Mon. Dec 23rd, 2024
#ദിനസരികള്‍ 880

 
“കഴിഞ്ഞ നൂറു കൊല്ലത്തോളമായി അയവില്ലാത്തതും സിദ്ധാന്ത ജടിലവുമായ ഒരു തരം രാഷ്ട്രീയമായാണ് ഇടതുപക്ഷം അറിയപ്പെടുന്നത്. മാര്‍ക്സിസത്തോട് അല്ലെങ്കില്‍ ലെനിന്‍ മുന്നോട്ടു വെച്ച അതിന്റെ കുടുസ്സായ വ്യാഖ്യാനത്തോട് ഉള്ള കൂറാണത്. ഒരു ചരിത്രസിദ്ധാന്തവും മുതലാളിത്ത രാഷ്ട്രീയ സമ്പദ്ഘടനയുടെ വിശകലനവും വിപ്ലവത്തിന്റെ അനിവാര്യതയിലുള്ള വിശ്വാസവും ഭരണകൂട നിയന്ത്രിതമായ സോഷ്യലിസത്തേയും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉള്‍‌ക്കൊള്ളുന്നതാണ് ആ പ്രത്യയശാസ്ത്രം.
”ഇടതുപക്ഷം മരിച്ചു, ഇടതുപക്ഷം നീണാള്‍ വാഴട്ടെ എന്ന പേരില്‍ യോഗേന്ദ്രയാദവ് എഴുതിയ ലേഖനത്തില്‍ നിന്നാണ് മുകളില്‍ ഉദ്ധരിച്ചത്. ലോകസഭ ഇലക്ഷനിലെ ഫലം പുറത്തുവന്നതോടെ ഒരു രാഷ്ട്രീയ രൂപം എന്ന നിലയില്‍ ഇടതുപക്ഷം അവസാനിച്ചുവെന്നും എന്നാല്‍ വഴികാട്ടി എന്ന നിലയില്‍ അതിന്റെ പ്രസക്തിയും പ്രാധാന്യുവും കൂടുതല്‍ വ്യക്തമായി എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

വര്‍ഗ്ഗപരിസരത്തുനിന്നുള്ള ലോകവീക്ഷണത്തെ സിദ്ധാന്തജടിലതയായി അദ്ദേഹം അവതരിപ്പിക്കുന്നു. വര്‍ഗ്ഗതാല്പര്യം സിദ്ധാന്തശാഠ്യമായല്ല ഇടതുപക്ഷത്തിന്റെ ഉള്‍ക്കാമ്പായാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അക്കാര്യത്തില്‍ അയവുണ്ടാവുകയെന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അസംബന്ധമാണ്. നട്ടെല്ലിനെ മാറ്റിവെച്ച് എങ്ങനെയാണ് കൈയ്യടികള്‍ക്കു വേണ്ടി ഇടതുപക്ഷത്തിന് പ്രവര്‍ത്തിക്കാനാകുക? അങ്ങനെ ചെയ്തുവെങ്കില്‍ ഇടതുപക്ഷം എത്രത്തോളം ഇടതാകും എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

“നമ്മുടെ പൊതു ജീവിതത്തില്‍ നിന്ന് ഇടതുപക്ഷം അപ്രത്യക്ഷമായാല്‍ അതൊരു ദുരന്തമായിരിക്കും. മറ്റെന്തൊക്കെ പരാജയങ്ങളുണ്ടെന്ന് പറഞ്ഞാലും ഇടതുപക്ഷമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍“ എന്ന പ്രസ്താവന പുറപ്പെട്ടുവരുന്നത് കേവലം ഭംഗിവാക്കായിട്ടാണെന്ന് സംശയംപോലും അസ്ഥാനത്തല്ല. ചര്‍ച്ച ചെയ്യുന്നത് അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഇടതിന് വര്‍ത്തമാനകാലത്ത് വഴികാട്ടിയാകുന്ന ആശയങ്ങളെ തേടുന്നതിനാണ്. ഗതകാലപ്രൌഡികളില്‍ അഭിരമിച്ചുകൊണ്ട് വര്‍ത്തമാനകാലത്തെ ആക്ഷേപിക്കുവാനല്ല, മറിച്ച് ഇക്കാലത്തിന്റെ വെല്ലുവിളികള്‍ക്ക് ഇക്കാലത്തിന്റെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനാണ്.

