കോഴിക്കോട്:
എലത്തൂരില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തരുടെ മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ് കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് മരിച്ചത്. ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്ന ഇയാള്‍ ശനിയാഴ്ച രാത്രി 11.30 ഓടെ മരണമടയുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയും മര്‍ദ്ദനവും രൂക്ഷമായതിനെ തുടര്‍ന്നാണ് ഇയാള്‍ തലയിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
നേരത്തേ കക്കവാരല്‍ തൊഴിലാളിയായിരുന്ന രാജേഷ് രണ്ടാഴ്ച മുമ്പാണ് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. വാഹനത്തിന്റെ പെര്‍മിറ്റ് ശരിയാക്കിയ ശേഷം ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയ രാജേഷിനെ മറ്റ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി. സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഇറക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു സിഐടിയു പ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാരുടെ നിലപാട്. എന്നാല്‍ ഭീഷണി വകവെക്കാതെ രാജേഷ് സ്റ്റാന്‍ഡില്‍ ഇറക്കി ഓട്ടോ ഓടിച്ചു.
ഇതിനെ തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയും സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം രാജേഷിനെ മര്‍ദിക്കുകയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയും മര്‍ദനവും സഹിക്കാതായപ്പോഴാണ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി മരണം സംഭവിച്ചത്.
കണ്ടാലറിയാവുന്ന പത്തോളം പേര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചതില്‍ മനം നൊന്താണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് രാജേഷ് നേരത്തേ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ സിഐടിയു യൂണിയനില്‍പെട്ടവര്‍ അനുവദിച്ചില്ലെന്നും പലപ്പോഴായി തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായും രാജേഷിന്റെ മൊഴിയില്‍ പറഞ്ഞിരുന്നു. രാജേഷിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതു കണ്ടതായി ദൃക്‌സാക്ഷികളും സ്ഥിരീകരിച്ചു.
സംഭവത്തില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പത്തിലധികം പേരാണ് പ്രതികളായിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് എലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്ത സിപിഎം പ്രാദേശിക നേതാക്കളായ ഒ കെ ശ്രീലേഷ്, ഷൈജു എന്നിവര്‍ റിമാന്‍ഡിലാണ്.