Wed. Nov 6th, 2024
ദോഹ:

ഖത്തറില്‍ സ്വദേശികളായ സ്പോണ്‍സര്‍മാര്‍ ഇല്ലാതെതന്നെ വിദേശനിക്ഷേപകര്‍ക്ക് വിസ അനുവദിക്കാന്‍ തീരുമാനമായി. പ്രവാസികളുടെ ഖത്തറിലേക്കുള്ള എന്‍ട്രി, എക്‌സിറ്റ്, താമസം എന്നിവ സംബന്ധിച്ച് 2015 മുതല്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

പുതിയ ഭേദഗതി പ്രകാരം ഖത്തറില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് സ്വദേശികളായ സ്‌പോണ്‍സര്‍മാര്‍ വേണമെന്ന് നിര്‍ബന്ധമില്ല. സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് വിസ അനുവദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിയമ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പുതിയ നിയമത്തില്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഗസറ്റില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അന്നേ ദിവസം മുതല്‍ പുതിയനിയമം പ്രാബല്യത്തിലാകും.

 

റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും ഗുണഭോക്താക്കള്‍ക്കും സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെ തന്നെ അഞ്ചു വര്‍ഷത്തേക്ക് വിസ അനുവദിക്കും. സ്വദേശികളല്ലാത്തവരുടെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ ഖത്തറില്‍ നിലവിലുണ്ടായിരുന്നു. പുതിയ ഭേദഗതി പ്രകാരം അഞ്ച് വര്‍ഷത്തേക്കുള്ള സാമ്പത്തിക ഇടപാടുകള്‍ക്കാണ് വിസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മന്ത്രിസഭ തീരുമാനിക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കും ഇതേ രീതിയില്‍ തന്നെ വിസ അനുവദിക്കാനും നിയമം അനുമതി നല്‍കുന്നുണ്ട്. പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് കമ്പനികള്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തിനും അമീര്‍ അംഗീകാരം നല്‍കിയതായാണ് സൂചന.

കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിസാ ഭേദഗതിക്കൊപ്പം ഇതുമായി ബന്ധപ്പെട്ടുള്ള നിയമത്തിലും അമീര്‍ ഒപ്പുവെച്ചു. ഖത്തറില്‍ സ്ഥിരമായ വിസ ഉള്ളവര്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചികിത്സ, വിദ്യഭ്യാസം, എന്നിവ ലഭിക്കുന്നതിന് ഉപാധികളോടെ അനുമതി നല്‍കാനുള്ള മന്ത്രിസഭയുടെ തീരുമാനവും അമീര്‍ അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *