Mon. Dec 23rd, 2024
ലഖ്‌നൗ:

നാലു പതിറ്റാണ്ടായി പൊതു ഖജനാവില്‍ നിന്നും നികുതി അടയ്ക്കുന്ന ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ശീലം മാറുന്നു. എല്ലാ മന്ത്രിമാരും ഇനി മുതല്‍ സ്വന്തം കയ്യില്‍ നിന്നു തന്നെ നികുതി അടയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. 38 വര്‍ഷത്തോളമായി പൊതുഖജനാവില്‍ നിന്നാണ് ഉത്തര്‍പ്രദേശിലെ മന്ത്രിമാരുടെ നികുതി അടയ്ക്കുന്നത് എന്ന വാര്‍ത്ത വിവാദമായതോടെയാണ് മുഖ്യമന്ത്രിതന്നെ നേരിട്ട് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഇനി മുതല്‍ യുപിയിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്വന്തം പണം കൊണ്ടു തന്നെ നികുതി അടയ്ക്കുമെന്ന് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്നയും പറഞ്ഞു.

1981ല്‍ നിയമസഭ പാസാക്കിയ നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു യുപിയിലെ മന്ത്രിമാര്‍ ഇതുവരെ സര്‍ക്കാര്‍ പണം കൊണ്ട് നികുതി അടച്ചു വന്നിരുന്നത്. വി പി സിങ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പാസാക്കിയ നിയമത്തിന്റെ ആനുകൂല്യം 19 മുഖ്യമന്ത്രിമാരും ആയിരത്തോളം മന്ത്രിമാരും ഇതുവരെ കൈപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ നിലവില്‍ 47 മന്ത്രിമാരാണ് ഉത്തര്‍ പ്രദേശിലുള്ളത്.

നൂറ്റി പതിനൊന്നു കോടി ആസ്തിയുള്ള മായാവതിയും, 37 കോടി ആസ്തിയുള്ള അഖിലേഷ് യാദവുമൊക്കെ യുപിയില്‍ അധികാരത്തിലിരിക്കുമ്പോള്‍ പൊതുഖജനാവിലെ പണം കൊണ്ട് നികുതി അടച്ചവരാണ്. 2017ലെ തെരഞ്ഞെടുപ്പു കാലത്തു നല്‍കിയ സാക്ഷ്യപത്രം അനുസരിച്ച് യോഗി ആദിത്യനാഥിന്റെ സ്വത്തിന്റെ മൂല്യം പത്തുകോടിയോളം വരും. ഇതുവരെ ഈ നേതാക്കളെല്ലാം നിയമത്തിന്റെ ആനുകൂല്യത്തില്‍ പൊതുഖജനാവിലെ പണം കൊണ്ട് നികുതി അടച്ചു വരികയായിരുന്നു.

വലിയ നികുതി ഭാരം താങ്ങേണ്ടി വരുന്ന സാധാരണക്കാരനെ സംബന്ധിച്ച് പൊതു ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതായുള്ള വാര്‍ത്ത ഞെട്ടലുണ്ടാക്കിയിരുന്നു. 1981ലെ ആക്റ്റ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരും വ്യക്തമാക്കി.

അതേസമയം ഉത്തര്‍ പ്രദേശിലെ നിയമത്തില്‍ നിലവിലുണ്ടായിരുന്ന ഈ ആനുകൂല്യത്തെക്കുറിച്ച് അറിയില്ല എന്നാണ് പല രാഷ്ട്രീയക്കാരും പ്രതികരിച്ചത്.

1981ലെ ആക്റ്റ് പ്രകാരമുള്ള ഈ സൗജന്യങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും ആക്റ്റ് പുനപരിശോധിക്കണമെന്നും മുന്‍ എംപി, പി എല്‍ പുനിയ പറഞ്ഞു. പല തവണയായി ശമ്പളത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിന്‍വലിക്കേണ്ടതാണെങ്കില്‍ ഈ നിയമം പിന്‍വലിക്കുക തന്നെ ചെയ്യണം എന്നും പുനിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *