Wed. Nov 6th, 2024
കൊച്ചി:

അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാതെ അവാര്‍ഡു ജേതാവായ ചിത്രകാരിയുടെ പ്രതിഷേധം. ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ അശാന്തന്‍ പുരസ്‌കാരമാണ് അവാര്‍ഡു ജേതാവായ സിന്ധു ദിവാകരന്‍ വേദിയില്‍ തിരസ്‌കരിച്ചത്. എറണാകുളം ഡര്‍ബാര്‍ ഹാളില്‍ നടന്ന അവാര്‍ഡുദാന ചടങ്ങിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് അവാര്‍ഡ് സ്വീകരിക്കാതെ ചിത്രകാരി പ്രതിഷേധം രേഖപ്പെടുത്താന്‍ കാരണമായത്. അശാന്തന്‍ മരിച്ചപ്പോള്‍ മൃതദേഹം ദര്‍ബാര്‍ഹാള്‍ ആര്‍ട് ഗാലറിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് അശാന്തനെ അപമാനിക്കുന്ന നിലപാടായിരുന്നു ലളിതകലാ അക്കാഡമി സെക്രട്ടറി പൊന്ന്യം രവീന്ദ്രന്‍ സ്വീകരിച്ചത്.

 

മന്ത്രി എ.കെ. ബാലനായിരുന്നു അവാര്‍ഡുദാന ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മന്ത്രിക്ക് എത്താന്‍ കഴിയാതെ വന്നതോടെ ആശംസ പ്രസംഗത്തിനായി എത്തിയിരുന്ന പൊന്ന്യം ചന്ദ്രനെ സംഘാടകര്‍ ഉദ്ഘാടകനാക്കി. പൊന്ന്യം ചന്ദ്രനെ ആശംസാ പ്രസംഗകനായി ക്ഷണിച്ചത് അറിഞ്ഞപ്പോള്‍ തന്നെ സിന്ധു തന്റെ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നതാണ്. സിന്ധു ഉയര്‍ത്തിയ പ്രതിഷേധ വാക്കുകള്‍ അന്ന് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. അതേ വ്യക്തി തന്നെ ഇന്നലെ ഉദ്ഘാടകനായി മാറുകയും ചെയ്തു.

തന്നെ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നതായി സിന്ധുവിന്റെ പേരു സൂചിപ്പിക്കാതെ പൊന്ന്യം ചന്ദ്രന്‍ പറഞ്ഞു. സംഘപരിവാറിന്റ് അതിക്രമങ്ങള്‍ ഏറെ നേരിട്ടയാളാണ് താനെന്നും അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തില്‍ സംഘപരിവാറിന് കീഴടങ്ങിയിട്ടില്ലെന്നും പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇതും സിന്ധുവിനെ പ്രകോപിപ്പിച്ചിരുന്നു.

ഉദ്ഘാടന പ്രസംഗത്തിനു ശേഷം അവാര്‍ഡു സ്വീകരിക്കാനായി ക്ഷണിച്ചപ്പോഴാണ് സിന്ധു തന്റെ പ്രതിഷേധം അറിയിച്ചത്. വേദിക്കു മുന്നിലെത്തിയ സിന്ധു അവാര്‍ഡ് സ്വീകരിക്കില്ലെന്ന് സംഘാടകരെ അറിയിച്ചു. തുടര്‍ന്ന് വേദിയില്‍ കയറി മൈക്കിലൂടെ സദസിലുള്ളവരെയും തന്റെ പ്രതിഷേധം അറിയിച്ചു. അതേസമയം പ്രസംഗത്തില്‍ ആരോപണമുന്നയിച്ച പൊന്ന്യം ചന്ദ്രന്‍ പിന്നീട് പ്രതികരിച്ചില്ല.

