Mon. Dec 23rd, 2024
കൊച്ചി:

എറണാകുളം നിയമസഭാ സീറ്റു വേണമെന്ന ആവശ്യവുമായി മുന്‍ എംപി കെ വി തോമസ് ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും. അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഹൈക്കമാന്‍ഡ് നേരത്തേ നല്‍കിയിരുന്ന ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സീറ്റിനായി തോമസ് നിലപാടു കടുപ്പിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കാതെ ഒഴിവാക്കിയപ്പോള്‍ പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കാം എന്നു പറഞ്ഞായിരുന്നു ഹൈക്കമാന്‍ഡ് കെ വി തോമസിനെ സമാധാനിപ്പിച്ചിരുന്നത്.

ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും കെ വി തോമസ് കഴിഞ്ഞ ദിവസം കണ്ടിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. കെ വി തോമസിന്റെ ആവശ്യം ഹൈബി ഈഡന്‍ എം പി യും ഹൈക്കമാന്‍ഡ് നേതാക്കളെ അറിയിക്കും.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എറണാകുളത്തു മത്സരിക്കും എന്നാണ് കെ വി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതെങ്കിലും പാര്‍ലമെന്റി സ്ഥാനമില്ലാതെ ജനങ്ങള്‍ക്കിടയില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ് കെ വി തോമസ്.

ലോകസഭാ തെരഞ്ഞെടുപ്പിലെ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന ഭയം കൊണ്ടാണ് നേരത്തേ തന്നെ കെ വി തോമസ് ഹൈക്കമാന്‍ഡില്‍ പിടിമുറുക്കുന്നത്. അതേസമയം ഹൈബി ഈഡനുവേണ്ടി ഉറച്ച ജയസാധ്യതയുണ്ടായിരുന്ന ലോകസഭാ സീറ്റില്‍ നിന്നും കെ വി തോമസിനെ ഒഴിവാക്കിയ ദേശീയ നേതൃത്വം ഇത്തവണയും തോമസ് മാഷിനെ തഴയുമോ എന്നാണ് സംശയം. എറണാകുളം നിയമസഭാ സീറ്റ് ഐ ഗ്രൂപ്പിനുള്ളതായതിനാല്‍ ഡിസിസി പ്രസിഡന്റ് ടി ജെ വിനോദിന്റെ പേരും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *