Sun. Dec 22nd, 2024
മൊഹാലി:

ആദ്യ കളി മഴമൂലം ഉപേക്ഷിച്ചെങ്കിലും രണ്ടാമൂഴത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി-20യില്‍ ഇന്ത്യക്ക് അത്യുജ്വല വിജയം. ദക്ഷിണാഫ്രിക്കയുടെ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറു പന്ത് ശേഷിക്കെ വെറും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ തിരിച്ചു പിടിച്ചു. ആദ്യമായിട്ടാണ് ഇന്ത്യന്‍ ഭൂമുഖത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യൻ ടീം ട്വന്റി-20 വിജയിക്കുന്നത്.

52 പന്തില്‍ നിന്നും 72 റണ്‍സ് നേടിയ നായകൻ വിരാട് കോലി ഇന്ത്യയുടെ നട്ടെല്ലായി. വിജയ കുതിപ്പോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അവസാന അങ്കം ഞായറാഴ്ച്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചായിരിക്കും.

150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 33 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 12 പന്തില്‍ 12 റണ്‍സെടുത്ത രോഹിതിനെ ഫെഹ്‌ലുക്വായോ പുറത്താക്കി. പിന്നീട് ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും രണ്ടാം വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധ സെഞ്ചുറിക്ക് പത്ത് റണ്‍സ് അകലെ ധവാനെ പുറത്താക്കി ടബരിസ് ഷംസി ഈ കൂട്ടുകെട്ട് പൊളിച്ചു. 31 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ധവാന്റെ 40 റണ്‍സ്.

പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും ഒന്നും ചെയ്യാതെ മടങ്ങി. അഞ്ച് പന്തില്‍ നിന്നും വെറും നാല് റണ്‍സായിരുന്നു
ഋഷഭ് നേടിയത്. നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യർക്കൊപ്പം ചേർന്നാണ് കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. നാല് ഫോറും മൂന്നു സിക്‌സറും അടങ്ങുന്നതായിരുന്നു 52 പന്തില്‍ 72 റണ്‍സെടുത്ത് കോലിയുടെ ഇന്നിംഗ്സ്. 14 പന്തില്‍ 16 റണ്‍സെടുത്ത് പിന്തുണ നല്‍കിയ ശ്രേയസ് അയ്യരും കോലിക്കൊപ്പം പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഫെഹുല്‍ക്വായോ, ഷംസി, ഫോര്‍ച്യുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിൽ ഒതുങ്ങി ദക്ഷിണാഫ്രിക്കയുടെ ആദ്യം ഇന്നിംഗ്സ്. ഇന്ത്യൻ യുവ ബൗളര്‍മാര്‍ക്കെതിരേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനായത് രണ്ടു പേര്‍ക്ക് മാത്രമാണ്. 37 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിനും 43 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത ടെമ്പ ബവുമയ്ക്കും. ഡി കോക്കിനെ സൈനിയും ബവുമയെ ചാഹറും പുറത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *