Mon. Dec 23rd, 2024
ബെംഗളൂരു:

ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള അവസാന സാധ്യത ഒരു ദിവസം കൂടി മാത്രം. ഇസ്രൊ ഇന്നലെ പുറത്തിറക്കിയ വാർത്താ കുറിപ്പിലാകട്ടെ വിക്രം ലാൻഡറുമായി എങ്ങനെ ബന്ധം നഷ്ട്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്നതൊഴികെ മറ്റൊന്നും പറഞ്ഞിട്ടുമില്ല.

ഒരു ദിവസം കൂടി കഴിഞ്ഞാൽ, ലണ്ടറുമായി ബന്ധപ്പെടാൻ ഇസ്രൊ നിശ്ചയിച്ചിരുന്ന 14 ദിവസം അവസാനിക്കുകയാണ്. ഇനി എന്തിലാണ് പ്രതീക്ഷയർപ്പിക്കുകയെന്ന് ഒരു വ്യക്തതയും ഇസ്രൊ തന്നിട്ടുമില്ല.

ചാന്ദ്ര പകലിന്‍റെ തുടക്കം ഗണിച്ചാണ്‌ സെപ്റ്റംബർ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള ഇസ്രൊയുടെ പദ്ധതി രൂപപ്പെട്ടത്. മുഴുവനായും സൗരോർജ്ജം ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കാൻ സജ്ജമായിരുന്ന വിക്രമിന്‍റെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. ചന്ദ്രോപരിതലത്തിൽ രാത്രി സമയത്തെ കൊടും തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല എന്നാണ് വിവരങ്ങൾ. ഇതിനു പുറമെ, ഇടിച്ചിറങ്ങിയിട്ടുണ്ടെങ്കിൽ, ആഘാതത്തിൽ വിക്രമിലെ ഉപകരണങ്ങൾക്ക് തകരാറ് സംഭവിച്ചിരിക്കുമെന്നും വിദഗ്ധർ അനുമാനിക്കുന്നുണ്ട്. അതേസമയം, വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്‌ധ സംഘം പരിശോധിച്ച് വരികയാണ്.

നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓ‌ർബിറ്റർ വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങൾ പകർത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, അതിൽ ലാൻഡറിന്റെ രൂപം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളു. എന്നാൽ, ദക്ഷിണധ്രുവപ്രദേശത്തെ പകൽ സമയം അവസാനിച്ച് തുടങ്ങിയതിനാൽ, ലാൻഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നുമാണ് നാസ അറിയിക്കുന്നത്.

7 വർഷം വരെ പ്രവർത്തിക്കാൻ ശേഷിയുള്ള ഓർബിറ്ററിലാണ് ഇനി എല്ലാ പ്രതീക്ഷയും.

Leave a Reply

Your email address will not be published. Required fields are marked *