Sun. Dec 22nd, 2024
#ദിനസരികള്‍ 882

 

അമേരിക്കയിലെ അടിമത്ത വിരുദ്ധ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് കറുത്തവരുടെ അധ്വാനത്തിന്റെ മോചനമാണ് യൂറോപ്പിലെ വെളുത്ത തൊഴിലാളി വര്‍ഗ്ഗത്തിന് മുന്നുപാധി എന്നു പറഞ്ഞ മാര്‍ക്സിനെ നാം മറന്നു കളയുന്നത് അനുചിതമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന രാജീവന്‍, വര്‍ഗ്ഗങ്ങളുടെ ഉരുത്തിരിയലുകള്‍ക്ക് കാരണം കേവലം സാമ്പത്തികത മാത്രമാണെന്ന ധാരണയെ മാര്‍ക്സിനെത്തന്നെ മുന്നില്‍ നിറുത്തി ഖണ്ഡിക്കുകയാണ് ചെയ്യുന്നത്. വര്‍ഗ്ഗമെന്ന പരികല്പന ഇങ്ങനെ ഒരു സാമ്പത്തിക ഗണമെന്നതിലുപരി ഒരു ക്രിയാത്മക രാഷ്ട്രീയ പ്രയോഗമെന്ന നിലയില്‍ മനസ്സിലാക്കപ്പെടുകയാണെങ്കില്‍ അത് നിശ്ചയമായും വര്‍ഗ്ഗത്തിന്റേയും ജാതിയുടേയും മറ്റും വിരുദ്ധതയിലൂടെ ഇക്കാലമത്രയും ഇന്ത്യന്‍ കീഴാള ജനതയെ ഭിന്നിപ്പിച്ച് നിര്‍വീര്യമാക്കി നിര്‍ത്തിയിരുന്ന രാഷ്ട്രീയ വ്യവഹാരങ്ങളെയെല്ലാം കാലഹരണപ്പെടുത്തുക തന്നെ ചെയ്യും. പുതിയ സമരങ്ങളെ സാധ്യമാക്കുന്ന ഒരു നൂതന കീഴാള ജനാധിപത്യ രാഷ്ട്രീയ വ്യവഹാരത്തിന് വഴി തുറക്കുകയും ചെയ്യും.

ഇതിനര്‍ത്ഥം മാര്‍ക്സിസത്തിന്റെ കേന്ദ്രബിന്ദുവായ വര്‍ഗ്ഗമെന്ന പരികല്പനയെ ഏതെങ്കിലും വിധത്തില്‍ അസ്ഥിരപ്പെടുത്തുകയല്ല മറിച്ച് എല്ലാ തരത്തിലും തലത്തിലും അധീശത്വങ്ങള്‍‌ക്കെതിരെ നടക്കുന്ന പോരാട്ടങ്ങളുടെ നെടുനായകസ്ഥാനത്തേക്ക് വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. അതായത് അംബേദ്‌കർ വിളിച്ചു തരുന്ന മുദ്രാവാക്യങ്ങളെക്കൂടി ഏറ്റു വിളിക്കാനുള്ള ഒരു വിശാലതയിലേക്ക് നാം പുരോഗമിക്കുന്നു. ഇവിടെ വര്‍ഗ്ഗമെന്ന പരികല്പനയെ സാമ്പ്രദായിക മാര്‍ക്സിയന്‍ ചിന്തകളില്‍ നിന്നും പുറത്തേക്ക് ആനയിച്ച ഗ്രാംഷിയെക്കൂടി വായിക്കാനെടുക്കാവുന്നതാണ്. വര്‍ഗ്ഗത്തേയും വര്‍ഗ്ഗസമരത്തേയും വിശാലപ്പെടുത്തിക്കൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ജാതി നിലനില്ക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാതൃക സൃഷ്ടിക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.

എസ് എ ഡാങ്കേ ഒരു പ്രസംഗത്തില്‍ നിങ്ങള്‍ ആര്‍ക്കു വോട്ടുചെയ്തില്ലെങ്കിലും അംബേദ്‌കർക്ക് വോട്ടുചെയ്യരുതെന്ന് ആവശ്യപ്പെട്ടത് ബി രാജീവന്‍ അനുസ്മരിക്കുന്നുണ്ട്:- “വര്‍ഗ്ഗസമരത്തിന്റെ പേരില്‍ ജാതിപ്രശ്നത്തെ അവഗണിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് അംബേദ്‌കറും എതിരായിരുന്നു. അംബേദ്‌കർ ഒരിക്കലും മാര്‍ക്സിസ്റ്റ് വിരുദ്ധനായിരുന്നില്ല. അംബേദ്‌കറുടെ മരണ ശേഷം രണ്ടായി തിരിഞ്ഞ അനുയായികളില്‍ ഒരു വിഭാഗമാണ് അംബേദ്‌കറെ ഒരു തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിച്ചത്. യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗത്തെ ഒരു സാമ്പത്തിക ഗണം മാത്രമായി കണ്ട കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയിലെ ജാതിവ്യവസ്ഥയില്‍ അടങ്ങിയിരിക്കുന്ന വര്‍ഗ്ഗസമരത്തെ കാണാന്‍ കഴിയാതെ പോകുന്നു എന്നതായിരുന്നു അംബേദ്‌കറെ അവരില്‍ നിന്നും അകറ്റിയത്.”

ലേഖനം തുടരുന്നു “അംബേദ്കര്‍ ഒരിക്കലും ജാതിയേയും വര്‍ഗ്ഗത്തേയും പരസ്പരം വിഭജിക്കുന്ന വിപരീതങ്ങളായി കണക്കാക്കിയിരുന്നില്ല. ജാതി സമരത്തിന്റെ പേരില്‍ വര്‍ഗ്ഗസമരത്തെ തള്ളിക്കളഞ്ഞിട്ടില്ല. അടഞ്ഞ വര്‍ഗ്ഗമാണ് ജാതി എന്നാണ് അംബേദ്‌കര്‍ പറഞ്ഞത്. പിന്നീട് വര്‍ഗ്ഗരാഷ്ട്രീയത്തിന്റേയും സ്വത്വരാഷ്ട്രീയത്തിന്റേയും പേരില്‍ കമ്യൂണിസ്റ്റുകാരും ജാതിരാഷ്ട്രീയക്കാരും തമ്മില്‍ നേര്‍ക്കു നേര്‍ നില്ക്കുന്ന കാലം വന്നപ്പോഴാണ് ജാതിയും വര്‍ഗ്ഗവും പരസ്പര വിരുദ്ധങ്ങളാണെന്ന് ഉറപ്പിക്കപ്പെട്ടത്.” ഇനി ഇടതിന്റെ തിരിച്ചടികള്‍ക്ക് പ്രതിവിധി തേടേണ്ടത് വര്‍ഗത്തിന്റെ നിര്‍വചനത്തെ ഉടച്ചു പണിതുകൊണ്ടാണ്. ഇന്ത്യയുടെ പശ്ചാത്തലങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടു സാമ്പത്തികത മാത്രമല്ല വര്‍ഗ്ഗങ്ങളെ സൃഷ്ടിക്കുന്നതിന് നിദാനമായിരിക്കുന്നതെന്ന കാഴ്ചപ്പാട് ഇടതുപക്ഷം നേടിയെടുക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ അംബേദ്‌കറും കമ്യൂണിസ്റ്റുകാരും ഒരേ വഴിയെ സഞ്ചരിക്കുന്നതു കാണാം.

അങ്ങനെ സംഭവിക്കാത്തതുകൊണ്ട് ഇന്നും നിരാശയിലും ദാരിദ്ര്യത്തിലും ജീവിച്ചുപോകുന്ന കീഴാള ജനത ഇടതുപ്രസ്ഥാനങ്ങളില്‍ നിന്നും ഏറെ അകന്നുതന്നെ നില്ക്കുന്നു. അവരെ സ്വാഭാവികമായും കൈയ്യേല്ക്കേണ്ടിയിരുന്നവര്‍ സ്വയം രക്ഷപ്പെടാന്‍ പെടാപ്പാടുപെടുന്നു. ഇടതുപക്ഷം ഇടപെടേണ്ടിയിരുന്നിടത്ത് അതിനു കഴിയാതെ വന്നപ്പോള്‍ തങ്ങളുടെ സവര്‍ണ രാഷ്ട്രീയത്തെ സമര്‍ത്ഥമായി ഇടിച്ചു കയറ്റാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞുവെന്നതാണ് ഞെട്ടിക്കേണ്ട മറ്റൊരു വസ്തുത. സ്വാതന്ത്ര്യത്തിനു ശേഷം “ഇന്ത്യയിലെ മേലാള വര്‍ഗ്ഗം അധികാരത്തില്‍ വന്നു. അതോടെ ഭരണവര്‍ഗ്ഗത്തിന് കീഴ്‌പ്പെട്ട ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ കീഴാളജനതയുടെ അനാഥമാക്കപ്പെട്ട ജനകീയ ബദല്‍ അധികാരത്തിന്റെ ശക്തികളെ ഏറ്റെടുക്കുകയും അപൂര്‍ണമായി അവസാനിച്ച സ്വാതന്ത്ര്യ സമരത്തെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യേണ്ടിയിരുന്നത് ഇന്ത്യയിലെ ഇടതുപക്ഷമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുതലാളിത്ത ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന കീഴാള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ ആ മഹാദൌത്യം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.”

കടുംപിടുത്തങ്ങളില്‍ അഭിരമിക്കുന്ന ഒരു സൈദ്ധാന്തികതയ്ക്ക് ഇന്ത്യന്‍ കീഴാളവര്‍ഗ്ഗത്തിനെ അഭിവാദ്യം ചെയ്യാന്‍ കഴിയില്ലെന്ന് തിരിച്ചറിയേണ്ടുന്ന സന്ദര്‍ഭങ്ങള്‍ എത്രയോ കടന്നു പോയി. അന്നൊക്കെ ഇടതുപക്ഷം അതിന്റെ ദൌത്യങ്ങളെ വിസ്മരിച്ചു. എന്നാല്‍ ഇനിയെങ്കിലും അതേറ്റെടുക്കുവാന്‍ അടിയന്തിരമായി തയ്യാറായി കൃത്യമായ മുദ്രാവാക്യങ്ങള്‍ മുന്നോട്ടു വെയ്ക്കാന്‍ കഴിയണം. അങ്ങനെയാണെങ്കില്‍ യു പിയിലെ കര്‍ഷക ജനത എല്ലാത്തരത്തിലുള്ള താല്പര്യങ്ങളേയും വിസ്മരിച്ച് ചെങ്കൊടിക്കു കീഴില്‍ വിന്യസിക്കപ്പെട്ട് ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമൊക്കെ പ്രയാണം നടത്തിയതുപോലെ ഇന്ത്യന്‍ കീഴാള ജനതയെ അണിനിരത്താന്‍ കഴിയും. ജനത ഇങ്ങോട്ടു വന്ന ഒരു ഘട്ടത്തില്‍ നാം മുഖംതിരിച്ചു. ഇനി അങ്ങോട്ടു പോയി സ്വീകരിച്ചു കൊണ്ടുവരണമെന്നു മാത്രം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *