Sat. Nov 23rd, 2024
മുംബൈ:

വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങളെ കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും മൂന്നു മക്കള്‍ക്കുമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ജനീവയിലെ എച്ച് എസ് ബി സി ബാങ്കിലുള്ള നിക്ഷേപത്തെ കുറിച്ച് വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.

2015ല്‍ നിലവില്‍ വന്ന കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്. വിവിധ രാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്നും ആദായ നികുതി വകുപ്പിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2019 മാര്‍ച്ച് 28ന് നോട്ടീസ് അയച്ചത്. ഇതിനു പിന്നാലെ ഏപ്രില്‍ 12ന് ആദായനികുതി വകുപ്പിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എച്ച് എസ് ബി സി ബാങ്കിലെ ജനീവയിലെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിലെ പ്രധാന നിക്ഷേപം അംബാനി കുടുംബത്തിന്റേതാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 2003 നവംബര്‍ അഞ്ചിനാണ് ക്യാപിറ്റല്‍ ഇന്‍വെസ്റ്റ് മെന്റ് ട്രസ്റ്റിന് തുടക്കം കുറിച്ചത്. ഇതില്‍ പ്രധാന നിക്ഷേപം നടത്തിയിട്ടുള്ള ഹരിനാരായണ്‍ എന്റര്‍ പ്രൈസസിന്റെ വിലാസം മുംബൈയിലേതാണ്. ട്രസ്റ്റിന്റെ ഗുണഭോക്താക്കള്‍ അംബാനി കുടുംബമാണെന്നാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുള്ള സൂചന.

ജനീവയിലെ എച്ച് എസ് ബി സിയില്‍ അക്കൗണ്ടുള്ള ഇന്ത്യയിലെ 700 നിക്ഷേപകരെ കുറിച്ചുള്ള വിശദാംശങ്ങള്‍ 2011ല്‍ ഗവണ്‍മെന്റിന് ലഭിച്ചതിനു ശേഷമാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം തുടങ്ങിയത്. എച്ച് എസ് ബി സി ജനീവയിലെ നിക്ഷേപകരുടെ എണ്ണം പെട്ടെന്ന് 1195 ആയി വര്‍ധിച്ചതോടെ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ ഒരു രാജ്യാന്തര സംഘം സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു.

ബാങ്കിലെ 14 അക്കൗണ്ടുകള്‍ ഉള്‍പ്പെട്ട ഒരു ക്ലസ്റ്ററിലെ 601 മില്യണ്‍ ഡോളര്‍ നിക്ഷേപത്തെ കുറിച്ചുള്ള അന്വേഷണം ചെന്നു നിന്നത് റിലയന്‍സുമായി ബന്ധപ്പെട്ട ഒരു കൂട്ടം സ്ഥാപനങ്ങളിലാണ്. ഈ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ 2019 ഫെബ്രുവരി നാലിന് ആദായ നികുതി വകുപ്പു തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 28ന് നോട്ടീസ് അയച്ചത്. എന്നാല്‍ പിന്നീടു വന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപടികള്‍ സാവധാനമാക്കി.

അംബാനിയുടെ പ്രിയങ്കരനായ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തുടര്‍ നടപടികളെല്ലാം ഒച്ചിഴയുന്ന വേഗത്തിലാവുകയും ചെയ്തു. നോട്ടീസ് നല്‍കിയതായി വിശ്വസനീയ കേന്ദ്രങ്ങള്‍ സൂചന നല്‍കുമ്പോഴും ഇങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ല എന്ന നിലപാടിലാണ് റിലയന്‍സ് വക്താക്കള്‍. വാര്‍ത്ത റിലയന്‍സ് ഗ്രൂപ്പ് നിഷേധിക്കുകയും ചെയ്തു.

അതേസമയം 2015ലെ കള്ളപ്പണ നിയമത്തിന്റെ പത്താം വകുപ്പിലെ വെളിപ്പെടുത്താത്ത സ്വത്തും വരുമാനവും സംബന്ധിച്ചുള്ള ഒന്നാം ഉപവകുപ്പ് പ്രകാരം ആദായ നികുതി വകുപ്പ് അഡിഷണല്‍ കമ്മീഷണര്‍ 3(3), മുംബൈ എന്ന വിലാസത്തില്‍ നിന്നുമാണ് അംബാനി കുടുംബത്തിന് നോട്ടീസ് അയച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ആദായ നികുതി വകുപ്പ് മാര്‍ച്ച് അവസാനം നോട്ടീസ് അയച്ചത്.

2003 നവംബര്‍ അഞ്ചിനാണ് സി ജെ ദമനി പ്രധാന ഇന്‍വെസ്റ്ററായി ക്യാപിറ്റല്‍ ഇന്‍വെസ്റ്റുമെന്റ് ട്രസ്റ്റ് രൂപീകരിച്ചത്. ആയിരം ഡോളറായിരുന്നു ട്രസ്റ്റിന്റെ പ്രാധമിക നിക്ഷേപം. ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിലും ഇതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും അംബാനി കുടുംബം നടത്തിയിട്ടുള്ള നിക്ഷേപത്തെ കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി റിലയന്‍സ് ഇതുവരെ ആദായ നികുതി വകുപ്പിന് നല്‍കിയിട്ടില്ലെന്നാണ് സൂചന.

ക്യാപിറ്റല്‍ ഇന്‍വെസ്റ്റുമെന്റില്‍ മുംബൈ ആസ്ഥാനമായ ഹരിനാരായണന്‍ എന്റര്‍ പ്രൈസസിന്റെ പങ്ക് വ്യക്തമാണ്. എന്നാല്‍ ട്രസ്റ്റിന്റെ ഓഹരിയുടമകളുടെ വിവരം അതീവ രഹസ്യമാണ്. എന്നാല്‍ ആത്യന്തികമായി ഹരിനാരായണ്‍ എന്റര്‍പ്രൈസസിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ അംബാനി കുടുംബം തന്നെയാണെന്ന് ആദായ നികുതി വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *