Wed. Nov 6th, 2024
തൊടുപുഴ:

പി ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ പാലായിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് പുലിക്കുന്നേല്‍ തൊടുപുഴയിലെ വീട്ടിലെത്തി. ഇന്നു രാവിലെയാണ് പുലിക്കുന്നേല്‍ പി ജെ ജോസഫിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇതിനിടെയാണ് ജോസ് ടോം പി ജെ ജോസഫിനെ കാണാനെത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പത്തു മിനിട്ടോളം നീണ്ടു നിന്നു.

ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജോസഫ് വിഭാഗം സജീവമാകാത്ത സാഹചര്യത്തിലാണ് അനുനയിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥി തന്നെ രംഗത്തിറങ്ങിയത്. കേരള കോണ്‍ഗ്രസില്‍ താഴെ തട്ടു മുതല്‍ തന്നെ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മില്‍ ചേരിതിരിവ് രൂക്ഷമാണ്.

ആദ്യം മാണി സാറിന്റെ പേരുമാത്രം മതി ജയിക്കാന്‍ എന്നു പറഞ്ഞിരുന്ന ജോസ് ടോമിന് തെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസിലായിട്ടുണ്ട്. ജോസഫിനെ കൂടി ഒപ്പം നിര്‍ത്താതെ വിജയം എളുപ്പമാവില്ലെന്നും പുലിക്കുന്നേല്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ജോസഫിനെ അനുനയിപ്പിക്കാന്‍ മറ്റാരും തയ്യാറാകാത്തതിനാല്‍ പുലിക്കുന്നേല്‍ തന്നെ നേരിട്ടെത്തുകയായിരുന്നു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് ഇന്നത്തെ സന്ദര്‍ശനം.

പാലായില്‍ നടന്ന യു ഡി എഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ വെച്ച് ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ പി ജെ ജോസഫിനെ അധിക്ഷേപിച്ചതും പാര്‍ട്ടിയില്‍ ഇരുവിഭാഗവും തമ്മില്‍ ഭിന്നതയുണ്ടാക്കിയിരുന്നു. ഇതിനിടെ ജോസ് ടോം പുലിക്കുന്നേല്‍ യു ഡി എഫ് നേതൃയോഗത്തില്‍ എത്താതിരുന്നതും ജോസഫിനെ ചൊടിപ്പിച്ചു. ഇതോടെയാണ് പി ജെ ജോസഫ് വിഭാഗം പൊതുവെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങിയത്. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും പി ജെയുമായി ചര്‍ച്ച നടത്താന്‍ സ്ഥാനാര്‍ത്ഥി തയ്യാറായിരുന്നില്ല.

ഇതിനിടെ യു ഡി എഫ് നേതാക്കള്‍ നടത്തിയ അനുനയ ശ്രമങ്ങളും വിജയിക്കാത്തതിനെ തുടര്‍ന്നാണ് ജോസ് ടോം തന്നെ മുന്നോട്ടു വന്നത്. യു ഡി എഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പിജെ ജോസഫ് നാളെ പാലായിലെത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നാളെ പാലായിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമവായത്തിന്റെ മാര്‍ഗത്തിലൂടെ പ്രചാരണം സുഗമമാക്കുക എന്ന ലക്ഷ്യവുമായി ടോം ജോസ് തൊടുപുഴയിലേക്കു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *