തിരുവനന്തപുരം:
യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ കഴിഞ്ഞ ദിവസം തള്ളിയ നാമനിര്‍ദേശപ്പത്രികകള്‍ അപ്പീല്‍ കമ്മിറ്റി സ്വീകരിച്ചു. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനം സൂചിപ്പിക്കുന്ന കോളത്തില്‍ ‘ദ’ എന്നു ചേര്‍ത്തില്ല എന്നു പറഞ്ഞു തള്ളിയിരുന്ന ആറു പത്രികകളാണ് അപ്പീല്‍ കമ്മറ്റി സ്വീകരിച്ചത്.
‘ദ’ ചേര്‍ക്കാത്തതിന്റെ പേരില്‍ പത്രികകള്‍ തള്ളിയത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. കെ എസ് യുവിന്റെ എല്ലാ പത്രികകളും തള്ളിയതോടെ ഇതിനു പിന്നില്‍ എസ്എഫ്‌ഐ ആണെന്ന ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ വെള്ളിയാഴ്ച വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ അഭിപ്രായം അറിഞ്ഞ ശേഷം പിന്നീട് അപ്പില്‍ കമ്മറ്റിയും യോഗം ചേര്‍ന്നു.
ഒടുവില്‍ പ്രിന്‍സിപ്പല്‍ സി.സി. ബാബുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പത്രികകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. എസ്എഫ്‌ഐയുടെ ഒരു പത്രികയും കെഎസ്‌യുവിന്റെ മൂന്നു പത്രികകളും എഐഎസ്എഫിന്റെ രണ്ട് പത്രികകളുമാണ് സ്വീകരിച്ചത്.
ഇതോടെ കോളേജിലെ അഞ്ചു സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കാനുള്ള വഴിയൊരുങ്ങി. വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയന്‍ അംഗം, ആദ്യവര്‍ഷ ബിരുദാനന്തര ബിരുദ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം നടക്കുക. എതിരാളികളില്ലാത്ത സ്ഥാനങ്ങളിലേക്ക് അപേക്ഷ നല്‍കിയവര്‍ തെരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കും.
തിരിച്ചറിയല്‍ രേഖയില്‍ ഒരു സീല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന പേരില്‍ തള്ളിയിരുന്നു എസ്എഫ്‌ഐയുടെയും എഐഎസ്എഫിന്റെയും ഓരോ പത്രികകളും സ്വീകരിച്ചവയില്‍ പെടുന്നു.
കേരള സര്‍വകലാശാലയിലെ കോളേജുകളില്‍ അടുത്ത വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിയൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.