ഷാർജ :
ഇന്ത്യൻ റൂപേയ് കാര്‍ഡ് തങ്ങളുടെ രാജ്യത്തും ഉപയോഗിക്കാനുള്ള അനുമതി നൽകി യു എ ഇ ഭരണകൂടം. പ്രഖ്യാപനത്തെ തുടർന്ന്, പദ്ധതി പ്രായോഗിക മാക്കാനുള്ള നടപടികൾ ഊർജിതമാക്കി. കാർഡ് മുഖേന ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തിൽ ശക്തമായ ചുവടുവെപ്പാണിതെന്ന് ഇന്ത്യൻ ഭരണകൂടം വിശദീകരിച്ചു.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശന വേളയിലാണ് റൂപേ കാർഡിന് യു എ ഇയിൽ ഔദ്യോഗികമായി അംഗീകാരം നൽകിയത്.
തെരഞ്ഞെടുത്ത വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മികച്ച നിരക്കിളവ് ലഭിക്കുമെന്നാണ് നാഷണൽ പേയ്മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. വേള്‍ഡ് എക്‌സ്‌പോ, ദുബൈ വ്യാപാരോത്സവം എന്നിവയുടെ സമയത്ത് കൂടുതൽ നിരക്കിളവ് ലഭിക്കും.
നിലവിൽ, 60 കോടിയോളം റൂപേയ് കാര്‍ഡുകളാണ് ഇന്ത്യയില്‍ ഇതിനോടകം വിതരണം ചെയ്തിരിക്കുന്നത്. യു എ ഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഈ കാര്‍ഡ് പല വിധത്തില്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഒപ്പം, ഒന്നിലധികം ബേങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം റൂപേയ് കാർഡുപയോഗിക്കുന്നതിലൂടെയും ലഭിക്കും.