ആലുവ:
മലയാളത്തിലെ പ്രശസ്ത നടന്‍ സത്താര്‍(67) അന്തരിച്ചു. ആലുവയിലെ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. മൂന്നു മാസത്തോളമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു.
എഴുപതുകളുടെ രണ്ടാം പകുതിയിലും എണ്‍പതുകളുടെ തുടക്കത്തിലും മലയാള ചലചിത്ര രംഗത്തെ നിറ സാന്നിധ്യമായിരുന്നു സത്താര്‍. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സത്താര്‍ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്നു.
ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ സത്താര്‍ 1975-ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് കടന്നു വന്നത്.
1952ല്‍ കടുങ്ങല്ലൂരിലെ ഖാദര്‍പിള്ള, ഫാത്തിമ ദമ്പതികളുടെ ഒന്‍പതാമത്തെ മകനായി ജനിച്ച സത്താര്‍ ആലുവ യു സി കോളേജിലെ ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷമാണ് സിനിമാ രംഗത്തെത്തിയത്.
1976ല്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ജയന്റെ ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സത്താര്‍ പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്. ബാബു ആന്റണി നായകനായ കമ്പോളം ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയാണ് സത്താര്‍.
സിനിമാരംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് 1979-ല്‍ സത്താര്‍ നടി ജയഭാരതിയെ വിവാഹം ചെയ്യുന്നത്. ഇവരുടെ മകനാണ് ചലച്ചിത്ര നടന്‍ കൂടിയായ കൃഷ് ജെ സത്താര്‍. ജയഭാരതിയും സത്താറും പിന്നീട് വേര്‍പിരിഞ്ഞു.
ഇതിനിടെ കുറച്ചു കാലം മലയാള സിനിമാ രംഗത്ത് സജീവമല്ലാതിരുന്ന സത്താര്‍ ഒരിടവേളക്കു ശേഷം സൂപ്പര്‍ താര ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ മടങ്ങിയെത്തി. 2014-ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വച്ചത് എന്നതാണ് അവസാന ചിത്രം.
സംസ്‌കാരം വൈകിട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.