കാല്പനികവും അമൂര്‍ത്തവുമായ കാരണങ്ങള്‍ ഉന്നയിക്കപ്പെടുന്നത് എത്രമാത്രം സഹായകരമാകുമെന്നത് രാഷ്ട്രീയ വിശകലന വിദഗ്ദനായ യോഗേന്ദ്ര യാദവിന് അറിഞ്ഞു കൂടാത്തതാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത്രയും ആഴമേറിയ ഒരു ചോദ്യത്തോട് അത്രയൊക്കെ മതി എന്ന ധാരണയില്‍ ആരും തന്നെ ഇടപെടുമെന്നും കരുതുന്നില്ല. പക്ഷേ “ഇടതുപക്ഷം സോവിയറ്റു യൂണിയന്റെ പതനത്തിനു ശേഷം മൂന്നു പതിറ്റാണ്ടുകളോളം നിലനിന്നതിലാണ് അത്ഭുതം” എന്ന കാഴ്ചപ്പാട് പുലര്‍ത്തുന്ന ഒരാള്‍ ഇടതിന് എന്തുപറ്റി എന്ന ചോദ്യത്തോട് എവിടെയൊക്കെ തപ്പിത്തടയുമെന്ന് മനസ്സിലാക്കുവാന്‍ അത്രയധികം ക്ലേശപ്പെടേണ്ടതില്ലെന്നു തോന്നുന്നു.

മറ്റാരെയുംകാള്‍ യോഗേന്ദ്രയാദവിന് പ്രസ്തുത വിഷയത്തെ ആഴത്തില്‍ അഭിവാദ്യം ചെയ്യാന്‍ കഴിയേണ്ടതായിരുന്നു. എന്തുകൊണ്ടോ അത്തരമൊരു സമീപനം അദ്ദേഹം സ്വീകരിച്ചില്ല. “ഒരു നവ ഇടതുപക്ഷം പഴയതിന്റെ മൂല്യവത്തായ അവശേഷിപ്പുകളുടെ ആകെത്തുകയായാല്‍ പോര, അത്തരമൊരു സങ്കലനം ആവശ്യമാണ്, പക്ഷേ അതുകൊണ്ടുമാത്രമായില്ല. പുതുമയുള്ള ചിന്തകള്‍ ആവിഷ്കരിക്കാന്‍ നീതിയുക്തവും സമത്വാധിഷ്ടിതവുമായ സമൂഹം സൃഷ്ടിക്കുന്നതു സംബന്ധിച്ച് അയവില്ലാത്ത ആശയങ്ങളെ തിരസ്കരിക്കാന്‍ പരിഷ്കരണോന്മുഖമായ പുതുനയങ്ങള്‍ മുന്നോട്ടു വെയ്ക്കാന്‍ നവംനവമായ ഒരു പദകോശത്തെ അവലംബിക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ – ഇതിനൊക്കെയുള്ള ധീരതയുണ്ടാകണം. ഇതൊക്കെയാകുമ്പോള്‍ പുതിയൊരു പേരിനു വേണ്ടിയുള്ള തിരച്ചിലും അനിവാര്യമാകും” എന്നാണ് അദ്ദേഹം തന്റെ വിശേഷപ്പെട്ട കണ്ടെത്തലുകളെ ഉപസംഹരിക്കുന്നത്.

യോഗേന്ദ്ര യാദവ് ആലോചിക്കുന്നത് ഇടതുപക്ഷത്തിന് വേണ്ടിയല്ല, മുതലാളിത്തത്തോട് അടുത്തു നില്ക്കുന്ന സ്വതന്ത്രകൂട്ടായ്കള്‍ക്കു വേണ്ടിയാണ്. ഇടതുപക്ഷത്തിന്റേതായ അടിസ്ഥാനമൂല്യങ്ങളൊക്കെ അദ്ദേഹത്തിന് സൈദ്ധാന്തികശാഠ്യങ്ങളാണ്. ഇടതുപക്ഷത്തെ വാനോളം പുകഴ്ത്തുമ്പോഴും അതിന്റെ അതിജീവനത്തിന് അത്രയേറെ ആകാംക്ഷ അദ്ദേഹം പ്രകടിപ്പിക്കുന്നില്ലെന്നത് വേദനാജനകമാകുന്നു.

(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *