ലഖ്‌നൗ
ഒക്ടോബർ നാലിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ലഖ്‌നൗ-ദില്ലി തേജസ് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.
ആറ് മണിക്കൂർ 15 മിനിറ്റിനുള്ളിൽ നഗരങ്ങൾക്കിടയിലൂടെ ട്രെയിൻ യാത്ര നടത്തും. രാവിലെ 6.10 ന് ലഖ്‌നൗവിൽ നിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 12.25 ന് ദില്ലിയിലെത്തും. കാൺപൂർ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിർത്തും.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസിന് 56 സീറ്റുകളുള്ള ഒരു എക്സിക്യൂട്ടീവ് ക്ലാസ്സ് എ സി ചെയർ കാറും 78 യാത്രക്കാരെ ഉൾകൊള്ളിക്കാവുന്ന ഒൻപത് എസി ചെയർ കാർ കോച്ചുകളും ഉണ്ട്.
പുതിയ ട്രെയിനിൽ, യാത്രക്കാർക്ക് ടാക്സി, ഹോട്ടൽ ബുക്കിംഗ് എന്നീ സൗകര്യങ്ങളും ഐആർസിടിസി വ്യാപിപ്പിക്കും. തേജസ് എക്സ്പ്രസിലെ എല്ലാ യാത്രക്കാർക്കും ഐആർസിടിസി 10 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് നൽകും.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻറെ എക്സിക്യൂട്ടീവ് ലോഞ്ച് ഉപയോഗിക്കാനും അനുവദിക്കും. ലഖ്‌നൗ ജംഗ്ഷനിലേ സ്റ്റേഷനിൽ വിശ്രമ മുറികൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
യാത്രക്കാർക്ക് ഓൺ-ബോർഡ് സർവീസ് സ്റ്റാഫ് ഭക്ഷണം നൽകും. ചായ, കോഫി വെൻഡിംഗ് മെഷീനുകൾ ട്രെയിനിൽ ലഭ്യമാക്കും.
യാത്രക്കാർക്ക് ആർ ഒ മെഷീനുകൾ വഴി ആവശ്യാനുസരണം വെള്ളം നൽകും. ട്രെയിനിൽ ചരക്ക് വിൽപ്പന നടത്തുന്നതിനെക്കുറിച്ചും ഐആർസിടിസി ആലോചിക്കുന്നുണ്ട്.
തേജസ് എക്സ്പ്രസിന് 60 ദിവസത്തെ മുൻകൂർ റിസർവേഷൻ കാലയളവ് ഉണ്ടായിരിക്കും. ആനുകൂല്യങ്ങളോ ഡ്യൂട്ടി പാസുകളോ അനുവദിക്കില്ല.