വര്‍ഗീയ വാദികളുടെ നിര്‍ദേശം അനുസരിച്ചാണ് അശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ഹാളിനു മുന്നിലൂടെ കൊണ്ടുവരാതെ പിന്നിലൂടെ കൊണ്ടുവന്നു കിഴക്കേ വരാന്തയില്‍ കിടത്തിയത്. ഇതിന് നേതൃത്വം നല്‍കിയത് അക്കാദമി സെക്രട്ടറിയായ പൊന്ന്യം ചന്ദ്രനായിരുന്നു. അദ്ദേഹത്തെ ക്ഷണിച്ചതിലൂടെ അശാന്തന്റെ ഓര്‍മ്മകളെ അപമാനിക്കുകയാണ്. പഴയകാര്യങ്ങള്‍ അറിഞ്ഞായിരിക്കില്ല ബാങ്ക് ഇതു ചെയ്തത്. അദ്ദേഹത്തെ വെള്ള പുശാനുള്ള മറ്റാരുടെയോ താല്‍പര്യമാണ് ഇതിനു പിന്നിലെന്നും സിന്ധു കുറ്റപ്പെടുത്തി.

അവാര്‍ഡ് തുകയായ 25,000 രൂപ അശാന്തന്റെ കുടുംബത്തിന് വീടു നിര്‍മിക്കാനുള്ള സഹായ നിധിയിലേക്കു നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, അതു സാധ്യമാകാത്ത തരത്തില്‍ ചില തല്‍പര കക്ഷികള്‍ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചു എന്നും സിന്ധു പറഞ്ഞു.

അതേസമയം അശാന്തന്റെ ഓര്‍മയ്ക്കായി ഒരുക്കിയ വേദി ഇത്തരം കാര്യങ്ങള്‍ പറയാനായി ഉപയോഗിച്ചത് ശരിയായില്ലെന്ന് സംഘാടകരായ ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഭാരവാഹികള്‍ പറഞ്ഞു.

മറ്റു അവാര്‍ഡ് ജേതാക്കളായ എന്‍ പി അക്ഷയ്, എം പി മനോജ്, എം എന്‍ മിനിമോള്‍, പി അനന്തു എന്നിവര്‍ ബാങ്ക് പ്രസിഡന്റ് കെ ജെ ഇഗ്‌നേഷ്യസില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

അശാന്തന്റെ ഓര്‍മകള്‍ ഒരിക്കല്‍ കൂടി അപമാനിക്കപ്പെട്ടതായി സിന്ധു ദിവാകരന്‍ പിന്നീട് തന്റെ ഫേസ്ബുക്ക് പേജിലൂടെയും പ്രതികരിച്ചു. അശാന്തന്‍റെ ഓര്‍മകള്‍ തുടിക്കുന്ന ഈ മണ്ണില്‍ വെച്ച് അവാര്‍ഡു സ്വീകരിക്കാന്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടായിരുന്നു. എന്നാല്‍ അശാന്തനെ അപമാനിച്ച പൊന്ന്യം ചന്ദ്രന്‍ തന്നെ അശാന്തന്റെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഉദ്ഘാടകനായി മാറി. ഇതില്‍ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരാകരിച്ചതെന്നും സിന്ധു വ്യക്തമാക്കുന്നു. ‘ഇതാണോ അശാന്തനു വേണ്ടി കാലം കാത്തുവെച്ച കാവ്യനീതി’  എന്നും സിന്ധു ചോദിക്കുന്നു. അശാന്തന്റെ മരണശേഷം മൃതദേഹം പൊതു ദര്‍ശനത്തിനു വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഡര്‍ബാര്‍ ഹാളില്‍ നടന്ന സംഭവങ്ങളും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സിന്ധു തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

https://www.facebook.com/sindhu.divakaran.7/posts/10218072461535751

ദളിതരെ അപമാനിക്കുന്നത് വിനോദമാക്കിയവരെ ആദരിക്കുന്ന സംസ്‌കാരം വടക്കേ ഇന്ത്യയുടെതാണ് കേരളത്തിന്റെതല്ല എന്നും സിന്ധു സൂചിപ്പിക്കുന്നു. താന്‍ അവാര്‍ഡു നിഷേധിക്കേണ്ട നിലയിലേക്ക് ചരിത്രം മറന്നു നിലപാടുകള്‍ സ്വീകരിച്ചവരെ ഓര്‍ത്ത് ലജ്ജിച്ച് തലകുനിക്കുന്നു എന്നും പറയുന്ന സിന്ധു തനിക്കു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *