Wed. Jan 22nd, 2025
ജറുസലേം:

ഇസ്രയേല്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിനു പുറത്തേക്കെന്നു സൂചന. 91 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയേക്കാള്‍ ഒരു സീറ്റിന് മുന്നിലാണ് ബെന്നി ഗ്ലാന്റ്‌സിന്റെ കഹോള്‍ ലാവന്‍ പാര്‍ട്ടി. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി 31 സീറ്റുകള്‍ നേടിയപ്പോള്‍ കഹോള്‍ ലവന് 32 സീറ്റുകളില്‍ ലീഡുണ്ട്.

നെതന്യാഹുവിനൊപ്പം നില്‍ക്കുന്ന മറ്റു പാര്‍ട്ടികളുടെ ആകെ സീറ്റുകള്‍ കൂട്ടിയാലും കേവല ഭൂരിപക്ഷമായ 61 സീറ്റുകളിലേക്കെത്തില്ല. 54 സീറ്റുകള്‍ മാത്രമാണ് നെതന്യാഹു പക്ഷത്തിനു നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ലികുഡ് പാര്‍ട്ടിയുടെ 31 സീറ്റുകള്‍ കൂടാതെ ലേബര്‍ പാര്‍ട്ടിയുടെ ആറും, യു ടി ജെ യുടെ എട്ടും, നാഷണലിസ്റ്റ് യിസ്രായേല്‍ ബെറ്റിനു പാര്‍ട്ടിയുടെ ഒന്‍പതു പേരുമാണ് നെതന്യാഹുവിനൊപ്പമുള്ളത്.

മൂന്നാം സ്ഥാനത്തുള്ള അറബ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ജോയിന്റ് ലിസ്റ്റ് കഹോള്‍ ലാവനാണ് പിന്തുണ നല്‍കുക. മുഖ്യ പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഐക്യ കക്ഷി സര്‍ക്കാര്‍ തന്നെയാകും അധികാരത്തില്‍ വരിക. ഒന്‍പതു സീറ്റുകളുള്ള ഷാസും, ഏഴുസീറ്റുള്ള തീവ്ര വലതു പക്ഷക്കാരായ യാമിനയും, അഞ്ചു സീറ്റുള്ള ഡെം യൂണിയനും ബെന്നി ഗ്ലാന്‍ഡ്‌സിന് പിന്തുണ നല്‍കുമെന്നാണ് സൂചന.

നേരത്തേ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കിയിരുന്നത് നെതന്യാഹുവിന് അധികാരം നഷ്ടപ്പെടും എന്നു തന്നെയായിരുന്നു.

നെതന്യാഹുവിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതില്‍ വലിയ ആഹ്ലാദത്തിലാണ് അറബ് പാര്‍ട്ടികള്‍. ഏപ്രില്‍ മാസത്തെ തെരഞ്ഞെടുപ്പു ഫലമായ 50 ശതമാനത്തില്‍ നിന്നും 60 ശതമാനമായി വോട്ടു നില ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷവും അറബ് പാര്‍ട്ടികള്‍ക്കുണ്ട്. അറബ് ഭൂരിപക്ഷമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച് ജോയിന്റ് ലിസ്റ്റ് പാര്‍ട്ടിയാണ് നിലവില്‍ മൂന്നാം സ്ഥാനത്തുള്ളത്. ബെന്നി ഗ്ലാന്‍ഡ്‌സിനൊപ്പം ചേര്‍ന്ന് അധികാരത്തിലെത്തുക എന്നതല്ല, നെതന്യാഹുവിനെ താഴെയിറക്കുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ജോയിന്റ് ലിസ്റ്റ് നേതാവായ എം കെ അഹമ്മദ് ടിബി പറഞ്ഞു.

ഇതിനിടെ മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്റെ നാഷണലിസ്റ്റ് ഇസ്രയേലി ബെറ്റിനു പാര്‍ട്ടി ബെന്നി ഗ്ലാഡ്‌സിന് പിന്തുണ നല്‍കിയേക്കുമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. അങ്ങിനെയെങ്കില്‍ അവിഗോര്‍ കിങ് മേക്കറായി മാറിയേക്കുമെന്നും സൂചനയുണ്ട്. പുതിയ സര്‍ക്കാരിന്റെ കാര്യത്തില്‍ ചെറുപാര്‍ട്ടികളുടെ തീരുമാനമാകും നിര്‍ണായകമാവുക.

അതേസമയം നൂറു ശതമാനം തെരഞ്ഞെടുപ്പു ഫലവും പുറത്തു വരുന്നതിനിടെ നെതന്യാഹു സര്‍വ ശക്തിയും പ്രയോഗിച്ച് അധികാരം പിടിച്ചു നിര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *