Wed. Nov 6th, 2024
തിരുവനന്തപുരം:

മില്‍മ പാലിന്റെ വില വര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു. ലിറ്ററിന് നാല് രൂപയാണ് ഇന്നു മുതല്‍ പാലിന് വര്‍ധിച്ചിട്ടുള്ളത്. മഞ്ഞനിറമുള്ള പാക്കറ്റിലും, ഇളം നീലനിറത്തിലുള്ള പാക്കറ്റിലും ലഭിക്കുന്ന പാലിന്റെ പുതിയ വില ലിറ്ററിന് 44 രൂപയാണ്. പാക്കറ്റൊന്നിന് 22രൂപ. കടും നീല നിറത്തിലുള്ള പാക്കറ്റില്‍ ലഭിക്കുന്ന പാലിന് ലീറ്ററിന് 46 രൂപയായും വര്‍ധിച്ചു.

കാവി നിറത്തിലും പച്ച നിറത്തിലുമുള്ള കവറുകളില്‍ ലഭിക്കുന്ന കൊഴുപ്പു കൂടിയ പാലിന് ഇന്നു മുതല്‍ ലിറ്ററിന് 48 രൂപയാണ് വില.

 

വില വര്‍ധിപ്പിച്ചതിന്റെ നേട്ടം ക്ഷീരകര്‍ഷകര്‍ക്കു ലഭിക്കുമെന്നാണ് മില്‍മ പറയുന്നത്. വര്‍ധിപ്പിച്ച നാലു രൂപയില്‍ 3 രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. പുതിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ എത്തിയിട്ടില്ലാത്തതിനാല്‍ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളില്‍ തന്നെയാകും പാല്‍ വില്‍പനക്കായി എത്തിക്കുക. എന്നാല്‍ ഉപഭോക്താക്കള്‍ പുതുക്കിയ വില നല്‍കണമെന്നും മില്‍മ അറിയിച്ചിട്ടുണ്ട്.

ഉത്പാദനത്തിനും വിതരണത്തിനും ചെലവ് വര്‍ധിച്ചതിനാല്‍ ലിറ്ററിന് അഞ്ചു രൂപ മുതല്‍ ഏഴ് രൂപ വരെ കൂട്ടണം എന്നായിരുന്നു മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. പ്രളയത്തിന്റെ പശ്ചത്തലത്തിലുണ്ടായ നാശനഷ്ടങ്ങളും കാലിത്തീറ്റയുടെ വിലവര്‍ധനവും കണക്കിലെടുക്കണമെന്നും മില്‍മ ആവശ്യപ്പെട്ടിരുന്നു. ഈ മാസം ആറിന് മന്ത്രി പി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നാലു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

അതേസമയം കര്‍ഷകന്റെ പേരില്‍ പാല്‍ വില വര്‍ധന ആവശ്യപ്പെട്ട മില്‍മ വൈകാതെ തന്നെ മറ്റു വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വില വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുമോ എന്നാണ് ഉപഭോക്താക്കളുടെ സംശയം. 2017ലും മില്‍മ പാല്‍ ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *