1989ല്‍ പ്രത്യേക ജൂറി പരാമര്‍ശം. 2006ല്‍ ഫിലിംഫെയറിന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, 2011ല്‍ ഇന്ത്യന്‍ റുപ്പിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു.

മറ്റു നിരവധി അവാര്‍ഡുകളും അദ്ദേഹത്തിനു ലഭിച്ചിരുന്നെങ്കിലും തിലകന്‍ എന്ന നടന്റെ പ്രകടനം കണക്കിലെടുത്താല്‍ ഈ പുരസ്‌കാരങ്ങള്‍ പോലും വളരെകുറവാണ്. എന്നാല്‍ പുരസ്കാരങ്ങള്‍ക്കു പോലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലായിരുന്നു തിലകന്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

ജീവിത കാലത്ത് തിലകനെതിരെ പ്രവര്‍ത്തിച്ച അമ്മ-യ്‌ക്കൊപ്പം നിന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പുറത്തു വിട്ട ഓര്‍മകുറിപ്പും അഭിനയത്തിനും സിനിമയ്ക്കുമായി ജീവിതം സമര്‍പ്പിച്ച തിലകനുള്ള ആദരവായി മാറുകയാണ്.

https://www.facebook.com/fefkadirectorsonline/posts/2381925378496418

Leave a Reply

Your email address will not be published. Required fields are marked *