ന്യൂഡല്‍ഹി:
കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ വജ്രവ്യാപാരിയായ നീരവ് മോദിയുടെ സഹോദരന്‍ നെഹാല്‍ ദീപക് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,600 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. നെഹാല്‍ മോദിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ലോകമെങ്ങുമുള്ള നിയമപാലകരോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, രാജ്യത്തിനെതിരായ ഭീഷണികള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന നോട്ടീസുകളില്‍ പ്രധാനപ്പെട്ടതാണിത്. ലോകത്തെവിടെ വെച്ചും കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അതാതു രാജ്യത്തെ പോലീസിന് റെഡ് കോര്‍ണര്‍ നോട്ടീസ് അനുവാദം നല്‍കുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് ബെല്‍ജിയം പൗരനായ നെഹാല്‍ ദീപക് മോദിക്കായി ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പിഎന്‍ബി വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിക്കുന്നതിനും നീരവ് മോദിയെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുന്നതിനും നെഹാല്‍ സഹായിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയയറക്ടറേറ്റ് ഇന്റര്‍ പോളിനെ സമീപിക്കുകയായിരുന്നു.
ദുബായ്, ഹോങ് കോങ് എന്നിവിടങ്ങളിലുള്ള ഡമ്മി ഡയറക്ടര്‍മാരുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതും ഇവര്‍ക്ക് കെയ്‌റോയിലേക്ക് കടക്കാന്‍ ടിക്കറ്റ് തരപ്പെടുത്തി നല്‍കിയതും നേഹല്‍ മോദിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നീരവ് മോദിയുടെ പ്രധാന വജ്ര വ്യാപാര കമ്പനിയായ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍ നാഷണലിന്റെ ഡയറക്ടറായിരുന്നു നെഹാല്‍ ദീപക് മോദി. ഫയര്‍ സ്റ്റാര്‍ ഡയമണ്ട് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ബെല്‍ജിയന്‍ പൗരത്വമുള്ള നെഹാല്‍ മോദി ന്യൂയോര്‍ക്ക് നഗരത്തിലാണ് താമസം എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുള്ള സൂചന. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തട്ടിപ്പു നടത്തിയ പണം ഉപയോഗിച്ച് നീരവ് മോദിക്കു വേണ്ടി സ്വത്തുക്കള്‍ വാങ്ങി സ്ഥാപിച്ച ഇറ്റാക്ക ട്രസ്റ്റിലും പങ്കാളിയാണ് നേഹല്‍ ദീപക് മോദി എന്നാണ് അന്വേഷണ വൃത്തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സൂചന.
പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നീരവ് മോദി നിലവില്‍ ലണ്ടനിലെ ജയിലില്‍ കഴിയുകയാണ്. അറസ്റ്റിലായ ശേഷം പലതവണ നീരവ് മോദി ജാമ്യം നേടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പ് പുറത്തു വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ശതകോടീശ്വരനായ നീരവ് മോദിയും സഹോദരന്‍ നേഹലും ഇവരുടെ അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് പ്രൊമോട്ടറുമായ മെഹുല്‍ ചോക്സിയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍നിന്നു മുങ്ങിയത്. നീരവ് മോദിക്ക് തട്ടിപ്പ് നടത്താനും തെളിവ് നശിപ്പിക്കാനും സഹോദരനായ നെഹാലും കുടുംബവും ഉള്‍പ്പെടെ കൂട്ടുനിന്നതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.