Thu. Jan 23rd, 2025
ന്യൂഡല്‍ഹി:

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വീണ്ടും മാധ്യമങ്ങളെ കാണും. ഡല്‍ഹിയിലെ മീഡിയ സെന്ററില്‍ ഉച്ചക്ക് 2.30ന് വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്നാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിട്ടുള്ളത്.

രാജ്യത്തെ വ്യവസായങ്ങള്‍ പലതും പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ ധനമന്ത്രി സാമ്പത്തിക രംഗത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുന്ന നടപടികള്‍ പ്രഖാപിച്ചേക്കുമെന്നാണ് സൂചന. വ്യവസായ വാണിജ്യ മേഖലകളിലും, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ധനമന്ത്രി ഇന്നു പ്രഖ്യാപിക്കാനൊരുങ്ങുന്ന നടപടികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധി ഓരോ ദിവസവും രൂക്ഷമാകുന്നതോടെ ജനങ്ങള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നോട്ടു നിരോധനവും, ജിഎസ്ടിയും ഉള്‍പ്പെടെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളാണ് പ്രതിസന്ധിക്കു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്കും ഇക്കാര്യം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും വലിയ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്.

ഈ വര്‍ഷം തന്നെ ഇത് മൂന്നാം തവണയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. ഓഹരികളിലുള്ള വിദേശ നിക്ഷേപത്തിനുമേല്‍ ആദ്യ തവണ പ്രഖ്യാപിച്ചിരുന്ന ലക്ഷ്വറി ടാക്‌സ് കഴിഞ്ഞ തവണ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിയാന്‍ തുടങ്ങിയതോടെയാണ് അടിയന്തിരമായി രണ്ടാമത്തെ പ്രഖ്യാപനം വന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ താഴെയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധിയും (ഐഎംഎഫ്) കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പലതും ദുര്‍ബലമായതാണ് ഇതിന് കാരണം. പല നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലാകുമെന്നാണ് ഐഎംഎഫും നല്‍കുന്ന സൂചന. 2020 ഓടെ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിലും അതിലേക്ക് എത്തുക പ്രയാസമായിരിക്കും എന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *