Sun. Dec 22nd, 2024
ബെംഗളൂരു:

ഇന്ത്യ, ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി-20യില്‍ നേടിയ ക്യാച്ചിലൂടെ ലോക റെക്കോഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍. അന്താരാഷ്‌ട്ര ട്വന്റി-20യില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന ബഹുമതിയാണ് മില്ലര്‍ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത്.

ഇന്ത്യ ബാറ്റ് ചെയ്ത അവസാന ഓവറില്‍ കാഗിസൊ റബാദയെറിഞ്ഞ പന്ത് ആഞ്ഞടിച്ച ഹര്‍ദിക് പാണ്ഡ്യയെ ലോങ് ഓണില്‍ നിന്ന മില്ലർ കരങ്ങളിൽ ഒതുക്കി. അതോടുകൂടി അന്താരാഷ്ട്ര റെക്കോർഡ് മില്ലേറെ തേടിയെത്തുകയായിരുന്നു.

പാണ്ഡ്യയയെ പുറത്താക്കിയതോടെ 72 മത്സരങ്ങളില്‍ നിന്ന് അമ്പത് ക്യാച്ചുകളുടെ സമ്പാദ്യവുമായാണ് മുൻനിരയിലേക്കുള്ള മില്ലറുടെ കടന്നുവരവ്. പാക്കിസ്താൻ ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക്കിന്റെ പേരിലും അമ്പത് ക്യാച്ചുകളുണ്ടെങ്കിലും, 111 മത്സരങ്ങളിൽ നിന്നുമാണ് മാലിക്കിന്റെ നേട്ടം.

ലോക ക്രിക്കറ്റ് ആരാധകരുടെ എക്കാലത്തെയും ഇഷ്ട താരം മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകൻ എ ബി ഡിവില്ലിയേഴ്‌സ് 78 മത്സരങ്ങളില്‍ നിന്ന് 44 ക്യാച്ചെടുത്ത് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. റോസ് ടെയ്‌ലര്‍ (44), ഇന്ത്യൻ ഓൾ റൗണ്ടർ സുരേഷ് റെയ്‌ന (42) എന്നിവരും പട്ടികയിൽ കീഴ് സ്ഥാനങ്ങളിലുണ്ട്.

അതേസമയം, മൂന്നാം ട്വന്റി20യിൽ ഇന്ത്യയെ ഒൻപത് വിക്കറ്റുകൾക്ക് തകർത്ത് ദക്ഷണാഫ്രിക്ക പരമ്പരയെ സമനിലയിൽ തളച്ചു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡികോക്ക് സന്ദര്‍ശകരെ മുന്നില്‍ നിന്ന് നയിച്ചു. ഇതോടെ ഇന്ത്യ കഷ്ട്ടിച്ചെടുത്ത 135 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. ആദ്യ കളി മഴമൂലം ഉപേക്ഷിക്കുകയും രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *