Wed. Nov 6th, 2024
ന്യൂഡല്‍ഹി:

ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കുന്നത് അന്വേഷണത്തെ തടസപ്പെടുത്തും. ഇത് സാധ്യമല്ലെന്നും നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു പറഞ്ഞു.

ഇതേത്തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജി കേരളാ ഹൈക്കോടതി തള്ളിയിരുന്നു.

ജാസ്മിന്‍ ഷായും ഭാര്യയും ഉള്‍പ്പടെ എട്ടു പേരാണ് സാമ്പത്തിക തട്ടിപ്പു കേസില്‍ ഇപ്പോള്‍ പ്രതികളായിട്ടുള്ളത്. ജാസ്മിന്‍ ഷാ ഒന്നാം പ്രതിയും ഭാര്യ ഷബ്‌ന എട്ടാം പ്രതിയുമാണ്. സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷബ്‌നയെയും കേസില്‍ പ്രതിയാക്കിയത്.

2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ സംഘടനയുടെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിയോളം രൂപ ജാസ്മിന്‍ ഷാ അടക്കമുള്ള ഭാരവാഹികള്‍ തട്ടിയെടുത്തു എന്നാണ് പരാതി. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് എന്നും പരാതിയില്‍ പറഞ്ഞിരുന്നു

ഇതിനിടെ ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, എന്നിവരുള്‍പ്പെടെ നാല് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് തോനും ദിവസം മുമ്പ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടി എന്നാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസില്‍ പറഞ്ഞിരുന്നത്. വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടനടി പൊലീസില്‍ വിവരമറിയിക്കണമെന്നും പറഞ്ഞിരുന്നു. ജാസ്മിന്‍ ഷാ ഒളിവിലാണെന്നാണ് ഹൈക്കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്. അതേസമയം താന്‍ വിദേശത്താണെന്നും ഒളിവില്‍ പോയിട്ടില്ലെന്നും ജാസ്മിന്‍ ഷാ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *