Fri. Nov 22nd, 2024
എറണാകുളം :

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ ലിറ്ററിന് 5-6 രൂപ വരെ ഉയർന്നേക്കും. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമായ സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടുത്ത ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയില്‍ വന്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യത കല്പിക്കപ്പെടുന്നത്. അസംസ്കൃത എണ്ണയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന വില വര്‍ധന തുടർന്നുപ്പോരുകയാണെങ്കിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം വ്യക്തമാക്കി.

അതേസമയം, പെട്ടന്നൊരു എണ്ണവിലകയറ്റം ഉണ്ടായേക്കില്ലെന്നും സൂചനകളുണ്ട്. അസംസ്കൃത എണ്ണവില കുറയുന്ന കാര്യത്തിലെ കുഴപ്പം മാറിക്കിട്ടുക, സൗദിയിലെ എണ്ണ ഉൽ‌പാദനം പൂർ‌ണ്ണമായി പുനസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കും. എന്നാൽ, ഇതിന് ഏതാനും ആഴ്ചകളെങ്കിലും എടുത്തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിൽ മേഖലയിലെ സംഘർഷങ്ങൾ ഇനിയും തുടരുമെന്നത് തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാൽ, ആഗോള എണ്ണ വിതരണത്തിലെ പ്രതിസന്ധികള്‍ അതിരൂക്ഷമായേക്കും. അസംസ്കൃത എണ്ണ വില ഉയരുന്നതിനനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ ഓരോ ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകും. അരാംകോയിലെ ആക്രമണങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച ബ്രെന്‍റ് ക്രൂഡ് വില 20 ശതമാനമാണ് കുത്തനെ ഉയര്‍ന്നത്. ഇത് ഏകദേശം 30 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റയടിക്കുള്ള വിലകയറ്റമായിരുന്നു. എണ്ണവില 14.6 ശതമാനം ഉയർന്ന് ബാരലിന് 69.02 ഡോളറിലെത്തി. 1988 ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്.

ലോകത്തിലെത്തന്നെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന എണ്ണയാണ്. എണ്ണവില ഇത്തരത്തിൽ അതിവേഗകയറ്റം തുടർന്നാൽ, രാജ്യത്തിന്റെ ധനസ്ഥിതിയെ ഇത് തകർക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഡൽഹിയിൽ ഇപ്പോൾ, ഒരു ലിറ്റർ പെട്രോളിന് വില 71.89 രൂപയും മുംബൈയിൽ 77.57 രൂപയും ചെന്നൈയിൽ 74.70 രൂപയും കൊൽക്കത്തയിൽ 74.62 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *