#ദിനസരികള്‍ 883
ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാത്തതുകൊണ്ട് ഇടതുപക്ഷത്തിന്റെ പൂര്‍വ്വകാല പ്രൌഡികള്‍ കെട്ടുപോയതില്‍ ആശങ്കപ്പെട്ടുകൊണ്ടാണ് ഡോ. മഹേഷ് രംഗരാജന്‍ അഞ്ചാം ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് “പാഠങ്ങള്‍ പഠിച്ചില്ലെങ്കില്‍, നവീകരിച്ചില്ലെങ്കില്‍ ഭാവിയില്ല” എന്ന ലേഖനം എഴുതുന്നത്. ഇന്ത്യന്‍ വേദിയില്‍ അതിശക്തമായ സാന്നിധ്യമായിരുന്ന ഇടതുപക്ഷം ഇന്നു ജീവിച്ചു പോകുന്നത് ഡി എം കെ എന്ന പാര്‍ട്ടിയുടെ ക്രെഡിറ്റിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇടതുപക്ഷം തഴച്ചു നിന്നിരുന്ന ഇടങ്ങളൊക്കെ മരുഭൂമികളായിരിക്കുന്നു. അമ്പേ തകര്‍ന്നടിഞ്ഞ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലൊന്നും തിരിച്ചു വരവിന്റെ ലാഞ്ചനകളില്ല. അവശേഷിച്ച കേരളത്തിലാകട്ടെ, ലോകസഭയിലേക്കുള്ള ഇലക്ഷനില്‍ 20 സീറ്റുകളില്‍ കേവലം ഒരെണ്ണം മാത്രമാണ് കിട്ടിയത്.
ഇടതുപക്ഷത്തെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണം ഏറെ ദുഷ്കരമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എവിടെയാണ് തെറ്റിയത് എന്ന ചോദ്യത്തിന് നിഷ്കൃഷ്ടമായ ഒരുത്തരം അസാധ്യവുമാണ്. എന്നാല്‍ ചില ദശാസന്ധികളിലെ തീരുമാനങ്ങളെ പൊതുവായി ചൂണ്ടിക്കാണിക്കുവാനും കഴിയുകയും ചെയ്യും. അത്തരം ചില ചൂണ്ടിക്കാട്ടലുകളില്‍ സിംഗൂരും നന്ദിഗ്രാമും യു പി എയ്ക്കുള്ള പിന്തുണ 2008 ല്‍ പിന്‍വലിച്ചതും ജ്യോതിബാസുവിനെ പ്രധാനമന്ത്രിയാക്കാത്തതുമടക്കമുള്ള കാര്യങ്ങളെ പരാമര്‍ശിക്കാനും സാധിക്കുമെന്നാലും ഈ സംഭവങ്ങള്‍ മാത്രമാണ് ജനങ്ങള്‍ കൈയ്യൊഴിഞ്ഞു പോയതിന് കാരണമെന്ന് ചിന്തിച്ചു കൂടാ. മറിച്ച് ആന്തരികവും ബാഹ്യവുമായി സ്വീകരിച്ചുപോന്ന ചെറുതും വലുതുമായ ഓരോ തീരുമാനങ്ങളും പതനത്തിന്റെ ആക്കം കൂട്ടി എന്നു വേണം കരുതാന്‍.
“ഭൂരിപക്ഷവും സ്വയംതൊഴില്‍ ചെയ്യുന്നവരോ ചെറുകിടക്കാരോ ചെറുകിടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോ ആയ ഒരു രാജ്യത്ത് ഒരു ഫാക്ടറിത്തൊഴിലാളിയേയോ കൃഷിഭൂമി കര്‍ഷകന് എന്ന മാതൃകയേയോ അടിസ്ഥാനമാക്കിയാവരുത് സമത്വമെന്ന ആശയത്തെ ചര്‍ച്ച ചെയ്യാന്‍. അക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ചരിത്രത്തിന്റെ നിശ്ചിത ഘട്ടങ്ങളിലും സ്ഥലങ്ങളിലും ഇവയെല്ലാം സാധുവായിരുന്നു.പക്ഷേ വര്‍ത്തമാനകാലത്തിലെ സാമ്പത്തികപരിപാടിക്ക് മറ്റൊരു രൂപരേഖ ആവശ്യമാണ്.” എന്ന ചൂണ്ടിക്കാട്ടല്‍ വിശാലമായ അന്തരീക്ഷത്തില്‍ ഇടതുപക്ഷം ചര്‍ച്ചക്കെടുക്കേണ്ടതുതന്നെയാണ്. അതുപോലെത്തന്നെ ലിംഗസമത്വവും ദളിത് – ആദിവാസി പ്രശ്നങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് അപ്പോള്‍ ഇടതുപക്ഷത്തിന് ഭാവിയുണ്ടോ എന്ന ചോദ്യത്തിന് പ്രൊഫസര്‍ മഹേഷ് രംഗരാജന്‍ ഇങ്ങനെ ഉത്തരം പറയുന്നു – “ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്ന ഭാവികാലവുമായി ഒത്തുപോകുന്നതല്ല തങ്ങളുടെ മാര്‍ഗ്ഗ രേഖകളെന്ന് മനസ്സിലാക്കുന്നതിന് ആശ്രയിച്ചാണ് എല്ലാം കിടക്കുന്നത്. ശരിയാണ്, കേരളത്തിലെ ഇടതുപക്ഷക്കാര്‍ പഴയകാല തൊഴിലാളി വര്‍ഗ്ഗത്തെക്കാള്‍ കൂടുതലായി ഇടത്തരക്കാരുടെ ആശങ്കകളേയും താല്പര്യങ്ങളേയും ആലിംഗനം ചെയ്യാന്‍ വഴക്കം കാട്ടിയിട്ടുണ്ട്. പക്ഷേ അതൊരു ചെറിയ തുടക്കം മാത്രമാണ്. ഒന്നു തീര്‍ച്ച ഭൂതകാലത്തുനിന്ന് പാഠം പഠിക്കാത്തവര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.”
(തുടരും )
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.