ഹോളിവുഡ് മാത്രമല്ല ലോകത്തെ മുഴുവൻ സിനിമ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’. നടൻ ഹ്വാക്കിന്‍ ഫിനിക്‌സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ആര്‍തര്‍ ഫ്‌ളെക്ക് എന്ന ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയന്റെ ‘ജോക്കറി’ലേക്കുള്ള പരിണാമത്തിന്റെ കഥയാണ് പറയുന്നത്. റിലീസിനായി പ്രേക്ഷകര്‍ ഇത്രയധികം കാത്തിരിക്കുന്ന ഒരു സിനിമ ഈ അടുത്ത് കാലത്ത് ഉണ്ടായിട്ടില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ലോകത്തെല്ലായിടത്തും ജോക്കറിന് ആരാധകരുണ്ട്. ജോക്കര്‍ എന്ന വേഷത്തിനായി അതുകൊണ്ടുതന്നെ, തനിക്ക് ഏറെ സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് ഹ്വാക്കിന്‍ ഫിനിക്‌സ് പറഞ്ഞിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ കഥാപാത്രം
നമ്മെ മാനസികമായി സ്വാധീനിച്ചാല്‍ അത് നമ്മളിൽ വിഭ്രാന്തിയുണ്ടാക്കും. “ എന്നെയും ജോക്കര്‍ ഭ്രാന്തനാക്കി. 23 കിലോ ഭാരമാണ് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എനിക്ക് കുറയ്‌ക്കേണ്ടി വന്നത്” ഹ്വാക്കിന്‍ ഫിനിക്‌സ് പറഞ്ഞു.
പ്രമുഖ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻളന്റെ ‘ഡാർക്ക് നൈറ്റ്’ എന്ന ചിത്രത്തിലൂടെ ജോക്കര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടനായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ഹീത്ത് ലെഡ്ജർ. എന്നാൽ, ലോകത്തെ മുഴുവൻ പ്രേക്ഷകരും ഏറ്റെടുത്ത തന്റെ കഥാപാത്രം അരങ്ങില്‍ എത്തുന്നത് കാണാനാകാതെ അദ്ദേഹം ലോകത്ത് നിന്ന് തന്നെ വിട പറഞ്ഞു. അക്കാഡമി പുരസ്‌ക്കാരമായ ഓസ്കാര്‍ തന്നെ നേടി ഈ കഥാപാത്രം.
മറ്റു പല ജോക്കർമാരും അഭ്രപാളിയിൽ പിന്നീട് എത്തിയെങ്കിലും നിരാശയായിരുന്നു അവരുടെ പ്രകടനം. എന്നാൽ, വെനീസ് ചലച്ചിത്ര മേളയിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ജോക്കർ എന്ന ചിത്രം ആരാധകരിൽ വീണ്ടും പ്രതീക്ഷകളുണർത്തുകയാണ്. ഹീത്ത് ലെഡ്ജറുടെ ജോക്കറിനോട് കിടപിടിക്കുന്ന പ്രതിഭയാണ് ഹാക്വിൻ ഫീനിക്സിന്റേതെന്നാണ് ചലച്ചിത്രമേളയിൽ പ്രദർശനം കണ്ടവരുടെ വിലയിരുത്തൽ.
സിനിമയുടെ ട്രെയിലറിൽ ഹ്വാക്കിന്‍ ഫീനിക്‌സ് ജോക്കറിന്‍റെ വേഷപ്പകര്‍ച്ചലെത്തുന്നത്, ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ജീവിതകാലം മുഴുവനും ദുഃഖവും വേദനയും അവഹേളനവുമൊക്കെ ഏറ്റുവാങ്ങുന്ന ജോക്കറുടെ ജീവിതത്തിന്റെയും സിനിമയുടെ തന്നെ ഏകദേശരൂപം എന്തായിരിക്കുമെന്ന് വ്യക്തമായ സൂചന നൽകുന്നതായിരുന്നു ട്രെയിലർ.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടോഡ് ഫിലിപ്‌സാണ്. റോബര്‍ട്ട് ഡി നീറോ, ഫ്രാന്‍സസ് കൊണ്‍റോയ്, ബ്രെറ്റ് കളന്‍, മാര്‍ക് മറോണ്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒക്ടോബര്‍ നാലിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
അതേസമയം, റിലീസ് അടുക്കുതോറും ചിത്രം വിവാദത്തിനും വഴിതെളിക്കുകയാണ്. അമേരിക്കയില്‍ ഭീതി പരത്തുന്ന കൈതോക്ക് കൊണ്ട് വെടിയുതിർക്കൽ ഭീകരതയുമായി ബന്ധപ്പെട്ടാണ് വിവാദം. പ്രതികാരം ശമിപ്പിക്കാൻ ഇഷ്ട കഥാപാത്രങ്ങൾ സിനിമയില്‍ തോക്കെടുക്കുമ്പോള്‍ അത് പ്രേക്ഷകരെയും സ്വാധീനിക്കുമെന്ന് വിമര്‍ശനങ്ങളുയരുന്നത്.
കഴിഞ്ഞ ദിവസം, ദ ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിനിടെ ഫീനിക്‌സിന് നേരെ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം വന്നിരുന്നു. ജോക്കറിനെപ്പോലെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന വേഷങ്ങൾ തോക്കെടുക്കുമ്പോൾ അത്, സാധാരണക്കാരെ സ്വാധീനിക്കുകയും സമൂഹത്തില്‍ അരങ്ങേറുന്ന ഭീതിദായകമായ പ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടുകയില്ലേ എന്നും അഭിമുഖത്തില്‍ ചോദ്യകര്‍ത്താവ് ഫീനിക്‌സിനോട് ചോദിച്ചു. കേട്ട മാത്രയിൽ പ്രകോപിതനായ ഫീനിക്‌സ് ചോദ്യം വ്യക്തമായില്ലെന്ന് അറിയിച്ചു ഇറങ്ങി പോവുകയും ശേഷം, അദ്ദേഹത്തെ സമാധാനിപ്പിച്ച്, കൂട്ടികൊണ്ടു വരുകയും ചെയ്തിരുന്നു.