എറണാകുളം :
സംസ്ഥാനത്ത് വീണ്ടും അതീഭീകരമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ വീണ്ടും പരക്കെ മഴ പെയ്യാൻ സാധ്യതയെന്നും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാനുള്ള സൂചനകൾ കാണുന്നതിനാലാണ് ഈ അനുമാനമെന്നും കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ ഒരേ സമയം ഉടലെടുക്കുക, അപൂര്‍വമാണെന്നും കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ദക്ഷിണേന്ത്യക്ക് മീതേയായിരിക്കും ഇതിൽ ആദ്യ ന്യൂനമർദ്ദം രൂപം കൊള്ളുക. അതിൽ തന്നെ രണ്ട് മഴപ്രേരക ചുഴികളുമുണ്ടാകും. രണ്ടാമത്തേത് ഇന്ന് അറബിക്കടലിലെ കൊങ്കണ്‍ തീരത്തായി രൂപംകൊണ്ട് വടക്കോട്ട് നീങ്ങും. സെപ്റ്റംബർ 24ആം തിയതീ, ചൊവ്വാഴ്ചയാണ് മൂന്നാമത്തെ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ ഉത്ഭവിക്കുക. ഇത് കേരളത്തിൽ ശക്തമായ മഴയുണ്ടാകാൻ കാരണമായേക്കും.
ഇന്ത്യൻ മധ്യഭാഗത്ത് നിന്നും പേമാരി അകന്നുപോകണമെങ്കിൽ ഒക്ടോബര്‍ പകുതിയെങ്കിലും കഴിയേണ്ടി വരുമെന്നാണ് രാജ്യാന്തര ഏജന്‍സികളുടെ നിരീക്ഷണം. അന്നുമുതൽ കേരളത്തിലും തമിഴ്നാട്ടിലും തുലാമഴ ആരംഭിക്കും. എന്നാൽ, ഇത്തവണത്തെ തുലാമഴയ്ക്ക് പ്രളയസാധ്യത ഉണ്ടെന്നും അനുമാനിക്കപ്പെട്ടുവരുന്നു. നിലവിൽ, സംസ്ഥാനത്ത് മഴ കുറഞ്ഞു നില്‍ക്കുന്ന അവസ്ഥയാണുള്ളത്.