Wed. Nov 6th, 2024
രാജസ്ഥാന്‍:

മായാവതിക്ക് തിരിച്ചടിയായി രാജസ്ഥാനിലെ മുഴുവന്‍ നിയമസഭാംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി എസ് പിക്ക് രാജസ്ഥാന്‍ നിയമസഭയില്‍ ഉണ്ടായിരുന്ന ആറ് എം എല്‍ എ മാരാണ് ഇന്നലെ രാത്രി കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.

തിജാര എം എല്‍ എ സന്ദീപ് യാദവ്, നാഗര്‍ എം എല്‍ എ വാജിബ് അലി, കരോലി എം എല്‍ എ ലഖന്‍സിങ്, ഭരത്പൂര്‍ എം എല്‍ എ ജോഗീന്ദ്രസിങ് അവാന, ഉദയപുര്‍വാടി എം എല്‍ എ രാജേന്ദ്ര സിങ് ഗുഡ്ഡ, കിഷന്‍ഗഡ് ബാസ് എം എല്‍ എ ദീപ്ചന്ദ് ഖേരിയ എന്നിവരാണ് ഒറ്റ രാത്രികൊണ്ട് കോണ്‍ഗ്രസുകാരായത്. പാര്‍ട്ടി മാറ്റത്തിന് മുന്നോടിയായി ആറുപേരും ഇന്നലെ നിയമസഭാ സ്പീക്കര്‍ സി പി ജോഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതായി അറിയിച്ച് എം എല്‍ എമാര്‍ സ്പീക്കര്‍ക്കു കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബി എസ് പി അംഗങ്ങളായ ഇവര്‍ ഇതുവരെ പുറത്തു നിന്നു കൊണ്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കി വരികയായിരുന്നു.

അതേസമയം പാര്‍ട്ടിയിലെ നിയമസഭാംഗങ്ങള്‍ ഒരുമിച്ച് പാര്‍ട്ടി മാറിയതിനാല്‍ കൂറുമാറ്റ നിരോധന നിയമവും ഇവര്‍ക്ക് തിരിച്ചടിയാവില്ല.

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് സംഭവം ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. വര്‍ഗീയശക്തികള്‍ക്കെതിരെ പോരാടാനും നാടിന്റെ വികസനത്തിനും വേണ്ടി സംസ്ഥാന സര്‍ക്കാരിന് സ്ഥിരത ലഭിക്കുന്നതിനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് രാജേന്ദ്ര ഗുഡ്ഡ പ്രതികരിച്ചു. അശോക് ഗെഹ്ലോട് മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെക്കാള്‍ നന്നായി രാജസ്ഥാനു വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കുംകഴിയില്ലെന്നും ഗുഡ്ഡ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും ഗുഡ്ഡ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കുറച്ചു നാളായി നടത്തി വരുന്ന രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായാണ് ആറുപേരെയും ഒറ്റയടിക്ക് കോണ്‍ഗ്രസിലെത്തിക്കാന്‍ കഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് പതിമൂന്ന് സ്വതന്ത്ര എം എല്‍ എമാരില്‍ 12 പേരുടെയും ബി എസ് പി യുടെ ആറു പേരുടെയും പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. സ്വതന്ത്രന്മാരായ നിയമസഭാംഗങ്ങള്‍ 12 പേരും നേരത്തേ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭരണ സ്ഥിരത ഉറപ്പാക്കാന്‍ ആറ് ബി എസ് പി അംഗങ്ങളെയും കൂടി കോണ്‍ഗ്രസ് തങ്ങള്‍ക്കൊപ്പം കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *