റിയാദ്:
പ്രശസ്ത എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ എണ്ണ സംസ്‌കരണ ശാലക്കു നേരെ ഡ്രോണ്‍ ആക്രമണം. അബ്‌ഖൈഖിലെ എണ്ണ ശുദ്ധീകരണ പ്ലാന്റിലും ഖുറൈസിലെ എണ്ണപ്പാടത്തും ഡ്രോണുകള്‍ പതിച്ചതായി സൗദിയിലെ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. യമനിലെ ഹൂതികളാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. പുലര്‍ച്ചെ 4.15 ഓടെയാണ് രണ്ടിടത്തും ഡ്രോണുകള്‍ പതിച്ചത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റാണ് അബ്‌ഖൈഖിലേത്. ദമ്മാമിനടുത്ത ദഹ്‌റാനില്‍ നിന്നും 60 കി.മീ മാത്രം ദൂരമാണ് ഇവിടേക്കുള്ളത്. സൗദിയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം എണ്ണയും ഇവിടെയാണ് സംസ്‌കരിച്ചെടുക്കുന്നത്. ഈ പ്ലാന്റിലാണ് ആദ്യത്തെ ഡ്രോണ്‍ വന്നു വീണത്. വൈകാതെ ഖുറൈസിലെ എണ്ണപ്പാടത്ത് രണ്ടാമത്തെ ഡ്രോണും പതിച്ചു.
ആക്രമണത്തെ തുടര്‍ന്ന് വന്‍ പൊട്ടിത്തെറിയും തീപിടിത്തവും രണ്ട് പ്ലാന്റുകളിലും ഉണ്ടായെങ്കിലും തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. റിഫൈനറിക്കു സമീപത്തു നിന്നും ആളുകളെ ഉടന്‍ തന്നെ ഒഴിപ്പിച്ചിരുന്നു.
അപകടത്തില്‍ ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല. നാശനഷ്ടം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അരാംകോയും വൈകാതെ വിവരങ്ങള്‍ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും ഹൂതികള്‍ അരാംകോക്ക് നേരെ ആക്രമണ ശ്രമം നടത്തിയിരുന്നു.
ചരിത്രത്തിലാദ്യമായി ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് അരാംകോ. ഇതിനിടെയാണ് ആക്രമണമുണ്ടായത്.