പാലാ:
പാലായില്‍ വോട്ടെടുപ്പു നടന്ന ദിവസം തന്നെ ബിജെപി മണ്ഡലം പ്രസിഡന്റിന് സസ്‌പെന്‍ഷന്‍. തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ ഗുരുതര വീഴ്ച വരുത്തി എന്നാരോപിച്ചാണ് മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെയാണ് ജില്ലാ പ്രസിഡന്റ് എന്‍ ഹരി സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും എന്‍ ഹരി തന്നെയാണ്.
അതേസമയം തെരഞ്ഞെടുപ്പില്‍ വോട്ടു കച്ചവടം നടത്തുന്നുവെന്ന ആരോപണത്തിന്റെ തുടര്‍ച്ചയാണ് സസ്‌പെന്‍ഷന്‍ എന്നാണ് സൂചന. നേരത്തേ പാലായിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ പേര് സജീവമായി ഉണ്ടായിരുന്നു. അവസാന ഘട്ടത്തില്‍ ബിനുവിനെ ഒഴിവാക്കിയാണ് എന്‍ ഹരിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബിനു ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
നേരത്തേ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നയാളാണ് ബിനു പുളിക്കക്കണ്ടം.
അതേസമയം കഴിഞ്ഞ ഒന്‍പതിന് നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം താന്‍ രാജിവെച്ചിരുന്നതാണെന്ന് ബിനു പറയുന്നു. ഹരി വോട്ടു കച്ചവടം നടത്തുന്നു എന്ന പരാതി ഉന്നയിച്ചാണ് താന്‍ രാജി വെച്ചിരുന്നതെന്നും ബിനു പറയുന്നു.
അതേസമയം വോട്ടു മറിച്ചു കൊടുത്തത് എല്‍ഡിഎഫിനോ യുഡിഎഫിനോ എന്നാണ് പാലായിലെ വോട്ടര്‍മാരുടെ ചോദ്യം.