കൊച്ചി:
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം. ഫ്‌ളാറ്റുടമകള്‍ക്കനുകൂലമായ നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള യു ഡി എഫ് നേതാക്കളില്‍ നിന്നും ഉണ്ടായതെങ്കിലും ഇത്രയും ഗൗരവമുള്ള വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ ഘടകകക്ഷി നേതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം പിമാര്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് യു ഡി എഫ് എംപിമാര്‍ ഒപ്പിട്ടിരുന്നില്ല. ടി എന്‍ പ്രതാപന്‍, എന്‍ കെ പ്രേമചന്ദ്രന്‍, രാഹുല്‍ഗാന്ധി എന്നിവരാണ് കത്തില്‍ ഒപ്പു വെക്കാതിരുന്നത്.
വ്യത്യസ്ഥ നിലപാടുകളുടെ പേരിലായിരുന്നു പ്രേമചന്ദ്രനും പ്രതാപനും ഒപ്പിടാതിരുന്നത്. രാഹുല്‍ ഗാന്ധി സ്ഥലത്തില്ല എന്നായിരുന്നു വിശദീകരണം. ഇതിനിടെയാണ് ആര്‍ എസ് പി ഇപ്പോള്‍ മറ്റൊരു വിമര്‍ശനം കൂടി ഉന്നയിച്ചിരിക്കുന്നത്. മരടിലെ ഫ്‌ളാറ്റു വിഷയം യു ഡി എഫില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ആര്‍ എസ് പി ഉയര്‍ത്തിയത്. ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ആര്‍ എസ് പിയുടെ നിലപാട്. അതേസമയം യു ഡി എഫിലെ ചില ഉന്നതര്‍ക്കെങ്കിലും ഹോളി ഫെയ്ത്ത് ഉള്‍പ്പെടെയുള്ള ബില്‍ഡര്‍മാരുമായുള്ള ബന്ധമാണ് ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെടാത്തതിന് കാരണം.
കായല്‍ കയ്യേറി നിര്‍മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണം എന്നതാണ് ആര്‍ എസ് പി യുടെ അഭിപ്രായം. ഫ്‌ളാറ്റുകള്‍ നിര്‍മിച്ചവര്‍ക്കെതിരെയും ഫ്ളാറ്റ് നിര്‍മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ആര്‍ എസ് പി ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് അനുകൂലമായ പരാമര്‍ശങ്ങള്‍ ഉള്ളതു കൊണ്ടായിരുന്നു ആര്‍ എസ് പി നേതാവു കൂടിയായ എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഒപ്പു വെക്കാതിരുന്നത്. തൃശൂര്‍ എം പി ആയ ടി എന്‍ പ്രതാപനും ഇതേ നിലപാടു തന്നെ ആയിരുന്നു.
350 ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് കേരളത്തിലെ ബാക്കിയുള്ള 17 എം പി മാര്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.
ഫ്‌ളാറ്റുകളുടെ ഉടമകളില്‍നിന്നും മരട് നഗരസഭ നികുതി സ്വീകരിക്കുന്നുണ്ട് എന്നും നിയമലംഘനത്തെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലായിരുന്നു എന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേ സമയം നിര്‍മാണത്തിലെ നിയമ ലംഘനവും കായല്‍ കൈയേറിയുള്ള നിര്‍മാണവും പ്രത്യക്ഷത്തില്‍ തന്നെ ഇവിടെ വ്യക്തമാണ്. അതു കൊണ്ടുതന്നെ ഫ്‌ളാറ്റു നിര്‍മാതാക്കളും ഫ്‌ളാറ്റുകള്‍ വാങ്ങിയവരും നിരപരാധികളാണെന്ന വാദവും മുഖവിലക്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇതിനിടെ മരടിലെ വിവാദ ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ക്ക് നഗരസഭ നല്‍കിയിരുന്നത് താല്‍കാലിക കെട്ടിട നമ്പറായിരുന്നു എന്നു വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നു. മരടില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച ആല്‍ഫ വെഞ്ച്വേഴ്സിനും ജെയ്ന്‍ ഹൗസിങ്ങിനും നഗരസഭ നല്‍കിയത് യു എ നമ്പര്‍ മാത്രമാണെന്നും ഈ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. നിര്‍മാണത്തില്‍ നിയമ ലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങള്‍ക്കാണ് താല്ക്കാലികമായി യു എ സര്‍ട്ടിഫിക്കറ്റ് നല്‍കാറുള്ളത്.
നഗര സഭയുടെ പൂര്‍ണമായ അനുമതിയോടെയാണ് ഫ്ളാറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന നിര്‍മാതാക്കളുടെ വാദം ഇതോടെ പൊളിയുകയാണ്. ഫ്‌ളാറ്റുകളുടെ വില്‍പന നടത്തിയതും നിയമപ്രകാരമായിരുന്നു എന്ന ബില്‍ഡര്‍മാരുടെ അവകാശ വാദത്തിനും ഇത് തിരിച്ചടിയാണ്. കോടതി ഉത്തരവ് വന്നാല്‍ ഒഴിയണമെന്നുള്ള ഉപാധിയോടെ തന്നെയാണ് രണ്ടു കമ്പനികള്‍ക്കും നമ്പര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.