ചെന്നൈ:
ഏതൊരു രാജ്യത്തിന്റെയും വികസനത്തിനും വളർച്ചയ്ക്കും സമഗ്രതയ്ക്കും ഒരു പൊതു ഭാഷ പ്രധാനമാണെന്നും നിർഭാഗ്യവശാൽ അത്തരമൊരു കാര്യം ഇന്ത്യയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നും തമിഴ് നടൻ രജനീകാന്ത് പറഞ്ഞു.
ഹിന്ദിയെ ഇന്ത്യയുടെ ആഗോള സ്വത്വമാക്കി മാറ്റാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റുകളോട് തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ശക്തമായി പ്രതികരിച്ചതിന് നാല് ദിവസത്തിന് ശേഷമാണ് രജനീകാന്ത് ഈ വിഷയത്തിൽ ശബ്‍ദമുയർത്തിയത്.
സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച താരം തമിഴ്‌നാട്ടിൽ മാത്രമല്ല, ഏതൊരു തെക്കൻ സംസ്ഥാനവും ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് പറഞ്ഞു.ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പോലും ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കില്ല.
“ഇന്ത്യ വിവിധ ഭാഷകളുള്ള രാജ്യമാണ്, ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യവുമുണ്ട്. എന്നാൽ രാജ്യത്തിന് മുഴുവനായി ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, അത് ഇന്ത്യയുടെ ഐഡന്റിറ്റിയായി മാറണം. ഇന്ന്, ഒരു ഭാഷയ്ക്ക് രാജ്യത്തെ ഏകീകരിക്കുവാൻ കഴിയുമെങ്കിൽ, അത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയായ ഹിന്ദിയാണ്, ”ശനിയാഴ്ച ആഘോഷിച്ച ഹിന്ദി ദിവാസ് ദിനത്തിൽ ട്വീറ്റുകളുടെ ഒരു പരമ്പരയിൽ ഷാ പറഞ്ഞു.