Thu. Oct 31st, 2024
#ദിനസരികള്‍ 878

തങ്ങളുടെ ചരിത്രപരമായ ദൌത്യം പൂര്‍ത്തിയാക്കി അസ്തമയം പ്രതീക്ഷിച്ചിരിക്കുന്ന ഒന്നല്ല ഇന്ത്യയിലെ ഇടതുപക്ഷമെന്നു കരുതാന്‍ നിരവധി ന്യായങ്ങളുണ്ട്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കുവാനും വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍‌ക്കൊള്ളാനും കഴിയുന്ന തരത്തിലുള്ള ഒരു ജൈവികത ആ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിപ്പോരുന്നുണ്ടെന്നത് വാസ്തവമാണ്.

എന്നാല്‍ ആശയദാര്‍ഡ്യമുള്ള പ്രസ്ഥാനങ്ങളെന്ന നിലയില്‍ പെട്ടെന്ന് വഴങ്ങാത്ത ഒരു ശരീരഘടനയെ സൂക്ഷിക്കുന്ന ഇടതുപ്രസ്ഥാനങ്ങള്‍ തങ്ങള്‍‌ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പരിശോധിക്കുന്നത് ഇടതു മൂല്യങ്ങളുടെ കല്ലില്‍ ഉരച്ചു നോക്കിയാണ്. അങ്ങനെ കുലങ്കഷമായി പരിശോധനക്കു വിധേയമാക്കുന്ന സാഹചര്യങ്ങളില്‍ വെറും കൈയ്യടികള്‍ക്കു വേണ്ടിയുള്ള ഉപരിപ്ലവങ്ങളായ വിമര്‍ശനങ്ങളേയും അല്ലാത്തവയേയും അവയുടെ ക്ഷോദക്ഷമത പരിശോധിച്ചുകൊണ്ട് തള്ളാനും കൊള്ളാനും ഇടതുപക്ഷം മടികാണിച്ചിട്ടില്ല. ഇങ്ങനെ ആശയപരമായി പ്രകടിപ്പിക്കുന്ന ഉള്‍ക്കരുത്തുകളെ സൈദ്ധാന്തികശാഠ്യങ്ങളെന്ന് വ്യവഹരിച്ചുകൊണ്ടാണ് പലരും വിമര്‍ശനവിധേയമാക്കുന്നത്.

എന്നാല്‍ ഇത്തരം കര്‍ക്കശമായ നിലപാടുകളില്ലെങ്കില്‍ ഇടതുപക്ഷം ഒരര്‍ത്ഥത്തിലും ഇടതുപക്ഷമാകില്ലെന്നു മാത്രവുമല്ല, അത് കേവലം മറ്റൊരു വലതുപക്ഷം എന്നതിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. അതുകൊണ്ട് നിലപാടുകളില്‍ അയവില്ലാത്ത സമീപനം സ്വീകരിക്കുന്ന കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരം ‘ജനകീയവും’ കൈയ്യടി നേടാന്‍ സഹായിക്കുന്നതുമായ എളുപ്പവഴികളിലേക്ക് ചേക്കേറാന്‍ കഴിയാറില്ലെന്നത് വാസ്തവമാണ്. നിരന്തരം നവീകരിച്ചുകൊണ്ടും എന്നാല്‍ വര്‍ഗ്ഗവീക്ഷണത്തിന്റെ വരമ്പുകളില്‍ നിന്ന് വഴുതി വീഴാതെ തങ്ങളുടെ പ്രതിബദ്ധതകളെ മുറുകെപ്പിടിച്ചു കൊണ്ടുമാണ് ഇടതുപ്രസ്ഥാനങ്ങള്‍ എക്കാലത്തും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് (ഇടതുപക്ഷങ്ങള്‍ എന്ന വിശാലമായ പ്രയോഗത്തില്‍ വലതുപക്ഷത്തേക്ക് ചേക്കേറിയ ഇടതുപക്ഷത്തേയും തീവ്രഇടതുപക്ഷത്തേയും ഞാന്‍ പരിഗണിക്കുന്നില്ലെന്ന് സൂചിപ്പിക്കട്ടെ)

അതിവേഗത്തില്‍ വലതുവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അതിനെതിരെ പ്രതിരോധങ്ങള്‍ തീര്‍ത്തുകൊണ്ട് പിടിച്ചു നില്ക്കുന്നതിന് ജാഗ്രതയോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. രാജ്യം ഉയര്‍ത്തിപ്പിടിച്ചിരുന്ന ഭരണഘടനയടക്കമുള്ള മൂല്യങ്ങളെല്ലാംതന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇടതിന്റെ ശബ്ദം എന്തുകൊണ്ടാണ് വേറിട്ടു കേള്‍ക്കാത്തത് എന്ന ചോദ്യത്തിന് ചെവികൊടുക്കേണ്ടതുതന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിനു കഴിയാതെ വരുമ്പോഴാണ് തിരിച്ചടികളുടെ ഘോഷയാത്രകളുണ്ടാകുന്നത്. അത്തരത്തിലുള്ള തിരിച്ചടികളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും പാഠങ്ങളൊന്നും പഠിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഇടതുപക്ഷം ക്ഷയിച്ചു നശിച്ചു പോകുകയാണെന്നുമുള്ള ആക്ഷേപങ്ങള്‍ ഇക്കാലത്ത് പല കോണുകളില്‍ നിന്നും ധാരാളമായി ഉയരുന്നു. ചരിത്രത്തിലിന്നുവരെ ഇടതുപക്ഷം ഇത്രത്തോളം ക്ഷീണിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ വിമര്‍ശകരുടെ എണ്ണവും കൂടുതലാകുന്നത് സ്വാഭാവികമാണ്. അക്കൂട്ടത്തില്‍ ചിലര്‍ ഇടതിനുണ്ടായ ദുര്യോഗത്തില്‍ ആത്മാര്‍ത്ഥമായും വ്യസനിക്കുന്നവരാണ്.മറ്റു ചിലരാകട്ടെ ഗൂഢാഹ്ലാദത്തോടെയാണ് സമാശ്വാസ വചനങ്ങളുമായി ഇറങ്ങുന്നതെന്നതും വ്യക്തമാണ്.

എന്തായാലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടികളെ കൂടുതല്‍ സൂക്ഷ്മതയോടെയും ആത്മാര്‍ത്ഥതയോടെയും വിലയിരുത്തേണ്ട സാഹചര്യമുണ്ട്. അത്തരത്തിലുള്ള കുലങ്കഷമായ ഒരു പരിശോധനയില്‍ നിന്നു മാത്രമേ തിരുത്തേണ്ടതിനേയും തുടരേണ്ടതിനേയും വേറിട്ട് മനസ്സിലാക്കി നയപരിപാടികളില്‍ ആവശ്യമായ വ്യതിയാനങ്ങള്‍ വരുത്തുവാന്‍ സാധിക്കുകയുള്ളു.അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിനെതിരെ ഉയരുന്ന ഏതൊരു വിമര്‍ശനത്തേയും നാളിതുവരെ പ്രകടിപ്പിക്കാത്ത ആര്‍ജ്ജവത്തോടെ പരിഗണിക്കുകതന്നെ വേണം. 2019 ലെ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ഇടതുപക്ഷം കേവലമൊരു സൈദ്ധാന്തിക ബാധ്യതയായി സമൂഹത്തിനു മുകളില്‍ തങ്ങി നില്ക്കുകയാണോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുള്ള ഇക്കാലങ്ങളില്‍ പ്രത്യേകിച്ചും.

ഈ സാഹചര്യത്തിലാണ് ഇടതിന് എന്തു പറ്റി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതു പേരെ മാതൃഭൂമി ദിനപത്രം ചുമതലപ്പെടുത്തിയത്. ‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ ചിന്തകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവോ? ദരിദ്ര ജനകോടികളുടെ നാട്ടില്‍ ജനാധിപത്യ പാതയില്‍ വര്‍ഗ്ഗസമര സിദ്ധാന്തത്തിന്റെ പാതയില്‍ ഇറങ്ങിത്തിരിച്ച ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നവതി പിന്നിടുന്ന വേളയില്‍ സ്വത്വപ്രതിസന്ധി തന്നെ നേരിടുന്നുവോ? തിരഞ്ഞെടുപ്പുകളില്‍ തുടരെ പിന്നോട്ടടിക്കുന്ന ഇടതുകക്ഷികളുടെ പാര്‍‍ലമെന്റിലെ സാന്നിധ്യംതന്നെ നാമമാത്രമാകുന്നു. ദേശീയപാര്‍ട്ടി പദവിപോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദ്യം ചെയ്യുന്നു. ഒരൊറ്റ ഭരണഘടന, ഒരൊറ്റ തിരഞ്ഞെടുപ്പ് കേന്ദ്രീകൃത രാഷ്ട്രം – രാജ്യം ഏകശിലാ രൂപത്തിലേക്ക് മാറുമ്പോള്‍ ബദല്‍ ചിന്തകളുടെ – പ്രയോഗത്തിന്റെ ഇടതുപക്ഷ ശബ്ദം എവിടെ?’ എന്ന ചോദ്യമാണ് മാതൃഭൂമി ഉന്നയിക്കുന്നത്. ശിവ് വിശ്വനാഥന്‍, പരഞ്ജോയ് ഗുഹ, യോഗേന്ദ്ര യാദവ്, ബി. രാജീവന്‍, ഡോ. മഹേഷ് രംഗരാജന്‍, ഉല്ലേഖ് എന്‍. പി, ഡോ. ജയകൃഷ്ണന്‍ ടി., വി. കൃഷ്ണ അനന്ത്, കെ. വേണു എന്നിവരിലൂടെ നടത്തിയ അന്വേഷണത്തിന് ഏറെ പ്രസക്തിയുണ്ടെന്ന കാര്യം എടുത്തു പറയട്ടെ.

മുകളില്‍ പേരെടുത്തു പറഞ്ഞ ഒമ്പതു പേര്‍ പത്തു ദിവസമായി തങ്ങളുടെ എഡിറ്റോറിയല്‍ പേജില്‍ നടത്തിയ ഈ അന്വേഷണങ്ങളിലൂടെ ഏറ്റവും തുറന്ന മനസ്സോടെ കടന്നു പോകേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.ഇന്ത്യയിലെ ഇടതിനെ അകന്നും അടുത്തും നിന്ന് അറിഞ്ഞ വിശകലന വിദഗ്ദരും വിവിധ സാമൂഹ്യ മേഖലകളില്‍ പ്രതിഭ തെളിയിച്ച പ്രഗല്ഭരുമായവര്‍ എന്താണ് ഇടതുപക്ഷത്തെപ്പറ്റി പറയുന്നതെന്ന് മനസ്സിലാക്കേണ്ടതു തന്നെയാണല്ലോ.എന്നുമാത്രവുമല്ല മുങ്ങിത്താഴാന്‍ പോകുന്ന ഇടതിന് ഒരു കച്ചിത്തുരുമ്പെങ്കിലും ലഭിക്കുന്ന സാഹചര്യങ്ങളെ അവഗണിച്ചു കൂടാതാനും. അതുകൊണ്ട് വിശാലമായ താല്പര്യങ്ങളോടെ പുതിയ തിരിച്ചറിവുകളും തിരുത്തല്‍ സാധ്യതകളും കണ്ടെത്തുന്നതിനു വേണ്ടി ഓരോ ലേഖനങ്ങളും വിശദമായി പരിശോധിക്കുകപ്പെടേണ്ടതാണെന്ന് അടിസ്ഥാനത്തിലാണ് ഈ ഉദ്യമത്തിന് ഞാന്‍ മുതിരുന്നത്.

ലേഖനം ഒന്ന്

ശിവ് വിശ്വനാഥന്‍ എഴുതിയ ‘സൈദ്ധാന്തിക ശാഠ്യങ്ങളല്ല, വേണ്ടത് അനുതാപം’ എന്ന ലേഖനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്.

ഇടതുപക്ഷം എന്ന വിശാലമായ പരിപ്രേക്ഷ്യത്തെ സി പി ഐ എം എന്ന് തന്റെ ലേഖനത്തിന്റെ ഒന്നാമത്തെ ഖണ്ഡികയില്‍ തന്നെ അദ്ദേഹം ചുരുക്കിയെടുക്കുന്നു. സിപിഐ എം എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷമാണെന്ന് ഗുണപരമായ കാഴ്ചപ്പാടാണ് അദ്ദേഹത്തെ അത്തരമൊരു കാഴ്ചപ്പാടിലേക്ക് നയിച്ചത് എന്ന സമാശ്വസിക്കുക.

ശിവ് വിശ്വനാഥന്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആക്ഷേപങ്ങളെ ഒന്ന് ക്രോഡീകരിക്കട്ടെ.

1960 ല്‍ തൊഴിലാളി പ്രസ്ഥാനം , നീതി വിപ്ലവം എന്നിവയിലായിരുന്നു സി പി ഐ എമ്മിന്റെ ഊന്നല്‍. 1990 കള്‍ ആയപ്പോഴേക്കുമത് അക്രമം , സ്റ്റാലിനിസം , ഗുണ്ടായിസം എന്നിവയായി അധപ്പതിച്ചു. പാര്‍ട്ടിയുടെ വിപ്ലവബോധം ജീര്‍ണിച്ചതും അപ്രസക്തവുമായി.
ഇന്ന് ഇടതുപക്ഷം സമ്പൂര്‍ണമായി അന്തസ്സു ചോര്‍ന്ന് നില്‍പ്പാണ്. രാജാവ് നഗ്നനാണ് എന്ന് പറയേണ്ടതില്ല.രാജാവ് ഒരു സാന്നിധ്യമേ അല്ലാതായിരിക്കുന്നു.നാശത്തിന്റെ സൂചനകള്‍ വ്യക്തമായിരുന്നു. ബംഗാളിസമൂഹത്തെ നിര്‍ഗുണവും വര്‍ഗ്ഗീയവുമാക്കുന്ന പ്രക്രിയ പൂര്‍ത്തീകരിച്ചത് ഇടതുപക്ഷമാണ്. 
ബിഹാറിലും സമാനമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തൊഴില്‍ അവബോധമില്ല. ഇതിഹാസസമാനരായ ഇടതുനേതാക്കന്മാര്‍ അവിടെ ഇന്നില്ല. കനയ്യ കുമാറാകട്ടെ ഒരു തരം ഗൃഹാതുരത മാത്രമാണ്. 
സ്റ്റാലിന്‍വത്കരണം പ്രതികൂലമായി ബാധിച്ചു. 
പാര്‍ശ്വവത്കൃതരായവര്‍ പാര്‍ട്ടിയുടെ ഭാവനയിലൊന്നും തന്നെ ഉണ്ടായിരുന്നില്ല.
വഴി പിഴച്ച പോക്കിലൂടെ സ്വയം റദ്ദു ചെയ്യുകയും അപ്രസക്തമെന്ന് സ്വയം തെളിയിക്കുകയും ചെയ്യുകയാണ് ഇടതുപക്ഷം.
ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും സി പി എമ്മിന്റെ പ്രകൃതം ഉദ്യോഗസ്ഥ മേധാവിത്വപരമാണ്.മഹത്തായ പരിസ്ഥിതി സമരങ്ങള്‍‍ക്കൊന്നും അവര്‍ നേതൃത്വം നല്കിയില്ല. 
നിയതമായ ചട്ടക്കൂട്ടില്‍ ഒതുങ്ങാത്ത പക്ഷം പാര്‍ശ്വവത്കൃതരോടും ദുര്‍ബലരോടും ഇടതുപക്ഷം നിസ്സംഗനയമാണ് കൈക്കൊണ്ടത്.
ദുരിതമനുഭവിക്കുന്നവരോടുള്ള അനുതാപം അവരില്‍ അത്ര പ്രകടമായി കണ്ടിട്ടില്ല. സൈദ്ധാന്തിക ശാഠ്യങ്ങള്‍ക്ക് ബദലായി അനുതാപത്തെ പ്രതിഷ്ഠിക്കുമ്പോഴേ ഇടതുപക്ഷത്തിന് അംഗീകാരം നേടാനാകൂ. നേതൃത്വത്തില്‍ വനിതയായിരുന്നെങ്കില്‍ അനുതാപത്തിന് അനുകൂലമായി വരുമായിരുന്നു. 
പ്രകൃതിയെക്കുറിച്ച് അവര്‍ക്ക് ഒരു സിദ്ധാന്തവും മുന്നോട്ടു വെയ്ക്കാനില്ല.  
മതനിരപേക്ഷ രാഷ്ട്രീയമായി ശരിയാണെങ്കിലും അതൊരു ജീവിതരീതി എന്നതിനെക്കാള്‍ ഉപചാരം മാത്രമാണ്. ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ പോന്ന ഒന്നും തന്നെ അവരുടെ പക്കലില്ല.  
യെച്ചൂരിക്ക് വഴക്കമുണ്ട്.എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യതയില്ല. ഇങ്ങനെ ആക്ഷേപങ്ങളുടെ ഒരു പട്ടിക തന്നെ നമുക്ക് ഈ ലേഖനത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. മദര്‍ തെരേസ്സ സിപിഎമ്മിനെക്കാള്‍ ഇടതാണ് എന്നതടക്കമുള്ള ഭാവനാനിര്‍ഭരമായ ദര്‍ശനവും അദ്ദേഹം മുന്നോട്ടു വെയ്ക്കുന്നുണ്ടെന്ന് കൂട്ടത്തില്‍ പറയട്ടെ. 

ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത് കേവലമായിട്ടാണ് എന്നതാണ് ഈ ലേഖനത്തെ ദുര്‍ബലപ്പെടുത്തുന്നത്. അപചയപ്പെടാനുള്ള കാരണങ്ങളെ അപഗ്രഥനാത്മകമായി ചര്‍ച്ച ചെയ്യാതെ ദുര്‍‌‍മേധസ്സു നിറഞ്ഞ ആരോപണങ്ങളെ വെറുതെ വലിച്ചെറിയുകയെന്നത് പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തെ കളങ്കപ്പെടുത്തുന്നതാണ്. ചരിത്രത്തിലെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുമ്പോഴും ഉത്തരങ്ങള്‍ക്ക് അവസാന ഖണ്ഡികയുടെ നാലോ അഞ്ചോ വരികളെ മാത്രമാണ് അദ്ദേഹം കരുതിവെയ്ക്കുന്നത്.അതാകട്ടെ ആത്മാര്‍ത്ഥയുള്ള ഉത്തരങ്ങളാണെന്നും കരുതാന്‍ വയ്യ.

‘ഒരു തദ്ദേശീയ മാര്‍ക്സിനെ വേണ്ടി വന്നിരിക്കുന്നു. അവിടെയാണ് ഇടതുപക്ഷം പരാജയപ്പെടുന്നതും. ഭാവനയെ പുനരുജ്ജീവിപ്പിക്കുകയും ഈ പ്രക്രിയയുടെ ഭാഗമായി സര്‍വ്വകലാശാലാ സിവില്‍ സമൂഹ രാഷ്ട്രീയങ്ങള്‍ക്ക് ഉത്തേജനം പകരുകയും ചെയ്യണം. നവീനമായ പരിപ്രേക്ഷ്യങ്ങളും പുതിയ മാതൃകാബിംബങ്ങളും ഉരുത്തിരിയുകയും വേണം. പ്രാദേശികവും ആഗോളവുമായ പുനരാലോചനകളിലൂടെ മാത്രമേ ആര്‍എസ്എസിനെ കീഴ്‌പ്പെടുത്താനാവൂ. സമയമെടുക്കുന്ന പ്രക്രിയയാണത്. പക്ഷേ ചിട്ടയായും സമര്‍പ്പണബോധത്തോടെയും ചെയ്താല്‍ ജനാധിപത്യം പടുത്തുയര്‍ത്താന്‍ കഴിയും. ഇന്ത്യയ്ക്ക് ഇടതുപക്ഷത്തെ ഒരു ഭാവനയുടെ രൂപത്തിലാണ് വേണ്ടത്. ആ ഭാവന സഫലീകരിക്കുന്നതിലാണ് ഇവിടെ ഇടതുപക്ഷത്തിന്റെ ഭാവി.’

എത്ര കാല്പനികമായിട്ടാണ് ശിവ് വിശ്വനാഥന്‍ തന്റെ ലേഖനം അവസാനിപ്പിക്കുന്നതെന്ന് നോക്കുക. ആര്‍ക്കും ആരോടും പറയാവുന്ന ഉപദേശമെന്നതിനപ്പുറമുള്ള ഒരു പ്രാധാന്യമൊന്നും ഇവിടെയുണ്ടെന്ന് തോന്നുന്നില്ല. അതൊരിക്കലും സിപിഎമ്മിന്റെ ഭാവിയിലേക്കുള്ള വഴികളെ വെളിപ്പെടുത്തുന്നവയുമല്ല. വര്‍ഗ്ഗരാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തിന് അനുതാപമെന്ന വൈകാരികതയാണ് ചാലകശക്തിയാകേണ്ടതെന്ന വാദം അസംബന്ധം തന്നെയാണ്. അതുമാത്രവുമല്ല മാര്‍ക്സിനെ വേണ്ടിവന്നിരിക്കുന്നുവെന്ന് പ്രസ്താവിക്കുന്നതിനോടൊപ്പംതന്നെ സൈദ്ധാന്തികതയില്‍ നിന്നും വിടുതല്‍ നേടിയ ഒരു പാര്‍ട്ടിയേയാണ് ജനം പ്രതീക്ഷിക്കുന്നതെന്നുകൂടി എഴുതുന്നതിലെ വൈരുദ്ധ്യം ശ്രദ്ധിക്കുക.ലേഖനവും നിര്‍‌ദ്ദേശങ്ങളും ജനകീയ താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ്, എന്നാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളെ ശക്തിപ്പെടുത്തുന്നവയല്ലെന്നതാണ് വസ്തുത.

(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *