കോട്ടയം:
പാലാ നിയമസഭാ മണ്ഡലത്തിലെ ജനങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
വോട്ടിംഗ് മെഷീന്‍ ഉള്‍പ്പടെയുള്ള പോളിംഗ് സാമഗ്രികള്‍ രാവിലെ എട്ടുമണി മുതല്‍ കാര്‍മല്‍ പബ്ലിക്ക് സ്‌കൂളില്‍ നിന്നും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.
പാലായിലെ വോട്ടര്‍മാരില്‍ കൂടുതലും ക്രൈസ്തവ വിശ്വാസികളാണ്. ഞായറാഴ്ച ആയതിനാല്‍ ഇന്നു രാവിലെയുള്ള പ്രചാരണം പ്രധാനമായും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്.
മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഇലക്ഷന്‍ ഡ്യൂട്ടിക്കായി പാലായില്‍ നിയോഗിച്ചിട്ടുള്ളത്. 1,79,107 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 176 പോളിംഗ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് പോളിംഗ്.
ആധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ് മെഷീനാണ് ഇവിടെ പോളിങ്ങിനായി ഉപയോഗിക്കുന്നത്. അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇവിടെ പ്രത്യേക നിരീക്ഷകരെ നിയോഗിക്കുന്നതോടൊപ്പം മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.