Wed. Jan 22nd, 2025
എറണാകുളം:

 

കേരളത്തിൽ 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21 നു നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചിരിക്കുന്നു. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ 24 നു വോട്ടെണ്ണലും നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ പെരുമാറ്റച്ചട്ടം നിലവിൽ വരും.

എന്താണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്ന് മനസ്സിലാക്കാൻ കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പിന്റെ സന്ദേശം വായിക്കുക.

 

എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം?

 

നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യാ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിപ്പിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്രവും അധികാരവുമുണ്ടാകും.

 

എന്തൊക്കെയാണ് പെരുമാറ്റ ചട്ടത്തിലുള്‍പ്പെടുന്ന പ്രധാന ചട്ടങ്ങള്‍?

 

2014ലെ പെരുമാറ്റ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എട്ട് വ്യവസ്ഥകളിലായിരിക്കും. പൊതുചട്ടം, പൊതു യോഗങ്ങള്‍, ഘോഷയാത്ര, പോളിങ് ദിവസം, പോളിങ് ബൂത്തുകള്‍, നിരീക്ഷകര്‍, അധികാരത്തിലുള്ള പാര്‍ട്ടി, തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലുള്‍പ്പെടുന്ന പ്രധാന കാര്യങ്ങള്‍.

 

പൊതുചട്ടം

 

മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും അവരുടെ പോളിസികളെയും പ്രവര്‍ത്തന മികവിനെയും ആരോഗ്യകരമായ രീതിയില്‍ വിമര്‍ശിക്കാമെങ്കിലും അതിര് വിട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കും. ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയില്‍ ഒന്നും തന്നെ തെരഞ്ഞെടുപ്പില്‍ വോട്ട് കരസ്ഥമാക്കാന്‍ വേണ്ടി ചെയ്യരുത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ, കൃത്യമായ വിവരങ്ങളില്ലാതെ വിമര്‍ശിക്കാനോ അനുവദിക്കുന്നതല്ല.

 

പൊതു യോഗങ്ങള്‍

 

പൊതു യോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും അതാത് ലോക്കല്‍ പൊലീസിനെ കണ്ട് അനുമതി വാങ്ങേണ്ടതാണ്. റാലികള്‍ക്ക് വേണ്ട സുരക്ഷ അതാത് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും.

 

ഘോഷയാത്രകള്‍

 

എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല. ഒരേ റൂട്ടില്‍ രണ്ട് എതിര്‍ പാര്‍ട്ടിക്കാര്‍ റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍.

 

പോളിങ് ദിവസം

 

പോളിങ് ദിവസം പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പോളിങ് ബൂത്തിനകത്ത് നിര്‍ബന്ധമായും പാര്‍ട്ടിയുടെ പേരും ചിഹ്നവുമടങ്ങിയ ബാഡ്ജ് ധരിക്കണം.

 

പോളിങ് ബൂത്തുകള്‍

 

വോട്ടര്‍മാരല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ള വ്യക്തികള്‍ക്കും പോളിങ് ബൂത്തില്‍ കയറാവുന്നതാണ്. പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് ഒരു തരത്തിലുള്ള പ്രചരണ പരിപാടികളും വോട്ട് കരസ്ഥമാക്കുന്നതിനുള്ള സംവിധാനങ്ങളും നടത്താന്‍ പാടുള്ളതല്ല.

 

സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍

 

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലെ ഇടപെടലുകള്‍ ശക്തമായ രീതിയില്‍ തന്നെ 2019 തൊട്ടുള്ള തെര‍ഞ്ഞെടുപ്പ് നിരീക്ഷണങ്ങളുടെ പരിധിയില്‍ വരും. വോട്ടര്‍മാര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്പും പരാതികള്‍ക്കുള്ള നടപടി 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കമ്മീഷന്‍ പറയുന്നു.

 

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

 

തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരോട് പരാതിപ്പെടാവുന്നതാണ്.

 

1- സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ ഒരു തരത്തിലും പൊതു മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല.

 

2- എം.പിമാരുടെയും എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഒരിക്കലും പ്രചരണ പരിപാടികള്‍ക്കോ പാര്‍ട്ടി പരിപാടികള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. സര്‍ക്കാരിന്റെ ഒരു വിധ കാര്യങ്ങളും പ്രചരണത്തിന് ഉപയോഗിക്കാനും പാടില്ല.

 

3- മന്ത്രിമാരും മറ്റു അധികാരികളോ ഒരു തരത്തിലുമുള്ള പ്രഖ്യാപനങ്ങളോ സാമ്പത്തികമായ ഗ്രാന്‍ഡുകളോ ഉറപ്പുകളോ നല്‍കാന്‍ പാടുള്ളതല്ല.

 

4- പൊതുവിടങ്ങള്‍ മറ്റു പാര്‍ട്ടികാര്‍ക്ക് കൂടി ഉപയോഗിക്കാന്‍ തരത്തില്‍ വേണം ക്രമീകരിക്കാന്‍. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ഒരിക്കലും ഏകപക്ഷീയമായി അവരുടെ അധികാരം ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ പാടില്ല.

 

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍?

 

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കമ്മീഷന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടികള്‍ക്കും നോട്ടീസ് സമര്‍പ്പിക്കും. നോട്ടീസ് ലഭിച്ചയുടനെ പിന്നീട് അവര്‍ക്ക് അതിന് മറുപടി സമര്‍പ്പിക്കാം. കുറ്റക്കാരനാണെന്ന് സ്വമേധയാ സമ്മതിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും രേഖാമൂലമുള്ള ശാസന ലഭിക്കും. വളരെ വലിയ അതിക്രമങ്ങളാണ് നടന്നതെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഐ.പി.സി അനുസരിച്ചോ ഇന്‍കം ടാക്സ് ആക്ട് അനുബന്ധമാക്കിയോ കേസെടുക്കാവുന്നതാണ്.1 വര്‍ഗീയമായ രീതിയില്‍ വികാരം രൂപപ്പെടുത്തി വോട്ട് കരസ്ഥമാക്കുക/ പണം നല്‍കിയുള്ള വോട്ട് എന്നിവക്ക് കമ്മീഷന്‍ ശക്തമായ രീതിയിലാണ് മുന്നോട്ട് പോകാറ്.

Leave a Reply

Your email address will not be published. Required fields are marked *