ആന്ധ്രാ പ്രദേശ്:
എഴുപത്തിരണ്ടാം വയസില്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളെ കുറിച്ചുള്ള അത്ഭുതം നിറഞ്ഞ വാര്‍ത്തക്കു പിന്നാലെ ദുഖമുണ്ടാക്കുന്ന വാര്‍ത്തകളും പുറത്തു വരികയാണ്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കള്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞുങ്ങളുടെ 72 കാരിയായ മാതാവ് യെരമാട്ടി മങ്കയമ്മ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞുങ്ങള്‍ ജനിച്ചതിനു ശേഷമുണ്ടായ കടുത്ത രക്തസമ്മര്‍ദ്ദമാണ് സ്ട്രോക്കിനു കാരണമായത്.
സെപ്റ്റംബര്‍ അഞ്ചിനാണ് ആന്ധ്ര സ്വദേശികളായ രാജറാവു-മങ്കയമ്മ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍ കുഞ്ഞുങ്ങള്‍ ജനിച്ചത്. ഗുണ്ടൂര്‍ ടൗണിലെ അഹല്യ നഴ്സിങ് ഹോമില്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഡോക്ടര്‍ ഉമാശങ്കറിന്റെ നേതൃത്വത്തില്‍ നാലു ഡോക്ടര്‍മാരായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
കുഞ്ഞുങ്ങള്‍ ജനിച്ചതിനു പിന്നാലെ കുട്ടികളുടെ പിതാവായ രാജറാവുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്‌ട്രോക്കിനെ തുടര്‍ന്ന് മങ്കയമ്മയും ആശുപത്രിയിലായത്. ഐ വി എഫ് ചികിത്സയ്ക്കു പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് സ്‌ട്രോക്കിന് കാരണമെന്നാണ് സൂചന. ഈ പ്രായത്തിലുള്ള ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സ നല്‍കിയതിനെതിരെ നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വൈദ്യ ശാസ്ത്ര രംഗത്തെ അത്ഭുതമെന്ന് വാഴ്ത്തിയ സംഭവത്തിന്റെ തുടര്‍ച്ചയായി ദമ്പതികള്‍ ആശുപത്രിയിലായത് ഡോക്ടര്‍മാര്‍ക്കെതിരെ വലിയ വിമര്‍ശനത്തിന് വഴി വെച്ചിട്ടുണ്ട്.
കൂടിയ പ്രായത്തില്‍ ഇത്തരത്തില്‍ ഐ വി എഫ് ചികിത്സയിലൂടെ കുഞ്ഞുങ്ങളെ പ്രസവിച്ച് പല അമ്മമാര്‍ക്കും പിന്നീട് പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുള്ളതായി ചരിത്രം തന്നെ സാക്ഷിയാണ്. നേരത്തേ ലോകത്തിലെ ഇരട്ടക്കുട്ടികളെ പ്രസവിച്ച ഏറ്റവും പ്രായമുള്ള അമ്മയായിരുന്ന മരിയ ഡെല്‍കാര്‍മെന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ചികിത്സകളുടെ പാര്‍ശ്വ ഫലങ്ങള്‍ക്ക് ഉദാഹരണമാണ്.