Thu. Dec 19th, 2024
തൃശൂര്‍:

പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തിയേറ്റര്‍ നടത്തിപ്പുകാരന്‍ സമീപവാസിയായ ലോട്ടറി വില്‍പനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. മാപ്രാണം വര്‍ണ തിയേറ്ററിന് സമീപം താമസിക്കുന്ന വാലത്ത് വീട്ടില്‍ രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്.

മാപ്രാണത്തെ വര്‍ണ തിയേറ്റര്‍ ലീസിന് ഏറ്റെടുത്തു നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശി സഞ്ജയും ഇയാളുടെ ഗുണ്ടകളും ചേര്‍ന്നാണ് രാജനെ ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ രാജന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ സഞ്ജയും ഗുണ്ടകളും ചേര്‍ന്ന് രാജനെയും മകന്‍ വിനുവിനെയും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.

രാത്രിയില്‍ രാജന്റെ വീട്ടിലേക്കുള്ള വഴിയില്‍ തിയേറ്ററിലെത്തിയ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലേക്കുള്ള വഴിയില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ മാറ്റാന്‍ തിയേറ്റര്‍ നടത്തിപ്പുകാരോട് രാജന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് രാത്രി 12 മണിയോടെ സഞ്ജയുടെ നേതൃത്വത്തിലെത്തിയ നാലംഗ സംഘം രാജനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ആദ്യം ഇരുവരെയും മര്‍ദിച്ച ശേഷം ഗേറ്റിന് പുറത്തിറങ്ങിയ അക്രമികള്‍ വടിവാളുമായി വന്ന് വീണ്ടും ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ രാജനെയും മകന്‍ വിനുവിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ രാജന്‍ മരണമടയുകയായിരുന്നു. ഇതിനിടെ രോഷാകുലരായ നാട്ടുകാര്‍ തിയേറ്റര്‍ ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് ശാന്തരാക്കി. തിയേറ്റര്‍ നടത്തിപ്പുകാരനായ സഞ്ജയ് ഇതിനു മുമ്പും നാട്ടുകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന് തെളിവായി അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *