Mon. Dec 23rd, 2024
#ദിനസരികള്‍ 887

 

കെ വേണു, “അപ്രസക്തമാകുന്ന യാഥാസ്ഥിതിക ഇടതുപക്ഷം” എന്ന പേരില്‍ എഴുതിയിരിക്കുന്ന പരമ്പരയിലെ ഒമ്പതാമത്തേയും അവസാനത്തേതുമായ ലേഖനത്തില്‍ ഇടതുപക്ഷത്തിന്റെ വിശിഷ്യാ സിപിഐഎമ്മിന്റെ കേരളത്തിലെ അടിത്തറ ശക്തമാണെങ്കിലും ജനാധിപത്യവത്കരണത്തിന്റെ പന്ഥാവില്‍ നീങ്ങാത്തിടത്തോളം കാലം മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. സംഘടനാ സംവിധാനങ്ങളിലും പൊതുമണ്ഡലങ്ങളിലും ജനാധിപത്യപരവും അയവുള്ളതുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന സങ്കല്പത്തെ കേന്ദ്ര ആശയമായി നിലനിറുത്തുന്നതില്‍ നിന്നും പിന്നോട്ടു പോകണമെന്നാണ് കെ വേണു ആവശ്യപ്പെടുന്നത്. “സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ലോകത്തെ ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വയം ജനാധിപത്യപാര്‍ട്ടികളാകുകയുണ്ടായി. പക്ഷേ ഇന്ത്യയില്‍ അങ്ങനെയൊന്ന് ഉണ്ടായില്ല. ആരംഭത്തില്‍ സിപിഐ നേതൃത്വത്തില്‍ അങ്ങനെയൊരു ചിന്ത വന്നെങ്കിലും മുന്നോട്ടു പോയില്ല. പക്ഷേ സിപിഐ കഴിഞ്ഞ കോണ്‍ഗ്രസില്‍ പാര്‍ട്ടി പരിപാടിയില്‍ നിന്ന് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ലക്ഷ്യം എടുത്തു കളയുകയുണ്ടായി. പക്ഷേ സിപിഎമ്മില്‍ ഒരു അനക്കവുമില്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം നിലനിറുത്തുന്ന ഒരു വിപ്ലവ പാര്‍ട്ടിയായി അതു തുടരുന്നു.”

വേണുവിന്റെ ആക്ഷേപത്തിന് ഇടതിന് എന്തു പറ്റി എന്ന ചോദ്യത്തെ നേരിടാനുള്ള കെല്പുണ്ടെന്ന് തോന്നുന്നില്ല. ഒരു പക്ഷേ തന്റെ ജീവിതം കൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി അദ്ദേഹം ഇടപഴകിയതുപോലെ പരമ്പര കൈകാര്യം ചെയ്ത മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടുണ്ടാവില്ല. എന്നു മാത്രവുമല്ല അവരില്‍ പലരും സൈദ്ധാന്തികമായ തലത്തില്‍ മാത്രമാണ് ഇടതുമായി ബന്ധപ്പെട്ടുപോരുന്നതെന്ന കാര്യവും നാം ഓര്‍മ്മിക്കുക. എന്നാല്‍ വേണു അങ്ങനെയുള്ള ഒരാളായിരുന്നില്ല. എന്നിട്ടും ഇടതുപക്ഷത്തിന്റെ വീഴ്ചകളില്‍ കുറച്ചു കൂടി ആധികാരികമായി ചിന്തിക്കാനും പ്രായോഗികമായ പരിഹാര നിര്‍‍‌ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുവാനും അദ്ദേഹത്തിന് കഴിയുന്നില്ല എന്നത് ദയനീയമാണെന്ന് പറയാതെ വയ്യ.

എന്നാല്‍ അംബേദ്‌കറെ ഇടതുപക്ഷം മനസ്സിലാക്കിയതില്‍ ഗുരുതരമായ പിഴവുണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. “ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ തനതായ രീതിയില്‍ സമഗ്രവും ശാസ്ത്രീയവുമായ വിശകലനങ്ങളിലൂടെ മനസ്സിലാക്കാന്‍ ശ്രമിച്ച ഡോ. അംബേദ്‌കര്‍ ഇവിടുത്തെ വര്‍ണജാതി വ്യവസ്ഥയുടെ സൂക്ഷ്മരൂപങ്ങള്‍ അനാവരണം ചെയ്യുകയുണ്ടായി. വര്‍ഗ്ഗസിദ്ധാന്തത്തിന് ചേരുന്നതല്ലെന്ന് പറഞ്ഞുകൊണ്ട് അംബേദ്കര്‍ നിലപാടുകള്‍ തള്ളിക്കളയുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചത്” എന്ന നിലപാട് യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കിക്കൊണ്ടുതന്നെ നടത്തുന്ന കഴമ്പുള്ള ഒരു വിമര്‍ശനമാണ്. വര്‍ഗ്ഗത്തിനെ സാമ്പത്തികതയുമായി ബന്ധപ്പെടുത്തി മാത്രം നിര്‍വചിക്കുകയും ജാതി കേന്ദ്രിതമായ ഇന്ത്യയിലെ പ്രത്യേകമായ പരിതസ്ഥിതിയില്‍ ജീവിച്ചു പോകുന്ന ബഹൂഭൂരിപക്ഷം വരുന്ന അധസ്ഥിത ജനതയെ ആ നിര്‍വ്വചനം പരിഗണിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ കേവലം യാന്ത്രികമാവുന്നുവെന്നുള്ള വിമര്‍ശനം കഴമ്പുള്ളതാണ്. (ജാതിയെക്കുറിച്ചും വര്‍ഗ്ഗത്തെക്കുറിച്ചും ഇതിനുമുമ്പൊരു ലേഖനത്തില്‍ വളരെ വിശദമായി നാം ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ട് വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.)

മുപ്പത്തഞ്ചുകൊല്ലത്തോളം ബംഗാള്‍ ഭരിച്ച ഇടതുപക്ഷത്തിന് സോഷ്യലിസ്റ്റ് ബദലുകളെക്കുറിച്ചുള്ള ധാരണ തുലോം ദയനീയമായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അത്തരമൊരു ബദല്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ ഖിന്നനായിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിന് അക്കാര്യത്തില്‍ അത്രത്തോളം ആഴത്തില്‍ ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്ന് വേണു നിരീക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ഉറച്ച തീരുമാനമെടുക്കാന്‍ ഇടതുനേതൃത്വത്തിന് പലപ്പോഴും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആണയിടുന്നു. ഉദാഹരണമായി “1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോള്‍ രണ്ടാംലോകമഹായുദ്ധത്തില്‍ സോവിയറ്റു യൂണിയനും ബ്രിട്ടനും സഖ്യശക്തികളായെന്നതിന്റെ പേരില്‍ ഇവിടെ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന് പിന്തുണ നല്കിയത് ആത്മഹത്യാപരമായ തീരുമാനമായിരുന്നു.

1947 ല്‍ പി സി ജോഷിയുടെ നേതൃത്വത്തില്‍ നെഹ്രു സര്‍ക്കാറിന് പിന്തുണ നല്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി 1948 ല്‍ കൊല്‍ക്കത്താ തീസിസിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ വിപ്ലവത്തിന് തയ്യാറെടുക്കുകയാണ് ഉണ്ടായത്. 1949 ലാകട്ടെ തെലുങ്കാന മോഡല്‍ ജനകീയയുദ്ധത്തിന്റെ പാത അഖിലേന്ത്യാ പരിപാടിയാക്കി. 51 ആയപ്പോഴേക്കും അജയഘോഷിന്റെ നേതൃത്വത്തില്‍ സ്റ്റാലിന്റെ നിര്‍‌ദ്ദേശമനുസരിച്ച് പാര്‍ട്ടി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. നാലുവര്‍ഷത്തിനുള്ളില്‍ പരസ്പരവിരുദ്ധമായ നാലു നിലപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്.സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസൃതമായ ഉറച്ച രാഷ്ട്രീയ നിലപാടുകളെടുക്കാന്‍ കഴിവുള്ള ഒരു നേതൃത്വത്തിന്റെ അഭാവമാണ് ഇവിടെ ദൃശ്യമായത്.” ഇത്തരത്തിലുള്ള ഉറച്ച നിലപാടില്ലായ്മയുടെ ഫലമായുണ്ടാകുന്ന നീക്കങ്ങള്‍ ഇടതിന്റെ ചരിത്രത്തില്‍ ഉടനീളം കാണാമെന്നും അതുതന്നെയാണ് തകര്‍ച്ചയുടെ പ്രധാന കാരണമെന്നും വേണു വാദിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലുണ്ടായ ജനകീയ മുന്നേറ്റങ്ങളില്‍ നിന്നും മുഖം തിരിച്ചു നിന്ന ഇടതിനെക്കുറിച്ചും അദ്ദേഹം ആക്ഷേപങ്ങളുന്നയിക്കുന്നുണ്ട്. ഉദാഹരണത്തിന് മഹാരഷ്ട്രയിലെ ഫൂലേയുടെ നീക്കങ്ങള്‍ തമിഴ്നാട്ടിലെ ദ്രാവിഡമുന്നേറ്റങ്ങള്‍ മുതലായ നീക്കങ്ങളെ ഇടതുനേതൃത്വം തള്ളിക്കളഞ്ഞതു നോക്കുക. സമര്‍ത്ഥമായി സാഹചര്യങ്ങള്‍‌ക്കൊത്ത് ഇടപെട്ടിരുന്നുവെങ്കില്‍ വര്‍ത്തമാനകാലത്ത് ഇടതിന് ഇത്രത്തോളം ദുസ്ഥിതിയുണ്ടാകുമായിരുന്നില്ലെന്ന നിലപാട് ഈ ലേഖനത്തിലെ ശ്രദ്ധേമായ ഒന്നാണ്.

(തുടരും.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *