തിരുവനന്തപുരം:
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ഒന്നാമതായി നല്‍കിയിരിക്കുന്നത് വി കെ പ്രശാന്തിന്റെ പേരാണ്. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ജില്ലാ സെക്രട്ടറിയേറ്റു നല്‍കിയ ലിസ്റ്റില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.
സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായാണ് വിഷയം ചര്‍ച്ചചെയ്യാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ പ്രശാന്തിന്റെ പേരു തന്നെയാണ് ആദ്യം ഉയര്‍ന്നു വന്നത്. തലസ്ഥാന നഗരത്തിലെ മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ലഭിക്കുന്ന പരിഗണനയും പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ കാരണമായിട്ടുണ്ട്.
വട്ടിയൂര്‍ക്കാവിലെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കാതെ വ്യക്തിപരമായ മികവു കണക്കിലെടുത്ത് ഒരു പരീക്ഷണം എന്ന നിലയില്‍ തന്നെ പ്രശാന്തിനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഈ നിര്‍ദേശം പൊതുവെ അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രധാനമായും യുവജനങ്ങള്‍ക്കിടയില്‍ പ്രശാന്തിനുള്ള പിന്തുണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ഈ വര്‍ഷം മലബാര്‍ മേഖലയില്‍ പ്രളയമുണ്ടായപ്പോള്‍ സഹായമെത്തിക്കാനായി പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെയധികം പ്രശംസ പിടിച്ചു പറ്റിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം യുവജനങ്ങളുടെ ഹീറോ ആയി വി കെ പ്രശാന്ത് മാറി.
യുവാക്കള്‍ക്കിടയിലെ സ്വീകാര്യതയും പ്രശാന്തിന്റെ പേര് പരിഗണിക്കുന്നതില്‍ നിര്‍ണായകമായി. സമൂഹ മാധ്യമങ്ങളിലൂടെയും അന്ന് പ്രശാന്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന്റെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ രണ്ടാമതുള്ളത്. ഇതിനിടെ വി ശിവന്‍കുട്ടിയോട് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ജില്ലാ സെക്രട്ടറിയേറ്റ് ചോദിച്ചിരുന്നെങ്കിലും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് ഒ രാജഗോപാല്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. തന്റെ പ്രവര്‍ത്തന മണ്ഡലമായ നേമത്തു നിന്നും മാറി നില്‍ക്കാനുള്ള താല്പര്യക്കുറവും വട്ടിയൂര്‍ക്കാവില്‍ പരാജയപ്പെട്ടാലോ എന്ന ഭയവുമാണ് ശിവന്‍കുട്ടിയുടെ താല്പര്യക്കുറവിന് കാരണമെന്നാണ് സൂചന.
അതേസമയം പാര്‍ട്ടി എന്ത് ഉത്തരവാദിത്വം ഏല്‍പിച്ചാലും അത് നിര്‍വഹിക്കുമെന്ന് വി കെ പ്രശാന്ത് പറഞ്ഞു.