Mon. Dec 23rd, 2024
മലപ്പുറം:

പത്രങ്ങളുടെ സത്യസന്ധയില്ലായ്മയ്ക്കെതിരെ പ്രതിഷേധവുമായി പ്ലക്കാർഡും പിടിച്ച് ഒറ്റയ്ക്കു നടന്നു പോവുന്നൊരാളെക്കുറിച്ച് ഫേസ്ബുക്കിലെ സംവാദം ഗ്രൂപ്പിൽ കുറിപ്പിട്ടത് ഷാജഹാൻ ടി അബ്ബാസാണ്. ആ കുറിപ്പ് ഞങ്ങൾ പങ്കുവയ്ക്കുന്നു. വായിക്കൂ.

 

അങ്ങിനെയും ഒരാൾ

 

ചാറ്റൽമഴ ചോർന്നു എടപ്പാളിലെ പെട്രോൾ പമ്പിൽ നിന്നും ബൈക്കുമായി പുറത്തിറങ്ങി. ഒരാൾ ഒരു പ്ലക്കാർഡും പിടിച്ചു ഒറ്റയ്ക്ക് നടക്കുന്നു. അയാളെ ശ്രദ്ധിക്കുന്നതിനേക്കാൾ അയാളെ ഒരു പുച്ഛത്തൊടെ നോക്കുന്ന തൊട്ടടുത്ത കടയിലെ ചെറുപ്പക്കാരനിലാണ് എന്‍റെ ശ്രദ്ധ പതിഞ്ഞത്. ഞാൻ ബൈക്ക് തിരിച്ചു. അയാളുടെ അടുത്തു നിർത്തി. എന്നെ കണ്ടതോടെ അയാളുടെ മുഖത്ത് സന്തോഷം. കൂടുതൽ ആരും തിരിഞ്ഞുനോക്കാത്തതുകൊണ്ടായിരിക്കും ഞാൻ അയാളെ ശ്രദ്ധിച്ചപ്പോൾ അയാൾക്ക് സന്തോഷം തോന്നിയത്

നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെ ഒരു മനുഷ്യൻ നടന്നു പോവുക!!! അതും അയാൾക്ക് വൈയക്തികമായ യാതൊരു ഉപകാരവുമില്ലാത്ത കാര്യത്തിനു. യാത്ര തുടങ്ങിയിട്ട് 25 ദിവസമായത്രേ. ഇതുവരെ ഒരു ചാനലിലോ പത്രത്തിലോ സാറിനെ കണ്ടില്ലല്ലോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി അദ്ധേഹം നൽകി

ഞാൻ സമരം നടത്തുന്നത് പത്രങ്ങളുടെ സത്യസന്ധതയില്ലായ്മക്കെതിരെയാണ്. അപ്പോൾ അവർ ഇത്‌ റിപ്പോർട്ട് ചെയ്യില്ലല്ലോ

നേരറിയാൻ നേരത്തെയും നേര് നന്മയും നേരോടെ നിർഭയവും ഒക്കെ പ്രഖ്യാപിത മുദ്രാവാക്യമാക്കിയ ചാനലുകൾ പോലും ഈ മനുഷ്യനെ ശ്രദ്ധിക്കുന്നില്ല. അയാൾക്ക് വേണ്ടി ഒരു ചാനൽ ക്യാമറയും സൂം ചെയ്യുന്നില്ല! അല്ലേലും ആവിഷ്കാര സ്വാതന്ത്ര്യം സ്വന്തം മൂക്കിന് താഴെ വരെ എന്നാണല്ലോ

മീഡിയ വൺ, ഏഷ്യാനെറ്റ്, മാതൃഭൂമി ചാനലുകളുടെ മലപ്പുറം ബിയൂറോകളിലേക്കു വിളിച്ചു നോക്കട്ടെ. അവർക്കു വല്ല താല്പര്യവും ഉണ്ടെങ്കിൽ ഈ മനുഷ്യൻ മലയാളിയുടെ സ്വീകരണമുറികളിലെ മനുഷ്യരുടെ നന്മകളെ ഉദ്ധീപ്തമാക്കും.

കോടതിയിലെ ഉദ്യോഗസ്ഥനായി വിരമിച്ച ഈ ഗാന്ധിയന്റെ നടത്തം വെറുതെയാവാതിരിക്കട്ടെ. കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹത്തോട് യാത്രപറഞ്ഞത്.

https://www.facebook.com/groups/dialogue14/permalink/2448393948753067/

Leave a Reply

Your email address will not be published. Required fields are marked *